സംഗീതഗുരുവിന്റെ ഓണ വിശേഷങ്ങൾ

Date:

‘സരോവരം’ വീടിന്റെ സ്വീകരണമുറിയിൽ എന്നത്തെയും പോലെ തിരക്കാണ്. ഹാർമോണിയത്തിലൂടെ സ്വരങ്ങൾ തെളിയിച്ച് ഭാവസാന്ദ്രമായി വിദ്യാധരൻ മാസ്റ്റർ പാടുകയാണ്, ‘കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ…’ അളവില്ലാത്ത സന്തോഷത്തിന്റെ മിഥുനമാസപകലിൽ ചെറുമഴപോലെ ഗാനങ്ങൾ പിന്നെയും പിന്നെയുമായി നിറയുന്നു. ചോദ്യങ്ങൾക്ക് ശ്രമിക്കാതെ ശ്രോതാവായി തുടരുമ്പോൾ, പറത്തൂക്കംപറമ്പിൽ ശങ്കരൻ- തങ്കമ്മ ദമ്പതികളുടെ ഏഴുമക്കളിലെ കടിഞ്ഞൂൽ പുത്രനായി നമുക്ക് കിട്ടിയ ഈ സംഗീതഗുരു താളവട്ടങ്ങളുടെ ചാരുതയോടെ പാടിയും പറഞ്ഞും തന്നുകൊണ്ടേയിരുന്നു..
തൃശ്ശൂരിലെ പെരുവനം ഗ്രാമത്തിന് ഓണം ഓർമ്മകളിലെ സദ്യവട്ടങ്ങൾ പോലെയാണ്. മണ്ണിന്റെ മണമുള്ള മനുഷ്യരുടെ ഹൃദയമിടിപ്പിലെ പഞ്ഞക്കർക്കിടകത്തിനു ശേഷം തെളിയുന്ന ഓണനിലാവ്! രാഗഭാവങ്ങളുടെ ഗരിമയിൽ സമ്പന്നമായ ഓണത്തിന്റെ ഓർമ്മകളെ തൊട്ടെടുത്ത് മാസ്റ്റർ വീണ്ടും പാടി,’ഓണമാണ്… വീണ്ടും ഓണമാണ്…’ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ഓണനാളിൽ വൈറലായ ഈ ഗാനത്തിന്റെ ശില്പിയും വിദ്യാധരൻ മാസ്റ്ററാണ്.1964 മുതൽ മലയാളസിനിമാ ഗാനരംഗത്ത് അമൂല്യങ്ങളായ ഗാനങ്ങൾ സമ്മാനിച്ച മാസ്റ്ററോടൊപ്പം രാഗസഞ്ചാരവഴിയിൽ നമുക്കും ചേരാം.


‘വിദ്യ’ ധരിക്കും സമയത്തെ ഒളിച്ചോട്ടത്തിലേയ്ക്ക്..


സംഗീതപാരമ്പര്യമുള്ള പറത്തൂക്കം പറമ്പിലെ കൊച്ചു വിദ്യാധരനും പാടിത്തുടങ്ങിയത് അതിശയോക്തി ഇല്ലാത്ത കാര്യമാണ്. അച്ഛൻ ശങ്കരനും മുത്തച്ഛൻ കൊച്ചക്കൻ ആശാനും സംഗീതരംഗത്തെ ആദ്യ ഗുരുക്കന്മാരായി.  പഠനകാലത്തുതന്നെ പ്രതിഭകൊണ്ട് നാട്ടിൽ  പ്രശസ്തിയിലേയ്ക്കുയർന്ന വിദ്യാധരന് പഠനത്തേക്കാൾ മികവ് സംഗീതത്തോടായിരുന്നു. നാട്ടിലെ സംഗീതപരിപാടികൾക്കും നാടകങ്ങൾക്കും സ്‌കൂൾ മത്സരങ്ങൾക്കും ഒക്കെ സജീവമായ കലാകാരന്റെ മനസ്സിലെ സംഗീതകാരന് ഈണങ്ങളുടെ രാജകുമാരനായ ദേവരാജൻ മാഷിനോട് ആരാധന കടുത്തുവന്നു.


എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മനസ്സിലെ സംഗീതത്തിന്റെ  മാന്ത്രികത സിനിമയിലേയ്ക്ക് സന്നിവേശിപ്പിക്കാനും ആരാധ്യനായ ദേവരാജൻ മാഷ് അടക്കമുള്ള സംഗീതസംവിധായകരുടെ വഴിയിലേക്ക് നടന്നടുക്കാനും എന്നോണം വിദ്യാർത്ഥിയായ വിദ്യാധരനും സഹോദരതുല്യനായ ഒരു സ്വന്തക്കാരനും ചേർന്ന് ചെന്നൈയിലേക്ക് ഒളിച്ചോടി. മഹാനഗരത്തിലൂടെ പ്രതീക്ഷകളുമായി രണ്ടു കൗമാരക്കാർ ഭയാശങ്കകളില്ലാതെ എത്തിയത് രാമദേവൻ എന്നപേരുള്ള വകയിലെ ഒരമ്മാവന്റെ വസതിയിലേക്കായിരുന്നു. ഒറ്റയ്ക്ക് ചെന്നൈയിൽ താമസവും ജോലിയുമായി തുടരുന്ന അമ്മാവന്റെ  അന്വേഷണങ്ങളിലൂടെയും പരിചയപ്പെടുത്തലിലൂടെയും അവർ ചെന്നൈ കേരള സമാജത്തിന്റെ അണിയറയിലേക്ക് എത്തി. അങ്ങനെയൊരു ഓണക്കാലത്ത് സുവർണ്ണസ്വപ്‌നങ്ങളുടെ സാക്ഷാത്കാരം എന്നപോലെ കേരളസമാജത്തിന്റെ സംഗീതവിഭാഗത്തിന്റെ പാട്ടൊരുക്കുന്നതിലേക്ക് ഏറെ മോഹിച്ച സംഗീതവിസ്മയം എത്തിച്ചേർന്നു. അതെ, സാക്ഷാൽ ദേവരാജൻ മാഷ്!


പരിചയവും അടുപ്പവും സംഗീതത്തിലൂടെ വഴിയെ വളരുകയും ദേവരാജസംഗീതത്തിലൂടെ ആദ്യമായി സിനിമാപിന്നണിഗാനം പാടാൻ അവസരമുണ്ടാകുകയും ചെയ്തു. കാലം കാത്തുവച്ച കാവ്യനീതിപോലെ വിദ്യാധരനിലെ സംഗീതപ്രതിഭയെ ദേവരാജൻ അടക്കമുളള പ്രതിഭകൾ തിരിച്ചറിഞ്ഞു. ഗുരുശിഷ്യബന്ധത്തിലുപരിയായി ദേവരാജൻ മാഷിന്റെ സ്‌നേഹോപദേശങ്ങൾ സ്വീകരിച്ച് ചെന്നൈയിൽ നിന്നും വീണ്ടും ഉപരിപഠനത്തിനായി തൃശ്ശൂരിലേക്ക്. യൗവനത്തിന്റെ സംഗീതസുഗന്ധം സ്വീകരിക്കുകയും പകരുകയും ചെയ്ത സംഗീതത്തിന്റെ തുടർപഠനം പ്രത്യേകതകൾ ഏറെയുള്ളവയായിരുന്നു.


‘മഞ്ഞ ടൗവലിട്ടു മൂടിയ ഹാർമോണിയം’


ചെന്നൈ എന്ന സിനിമാനഗരത്തിന്റെ ഒരു ലോഡ്ജു മുറിയിൽ അടക്കാനാവാത്ത ആവേശത്തോടെ കയറിച്ചെല്ലുമ്പോൾ ആദ്യം കണ്ണിലുടക്കിയത് മഞ്ഞ ടൗവലിട്ടു മൂടിയ ഒരു ഹാർമോണിയമായിരുന്നു. പിന്നാലെ മുറിക്കയ്യൻ ബനിയൻ ധരിച്ച ഒരു പുരുഷരൂപം! താൻ മനസ്സിലാരാധിച്ച ദേവരാജൻ മാഷായിരുന്നു അദ്ദേഹമെന്നും മലയാളം കേട്ട സംഗീതംപിറന്ന ഹാർമോണിയമായിരുന്നു അതെന്നും മനസ്സിലാക്കാൻ പിന്നെയും ദിവസങ്ങളെടുത്തു.


