‘നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.’
എവിടെയോ വായിച്ച, ആരുടെയോ ഉദ്ധരണിയാണ് ഇത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ സംബന്ധിച്ച് വളരെ പ്രസക്തമായ ഒന്നാണ് ഈ വാക്കുകൾ. നമ്മളിൽ ചിലർ ജീവിക്കുന്നത് ദു:ഖം ചുമന്നുകൊണ്ടാണ്. ആ ദു:ഖങ്ങളാകട്ടെ എപ്പോഴും ഭൂതകാലത്തെക്കുറിച്ചോർത്തായിരിക്കും. ചില നഷ്ടങ്ങൾ, വേർപാടുകൾ, വിരഹങ്ങൾ.ആഘാതങ്ങൾ..ശരിയാണ് പൂർണ്ണമായും നമുക്ക് ഭൂതകാലത്തെ മറക്കാൻ കഴിയില്ല. ചില ഓർമ്മകൾ കണ്ണു നനയ്ക്കുന്നവ തന്നെയാണ്. പക്ഷേ അവയെ താലോലിച്ചിരുന്നാൽ നമ്മൾ ചിരിക്കാൻ തന്നെ മറന്നുപോകും. അതുകൊണ്ട് ഭൂതകാലത്തെ അതിന്റേതായ വഴിക്കുവിടുക.
വേറെ ചിലർ അകാരണമായി ടെൻഷനടിക്കുന്നവരാണ്. അതായത് നാളെയെക്കുറിച്ചോർത്ത്..നാളെ എന്തു സംഭവിക്കുമെന്നോർത്ത്.. പരാജയപ്പെടുമോ, വിജയിക്കുമോ, പിന്തള്ളപ്പെടുമോ, നഷ്ടമുണ്ടാവുമോ.. ശരിയാണ് നാളെയെക്കുറിച്ച് നമുക്ക് ചിന്തിക്കാതിരിക്കാനാവില്ല. ചില പ്രായോഗികസമീപനവും വിലയിരുത്തലും പദ്ധതികളും നല്ലതുതന്നെ. എന്നാൽ അകാരണമായ ടെൻഷനുകളിൽ തളയ്ക്കപ്പെടുമ്പോൾ നാം ജീവിതത്തിന്റെ സൗന്ദര്യം മറന്നുപോകുന്നു.
വേറെ ചിലരുടെ മനസ്സ് വളരെ സ്വച്ഛമായിരിക്കും, ശാന്തമായിരിക്കും. സമാധാനഭരിതമായിരിക്കും. അവർ ജീവിക്കുന്നത് വർത്തമാനകാലത്തിലാണ്. നാളെയെക്കുറിച്ചോ ഇന്നലെകളെക്കുറിച്ചോ അവർക്ക് അത്യധികമായ ഭാരങ്ങളില്ല. എന്നാൽ ഇന്നിന്റെ സന്തോഷങ്ങളെ അവർ ഒഴിവാക്കുന്നില്ല. അവർ ഇന്നലെകളെക്കുറിച്ചും നാളെകളെക്കുറിച്ചും ചിന്തിക്കുന്നവർ തന്നെ. പക്ഷേ അവ തങ്ങളെ കീഴടക്കാൻ അവർ സമ്മതിക്കുന്നില്ല.
ഇതിൽ ഏതുവിഭാഗത്തിലാണ് നാം പെടുന്നത്? ഓരോരുത്തരും സ്വയം ചോദിക്കുക. പക്ഷേ ഒരു കാര്യം എല്ലാവരും ഓർമ്മിക്കുക. നമുക്ക് സ്വന്തമായിട്ടുള്ളത് ഇന്നുകൾ മാത്രമാണ്. അതായത് വർത്തമാനം. ഇന്നലെകളെ നമുക്ക് തിരിച്ചുകൊണ്ടുവരാനാവില്ല, നാളെകൾ നമുക്ക് സ്വന്തമാവുമോയെന്ന് തീർച്ചയുമില്ല. പക്ഷേ ഇന്നുണ്ട്. അതായത് ഇന്ന് നാം ജീവിച്ചിരിക്കുന്നുണ്ട്. അതുകൊണ്ട് വർത്തമാനത്തിൽ ജീവിക്കുക അതിന്റെ സന്തോഷങ്ങളിൽ മുഴുകുക.
സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്