പുതുവർഷത്തിൽ കരിയറിൽ മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ തീർച്ചയായും ചില ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഈ വർഷവും ഞാൻ ഈ ജോലി തുടരണമോയെന്ന ചോദ്യം. ജോലി നമുക്കെല്ലാവർക്കും ആവശ്യമാണ്. ജീവിക്കാൻ ഒരു തൊഴിൽ ആവശ്യത്തെക്കാൾ കൂടുതൽ അത്യാവശ്യമാണ്. പക്ഷേ ഇപ്പോൾ ചെയ്യുന്ന ജോലി പൂർണസംതൃപ്തി നല്കുന്നതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വന്തം കഴിവുകൾ കൂടുതൽ പ്രകടിപ്പിക്കാൻ കഴിയുന്നവിധത്തിലുള്ളതാണോ ഈ ജോലി? ഇതെന്നെ കൂടുതൽ വെളിപെടുത്താനും എക്സ്പ്ലോർ ചെയ്യാനും വഴിയൊരുക്കുന്നതാണോ? ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സന്തോഷമില്ലെങ്കിൽ, ഇനിയും പ്രസ്തുത ജോലിയിൽ തുടരുന്നത് ആത്മവഞ്ചനയായിരിക്കും.
ഏതൊരു ജോലിക്കും രണ്ട് ഘടകങ്ങൾ ആവശ്യമാണ്. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോലി. ചെയ്യുന്ന ജോലിക്ക് ആനുപാതികവും അർഹതയുള്ളതുമായ വേതനം. ഇതുരണ്ടും ഒത്തുപോകേണ്ടതാണ്. ചിലപ്പോൾ ചെയ്യുന്ന ജോലി സന്തോഷമുളളതായിരിക്കും. പക്ഷേ വേതനം തുച്ഛമായിരിക്കും. അവിടെ അസമത്വമുണ്ട്. ജോലിയിലെ അസമത്വം ക്രമേണ മനസ്സ് മടുപ്പിക്കും. വേലയും വേതനവും ഒത്തുപോകുന്നതായിരിക്കണം ജോലി. കഴിഞ്ഞവർഷത്തെക്കാൾ ഞാൻ ജോലിയിൽ മെച്ചപ്പെട്ടിട്ടുണ്ടോ എന്നതാണ് അടുത്ത ചോദ്യം. വർഷംകഴിയും തോറും ചെയ്യുന്ന ജോലിയിൽ നാം വൈദഗ്ദ്യം തെളിയിക്കണം. വർഷങ്ങൾ ഒരേ സ്ഥാപനത്തിൽ ഒരേ ജോലിയിലേർപ്പെട്ടാലും നൈപുണ്യമില്ലാത്തവരും വേഗതയില്ലാത്തവരുമായ പലരുമുണ്ട്. അത്തരക്കാർ ജോലിസംബന്ധമായ തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനാണ് പുതുവർഷത്തിൽ ശ്രദ്ധിക്കേണ്ടത്. ഈ പദവിയിലും ഈ സ്ഥാപനത്തിലും തുടർന്നാൽ പുതിയ വർഷത്തിൽ എനിക്ക് കരിയർഗ്രോത്തോ പ്രമോഷനോ ഉണ്ടാകുമോയെന്നതാണ് അടുത്തതായി പരിശോധിക്കേണ്ടത്. വർഷങ്ങളായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്താലും അർഹിക്കുന്ന പ്രമോഷൻ കിട്ടാതെ പോകുന്ന പലരുമുണ്ട്. റിട്ടയർമെന്റ് ആയാലും അവരുടെ പൊസിഷനോ ചിലപ്പോഴെങ്കിലും സാലറിയോ വ്യത്യാസപ്പെടണമെന്നില്ല.
വളർച്ചയ്ക്കുള്ള അവസരങ്ങൾ അന്വേഷിക്കുക. നല്ലകാലം മുഴുവൻ ചില ഓഫീസുകളിൽ തളയ്ക്കപ്പെട്ടുപോകുന്നവരുണ്ട്. ഏതെങ്കിലുമൊക്കെ ചില ആശയങ്ങളുടെ ബാധ കൂടിയവർ. അതിൽ നിന്ന് മുക്തമായിക്കഴിയുമ്പോഴാണ് നഷ്ടപ്പെടുത്തിക്കളഞ്ഞ കാലത്തെക്കുറിച്ചുള്ള നഷ്ടബോധം അവരെ വേട്ടയാടുന്നത്. അപ്പോഴേയ്ക്കും പുതിയൊരു സാധ്യതയില്ലാത്തവിധത്തിൽ അവർ പിന്തള്ളപ്പെട്ടുപോകും. അതുണ്ടാവാതെയിരിക്കാൻ നല്ലപ്രായത്തിൽ തന്നെ ജോലിയെസംബന്ധിച്ച പുതിയ തീരുമാനങ്ങൾ എടുക്കുക. ഇവിടെ ഇനിയും തുടരണോ.. ഈ പദവിയിൽ തന്നെ എനിക്ക് തുടർന്നാൽ മതിയോ? ഈ ചോദ്യങ്ങൾക്ക് പുതുവർഷത്തിൽ തന്നെ ഉത്തരം കണ്ടെത്തുക. ഇനി മറ്റൊരുവിധത്തിൽ കൂടി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ജോലിയിൽ ശോഭിക്കാൻ കഴിയാതെവരുന്നത്? കരിയറിൽ ഞാൻ നേരിടുന്ന പ്രധാനപ്രശ്നങ്ങൾ എന്തെല്ലാമാണ്? ഒരേപോലെ ഒരേ ജോലിക്ക് കയറിയ രണ്ടുപേർ. ഒരാൾ ഓരോ പടവും ചവിട്ടിക്കയറി ഉയരങ്ങളിലെത്തുന്നു. മറ്റെയാൾ നിന്ന ഇടത്തുതന്നെ നില്ക്കുന്നു. എവിടെയാണ് പാളിച്ചസംഭവിച്ചത്? കരിയറിലെ പാളിച്ചകൾ കണ്ടെത്തി തിരുത്തുക. ഞാൻ ചെയ്യുന്നത് എപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്റെ പിഴവുകൾ കണ്ടെത്തുമ്പോഴും അത് തിരുത്താൻ തയ്യാറാകുമ്പോഴുമാണ് കരിയറിൽ എനിക്ക് ശോഭിക്കാൻ കഴിയുന്നത്.
കരിയർ മാറുന്നത് അക്ഷന്തവ്യമായ തെറ്റല്ല. ചിലപ്പോൾ താല്ക്കാലികമായ പ്രതിസന്ധി നേരിട്ടേക്കാം. അതിനെ നേരിടേണ്ടത് സ്വന്തം കഴിവിലുള്ള വിശ്വാസംകൊണ്ടും പ്രയത്നംകൊണ്ടുമാണ്. ഏതെങ്കിലും കാരണത്താൽ ഇപ്പോഴത്തെ ജോലി സന്തോഷവും സംതൃപ്തിയും നല്കുന്നില്ലെങ്കിൽ അതു മാറാൻ മടിക്കേണ്ടതില്ല. പക്ഷേ തന്നെ ആശ്രയിച്ചുജീവിക്കുന്നവരെ പെരുവഴിയിലാക്കിക്കൊണ്ട് കഠിനമായ തീരുമാനങ്ങൾ എടുക്കാതെ പ്രായോഗികമായ ജ്ഞാനവും പ്രയോജനപ്പെടുത്താൻ മറക്കരുത്.