മാഷിന്റെ ഉപദേശങ്ങൾ മറക്കാത്ത മനസ്സിൽ വീണ്ടും ഗുരുനാഥൻമാരുണ്ടായി വന്നു. വൈദ്യനാഥ ഭാഗവതർ എന്ന
പ്രതിഭയുടെ ശിഷ്യനായി തുടർപഠനവും സംഗീതപ്രവർത്തനവും നാട്ടിൽ നടന്നുവരുമ്പോഴായിരുന്നു കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ ‘കേരളകലാമന്ദിരം’ എന്ന സ്ഥാപനത്തിലേക്ക് ഹാർമോണിസ്റ്റായി വിദ്യാധരൻ എന്ന യുവാവിന്റെ രംഗപ്രവേശം.
തുടർന്ന് എണ്ണത്തിലേറെ നാടകങ്ങളും ബാലെകളുമൊക്കെയായി സംഗീതജീവിതം. അങ്ങനെ  കേരള കലാമന്ദിരത്തിലെ ജീവിതത്തിൽ അസാമാന്യപ്രതിഭയും ചൈതന്യമുള്ള മനസ്സിനുടമയുമായ അർജ്ജുനൻ മാസ്റ്ററെ ഗുരുനാഥനായി ലഭിക്കുകയും അദ്ദേഹത്തോടൊപ്പം അനവധി പാട്ടൊരുക്കങ്ങൾക്കും പശ്ചാത്തലസംഗീതങ്ങൾക്കുമായി അണിയറ ഒരുങ്ങുകയും ചെയ്തു. മാഷിന്റെ അഭാവത്തിൽ ചെയ്ത സ്വന്തമായ സംഗീതസംവിധാനത്തെ അർജ്ജുനൻ മാസ്റ്റർ അഭിമാനത്തോടെ അംഗീകരിക്കുകയും മകനോടെന്നപോലെയുള്ള വാത്സല്യത്താൽ വിദ്യാധരനിലെ പ്രതിഭയെ അഭിനന്ദിക്കുകയുമായിരുന്നു.


സമൃദ്ധമായ നാടകബന്ധങ്ങൾ തഴച്ചു വളരുകയും വഴിനീളെയുള്ള പോസ്റ്ററുകളിലെല്ലാം പ്രശസ്തരോടൊപ്പം സംഗീതം- വിദ്യാധരൻ എന്ന് തെളിഞ്ഞുതുടങ്ങുകയുമായി. എണ്ണത്തിലധികം വർക്കുകളുമായും സംഗീത പഠനവുമായും നീങ്ങിയ വിദ്യാധരൻ എന്ന യുവസംഗീത സംവിധായകനിലേക്ക് അങ്ങനെ സ്വപ്‌നം പോലെ മലയാള സിനിമയും എത്തിച്ചേരുകയായി രുന്നു.


എന്റെ ഗ്രാമത്തിലെ
കല്പാന്തകാലത്തോളം…


നാടറിയുന്ന സംഗീതസംവിധായകൻ അങ്ങനെ കേരളമറിയുന്ന വിദ്യാധരൻ മാസ്റ്ററിലേക്ക് എത്തുകയെന്നത് അനിവാര്യതയായിരുന്നു. സുഹൃത്തും നാടകപ്രവർത്തകനുമായ ശ്രീമൂലനഗരം വിജയൻ സംവിധാനം നിർവ്വഹിച്ച ‘എന്റെ ഗ്രാമം’ എന്ന സിനിമയിലുടെ മലയാളസിനിമയ്ക്ക് പ്രതിഭാധനനായ ഒരു സംഗീതസംവിധായകനെ ലഭിച്ചു.


യേശുദാസ് പാടിയ സൂപ്പർഹിറ്റ് ഗാനം ‘കല്പാന്തകാലത്തോളം’, വാണി ജയറാം ആലപിച്ച ‘വീണാപാണിനി’, അമ്പിളിയും യേശുദാസും ഒരുമിച്ച ‘മണിനാഗത്താൻമാരെ,’ സി.ഒ. ആന്റോ ശബ്ദം പകർന്ന ‘പത്തായംപോലത്തെ’ എന്നിങ്ങനെ നാലു ഹിറ്റ്ഗാനങ്ങളുമായി മലയാളസിനിമയുടെ സംഗീതരംഗത്ത് വിദ്യാധരൻ മാസ്റ്റർ നിലയുറപ്പിച്ചു. ഗുരുത്വവും സംഗീതബോധവും നിറഞ്ഞ ജീവിതത്തിൽ പിന്നീട് വിജയങ്ങളുടെ നാൾവഴികളായി.


