ആ പരസ്യത്തിൽ ചോദിക്കുന്നതുപോലെ സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പക്ഷേ എല്ലാവരും സന്തോഷിക്കുന്നുണ്ടോ? സന്തോഷം അർഹിക്കുന്നവരാണെങ്കിലും? വർത്തമാനകാലം മുമ്പ് എന്നത്തെക്കാളും കലുഷിതമാണ് എന്നത് യാഥാർത്ഥ്യമാണ്.  ജീവിതത്തിന്റെ സമസ്തമേഖലകളിലും  കോവിഡ് അത്രത്തോളം ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നാം  കൂടുതലായി അസ്വസ്ഥരാണ്. സന്തോഷിക്കാൻ മറന്നുപോകുന്നവരോ സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്താത്തവരോ ആണ്. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് സന്തോഷത്തെക്കുറിച്ചുള്ള ചില വിചാരങ്ങളുമായി ഈ ലക്കം ഒപ്പം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിവിധ മനുഷ്യാവസ്ഥകളിലൂടെ  ചെറിയ രീതിയിലെങ്കിലും കടന്നുപോയി നമുക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും എന്ന് കണ്ടെത്താനുള്ള വഴികളും മാർഗ്ഗങ്ങളുമാണ്  ഇത്തവണ  ഒപ്പം അന്വേഷിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന വായനക്കാർക്കും പുതിയ വായനക്കാർക്കും അക്കാരണത്താൽ തന്നെ ഒക്ടോബർ ലക്കം വ്യത്യസ്തമായ അനുഭവമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഇതോട് ബന്ധപ്പെടുത്തി ഒരു കാര്യം കൂടി പങ്കുവയ്ക്കട്ടെ വലിയ കാരണങ്ങൾ കൊണ്ടുമാത്രമല്ല നമുക്ക് സന്തോഷിക്കാൻ കഴിയുന്നത്. കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന് പറയുന്നതുപോലെ ചെറിയ കാരണങ്ങളുടെ പേരിലും നമുക്ക് സന്തോഷിക്കാൻ കഴിയും, കഴിയണം. ഒരു പാട്ടോ ഒരു മഴയോ ഒരു നിലാവോ പോലും നമ്മുടെ ഉള്ളിൽ സന്തോഷം നിറയ്ക്കാനുള്ള കാരണമാകണം.
 ഓരോരുത്തരും സ്വയം ചോദിച്ചുനോക്കട്ടെ, ഞാൻ സന്തുഷ്ടനാണോ, സന്തോഷിക്കാൻ എനിക്ക് കഴിയുന്നുണ്ടോ? എവിടെയാണ്, എങ്ങനെയെല്ലാമാണ് എനിക്കെന്റെ സന്തോഷങ്ങൾ നഷ്ടമാകുന്നത്?
സന്തോഷങ്ങളിലേക്ക് നമുക്ക് സന്തോഷത്തോടെ കടന്നുചെല്ലാം. സന്തോഷമുള്ള മനസ്സിനെ  മറ്റൊന്നിനും പരാജയപ്പെടുത്താൻ കഴിയില്ല.
സന്തോഷത്തോടും സ്നേഹത്തോടും കൂടെ…
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്
സന്തോഷിക്കാനുളള കാരണങ്ങൾ
Date:
