ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം തട്ടിത്തടഞ്ഞ് വീണും എഴുന്നേറ്റുമാണ് കുഞ്ഞ് നടക്കാൻ പഠിക്കുന്നതും നടന്നുതുടങ്ങുന്ന തും. ഒരു ചെറിയ തീപ്പൊരിയാണ് അഗ്‌നിപ്രളയമാകുന്നത്. ഒരു ചെറിയ നീരുറവയാണ് വറ്റാത്ത കിണറാകുന്നത്. ഒന്നാമത്തെ പടിയിൽ നിന്നാണ് നൂറ്റൊന്നാമത്തെ പടിയിലെത്തുന്നത്. ഒരു മരത്തിൽ നിന്നാണ് കാടുണ്ടാകുന്നത്.
ചെറിയ ചെറിയ തുടക്കങ്ങളാണ് വലിയ വലിയ സംഭവങ്ങൾക്ക് കാരണമായത്. നൂറ്റാണ്ടുകൾ കൊണ്ട് പലവിധ പരിണാമങ്ങളിലൂടെയും ഘട്ടങ്ങളിലൂടെയും കടന്നുപോയതിനു ശേഷം സംഭവിച്ചതാണ് ഇന്ന് നമ്മൾകാണുന്ന ഈ മാറ്റങ്ങളും പുരോഗതിയുമെല്ലാം. അതുകൊണ്ട് ഏതുകാര്യവും ചെറിയ രീതിയിൽ തുടങ്ങുന്നതാണ് നല്ലത്. ചെറിയ തുടക്കങ്ങൾക്ക് സ്ഥിരതയുണ്ടാവണമെന്നു മാത്രം.
പല തീരുമാനങ്ങളും നടപ്പിലാക്കാൻ കഴിയാത്തതും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതും പ്രാവർത്തികമാക്കാൻ കഴിയാത്ത തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ടാണ്. തീരുമാനമെടുക്കാൻ ആർക്കും സാധിക്കും. പക്ഷേ തീരുമാനം പ്രാവർത്തികമാക്കാൻ അപൂർവ്വം ചിലർക്കേ കഴിയൂ.