ചന്ദനം മണക്കുന്ന പൂന്തോട്ടം, സ്വപ്‌നങ്ങളൊക്കെയും പങ്കുവയ്ക്കാം, നഷ്ടസ്വർഗ്ഗങ്ങളേ, പാടുവാനായ് വന്നു നിന്റെ, താലോലം പൈതൽ എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകളിലൂടെ മാഷ് മലയാളത്തിന്റെ സ്വന്തം വിദ്യാധരൻ മാസ്റ്ററായി.നൂറോളം സിനിമകളും നാനൂറോളം നാടകങ്ങളും നാനൂറ്റി അമ്പതോളം ആൽബങ്ങളും ഭക്തിഗാനങ്ങളുമായി മാഷ് നമുക്കൊപ്പം സന്തോഷപൂർവ്വം തുടരുന്നുണ്ട്. 1964 മുതൽ മലയാളത്തിൽ സജീവമായ ഈ മഹാപ്രതിഭയെ അർഹതയുളള അംഗീകാരവുമായി ഗവൺമെന്റ് ആദരിച്ചിട്ടുണ്ടോ എന്നത് ആവർത്തിച്ചാലോചിക്കേണ്ടതുണ്ട്.


കണ്ണുനട്ട് കാത്തിരുന്നിട്ടും…


1984 മുതലുള്ള തിരക്കിട്ട സിനിമാജീവിതം, അസംഖ്യം ഗാനങ്ങൾ, പത്തിലധികം ചിത്രങ്ങളിലെ അഭിനയജീവിതം, ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’എന്ന ഹിറ്റുഗാനത്തിന്റെ ആലാപനമടക്കം എണ്ണത്തിലേറെ ആലാപനമികവിന് ഉദാഹരണമായി ഒരുപിടി മധുരഗാനങ്ങൾ. യേശുദാസും ചിത്രയും ജയചന്ദ്രനുമടക്കമുളള ഗായകരുമായി ചേർന്ന സംഗീതവസന്തങ്ങൾ.
എന്നിട്ടും സിനിമാക്കാരന്റെയോ മഹാപ്രതിഭയുടെ തലക്കനമോ ഇല്ലാതെ ആറാട്ടുപുഴയിലെ സരോവരത്തിൽ മനസ്സുനിറയെ സംഗീതവുമായി ഇനിയും കലാകൈരളിക്ക് ഗാനനിവേദ്യങ്ങളുമായി മാഷ് നമുക്കൊപ്പമുണ്ട്.


2004ലെ കേരളസംഗീതനാടക അക്കാഡമി പുരസ്‌കാരം, 2017ൽ ഓൾ കേരള മാപ്പിളസംഗീത അക്കാഡമിയുടെ ജി. ദേവരാജൻ മാസ്റ്റർ അവാർഡ്, കേളി കൾച്ചറൽ ഫോറം മുംബൈയുടെ സുധാംശു പുരസ്‌കാരം, എണ്ണത്തിലധികമുള്ള പ്രാദേശിക പുരസ്‌കാരങ്ങൾ എന്നിങ്ങനെയുള്ള  ആദരങ്ങൾക്കും ഈ പ്രതിഭ പാത്രമായിട്ടുണ്ട്.


സ്വതസിദ്ധമായ ആലാപനത്തിലൂടെയും സംഗീതത്തിലൂടെയും അമ്പരപ്പിച്ച വിദ്യാധരൻ മാസ്റ്ററുടെ ഓണസ്മരണകൾക്ക് നോവിന്റെ പാട് സമ്മാനിച്ചാണ് കഴിഞ്ഞ പ്രളയം പോയത്. മാസ്റ്ററുടെ ആദ്യകാല വർക്കുകൾ ഉൾപ്പെടെയുള്ള ഫയൽകോപ്പികൾ പ്രളയത്തിലൊലിച്ചുപോയി. മുക്കാൽ നൂറ്റാണ്ടിലേറെയായി ഹാർമോണിയത്തിന്റെ മധുരത്തോടെ സംഗീതം ഉപാസിക്കുന്ന മാസ്റ്ററോടൊപ്പം ഭാര്യ ലീലയും മക്കൾ സംഗീതയും സജിത്തും അവരുടെ കുഞ്ഞുമക്കളും ഉണ്ട്.


പാടിയും പാട്ട് പകർന്നും അഭിനയമില്ലാതെ ചിരിച്ചും മലയാളമണ്ണിന്റെ അഭിമാനമായ മഹാപ്രതിഭ ഇനിയുമേറെ സൃഷ്ടികളുമായി ഈ മഹാമാരിക്കാലത്തും സുഖമുളള സംഗീതം നമുക്ക് നൽകട്ടെ!

More like this
Related

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ...

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ....

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ...

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...
error: Content is protected !!