അതിജീവനത്തിന്റെ കരുത്തു കാട്ടി ലോകം വീണ്ടും പഴയതുപോലെയായിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ തിരിച്ചുപോകാനുളള ശ്രമം ആരംഭിച്ചിരിക്കുന്നു. സാധാരണപോലെയുള്ള ഒരു ജീവിതത്തിന് ഇപ്പോൾ അലങ്കാരമായി മുഖാവരണം ഉണ്ട് എന്നതൊഴിച്ചാൽ വലിയ സങ്കീർണ്ണതകളോ ആകുലതകളോ നാം നേരിടുന്നില്ലെന്ന് തോന്നുന്നു.
ലോകം മുഴുവന്റെയും ഈ അതിജീവനമുന്നേറ്റത്തിനൊപ്പം ഒപ്പവും പങ്കുചേരുകയാണ്. ഈ ലക്കം മുതൽ ഒപ്പം അച്ചടി പുനരാരംഭിച്ചിരിക്കുന്നു.
കോവിഡ് മൂലം കഴിഞ്ഞ മാർച്ച് മുതൽ നമ്മുടെ രാജ്യം ലോക്ക് ഡൗണിലായപ്പോൾ അതിന്റെ പ്രതിസന്ധികൾ ഒപ്പത്തെയും ബാധിച്ചിരുന്നു. പ്രിന്റിംങ്, വിതരണം തുടങ്ങിയ പല കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന അവസരത്തിൽ അച്ചടി നിർത്തിവയ്ക്കാൻ മറ്റ് പല മുൻകിട പ്രസിദ്ധീകരണങ്ങളെപ്പോലെ ഒപ്പവും നിർബന്ധിതമായി. എങ്കിലും ഡിജിറ്റൽ ഫോർമാറ്റിലും ഓൺലൈനിലും ഒപ്പം മുന്നോട്ടുകുതിക്കുക തന്നെയായിരുന്നു. പക്ഷേ ഒപ്പത്തെ അച്ചടി രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നവർ ഏറെയായിരുന്നു. അവരുടെ ആഗ്രഹവും പ്രോത്സാഹനവും അഭ്യർത്ഥനയും കണക്കിലെടുത്തുകൊണ്ടാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ലക്കം മുതൽ ഒപ്പം വീണ്ടും അച്ചടി ആരംഭിച്ചിരിക്കുന്നത്.
ഇനിമുതൽ ഒപ്പം നിങ്ങളുടെ സ്വീകരണമുറിയിലും വായനാമുറിയിലും ഒപ്പമുണ്ടായിരിക്കട്ടെ.
ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്
