സുശാന്തും വിഷാദവും

Date:

ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ വേണമെങ്കിലും അകാരണമായി കടന്നുവരാവുന്ന ഒന്നത്രെ വിഷാദം.  ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സന്തോഷങ്ങളെയും ഒരു നിമിഷം വിഷാദം അപ്രസക്തമാക്കിക്കളയും. ഒന്നിനും വിലയില്ലെന്ന് തോന്നിപ്പോകും.
ബന്ധങ്ങൾ… നേട്ടങ്ങൾ… കഴിവുകൾ… ശരീരം…  ചില സെലിബ്രിറ്റികളുടെ ആത്മഹത്യകൾ വ്യക്തമാക്കുന്നത് അതാണ്. അവർക്ക് പണമുണ്ടായിരുന്നു. സൗന്ദര്യമുണ്ടായിരുന്നു. ആരാധകരുണ്ടായിരുന്നു. ബാഹ്യലോകം നല്ലതെന്നും കൊള്ളാമെന്നും കരുതുന്ന, അസൂയയോടെ നോക്കിപ്പോകുന്ന പലതും ഉണ്ടായിരുന്നിട്ടും വിഷാദത്തിന്റെ കരങ്ങളിൽ അകപ്പെട്ടുപോയവർക്ക് അവയെല്ലാം തുച്ഛവും പുച്ഛമാകുന്നു. അതിന്റെ ഫലമായി ജീവനൊടുക്കുന്നവരെ കാണുമ്പോൾ പൊതുസമൂഹം പറയും, അവർക്കെന്തിന്റെ കുറവായിരുന്നു എന്ന്.
കുറവുണ്ടായതുകൊണ്ടല്ല സുഹൃത്തേ അവർ ആത്മഹത്യ ചെയ്തത്. മറിച്ച് അവരുടെ മനസ്സ് അവർക്ക് തന്നെ പിടികൊടുക്കാതെപോയതുകൊണ്ടാണ്. അതുകൊണ്ട് വിഷാദത്തിന്റെ മൂർദ്ധന്യത്തിൽ ആത്മഹത്യ ചെയ്യുന്നവരെ മറ്റെല്ലാ ആത്മഹത്യയും പോലെ വിലയിരുത്തരുത്.

ബിസിനസിൽ അപ്രതീക്ഷിതമായുണ്ടായ മാന്ദ്യതയുടെ പേരിൽ ആത്മഹത്യ ചെയ്ത കപ്പലു ജോയിയുടെയോ, കോപ്പിയടിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത  കോളജ് വിദ്യാർത്ഥിനിയുടെയോ പോലെ അല്ല സുശാന്ത് രജപുത് എന്ന ഹോളിവുഡ് നടന്റെയും സമാനമായ മറ്റ് ആത്മഹത്യകളെയും കാണേണ്ടത്. വിവാദമായ കൈവെട്ടുകേസിന്റെ ഇരയായി മാറിയ ജോസഫ് സാറിന്റെ ഭാര്യയുടെ ആത്മഹത്യയും മറ്റൊരു ലെവലിൽ വേണം കാണേണ്ടത്. അവരുടെ മനസ്സിൽ ആരുമറിയാതെ സൂക്ഷിക്കുന്ന വിഷാദങ്ങളുടെ അഗ്‌നിപർവ്വതങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ ആരോടും തുറന്നുപറയാൻ കഴിയാത്തത്രവിധത്തിൽ. ആ വിഷാദങ്ങൾ ഒരു ഉരുൾപ്പൊട്ടൽ പോലെ പുറത്തേക്ക് വന്നപ്പോൾ ഒലിച്ചുപോയത് അവരുടെ ജീവിതങ്ങൾ തന്നെയായിരുന്നു. വിഷാദങ്ങളിൽനിറഞ്ഞുള്ള ആത്മഹത്യകൾ ആരോടുമുള്ള വാശിതീർക്കലല്ല, ആരോടുമുള്ള വിദ്വേഷവുമല്ല. തന്നോടുതന്നെയുള്ള നിസ്സംഗതയാണ് അത്. ഇങ്ങനെ എത്രനാൾ ജീവിക്കും എന്ന ഭാരപ്പെടുത്തലാണ്.  ഇങ്ങനെ എന്തിന് ജീവിക്കുന്നുവെന്ന ചോദ്യങ്ങളാണ്.

അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു വിരുന്നുകാരന്റെ മട്ടാണ് വിഷാദങ്ങൾക്ക്. ആതിഥേയനെ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുകളയുന്ന അതിഥിയെ പോലെ വിഷാദം ജീവിതത്തെ മുഴുവൻ ഒരു നിമിഷം ഏറ്റെടുക്കും. സുശാന്തിന്റേതായി പറയപ്പെടുന്ന ട്വീറ്റിലെ ആ വരികൾ എത്രയോ സത്യം. പുരുഷനു കണ്ണീരുണ്ട്. പുരുഷനും കണ്ണീരുണ്ടെന്ന് വഴിക്കവലയിൽ നിന്ന് ഒരു ചാക്കോയോ മാത്തനോ പറഞ്ഞാൽ ഒരുപക്ഷേ ജല്പനം എന്ന രീതിയിൽ നാം അതിനെ തള്ളിക്കളയും. പക്ഷേ പറഞ്ഞത് നാലാൾ അറിയുന്ന, ആരാധകരുള്ള ഒരു വ്യക്തിയായിരുന്നു. അതെ പുരുഷനും കണ്ണീരുണ്ട്. അവന്റെ മനസ്സിൽ സങ്കടങ്ങളുണ്ട്. ആ സങ്കടങ്ങൾ അവനെ തന്നെ തിന്നാൻ തുടങ്ങുമ്പോൾ അവൻ ജീവിതത്തെ പുറത്തേക്ക് വലിച്ചെറിയും. ഒരാളുടെയും ആശ്വാസത്തിന് കാത്തുനില്ക്കാതെ…

കുറ്റപ്പെടുത്താൻ മറ്റുള്ളവർക്ക് എളുപ്പമാണ്. എന്നാൽ അത്തരം ചില അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവർക്കറിയാം അതെത്രത്തോളം ഭീകരമാണെന്ന്. ലോകം ഇന്നും പ്രചോദനാത്മകമായ പുസ്തകം എന്ന് വാഴ്ത്തുന്ന കിഴവനും കടലും എഴുതിയ ഹെമിങ് വേ ആത്മഹത്യ ചെയ്യുകയായിരുന്നു.  എഴുതി വച്ചവയോ പ്രസംഗിച്ചവയോ കൊണ്ടൊന്നും ഒരാൾക്കും ചിലപ്പോൾ തങ്ങളുടെ ഉള്ളിലെ വിഷാദത്തെ കീഴടക്കാൻ കഴിയണമെന്നില്ല. കീഴടക്കാൻ കഴിയാത്ത
വിഷാദത്തെ കീഴ്പ്പെടുത്താൻ ഒടുവിൽ അവർ തിരഞ്ഞെടുക്കുന്ന വഴിയത്രെ ആത്മഹത്യ. ഉന്മാദത്തിന്റെ അവസ്ഥയിൽ ജീവിതം ഹോമിച്ചവര് ഹെമിങ്ങ് വേയെ പോലെ വേറെയും എത്രയോ പേർ… ഉന്മാദം എന്ന് പറയുന്നത് ചിലപ്പോൾവിഷാദം തന്നെയായിരിക്കും. അതോ വിഷാദം തന്നെയാണോ ഉന്മാദവും.. ആർക്കറിയാം.
എന്തായാലും ഒന്ന് പറയാതിരിക്കാൻ വയ്യ. മനസ്സ് അത് വല്ലാത്തൊരു സംഭവമാണ്. നേർരേഖയിൽ നിന്ന് എപ്പോഴെങ്കിലും പിരിഞ്ഞുപോകാതിരിക്കാൻ കഴിഞ്ഞെങ്കിൽ… അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം.

നിങ്ങൾക്ക് എന്തെല്ലാം ഇല്ലെങ്കിലും എന്തെല്ലാം ഉണ്ടെങ്കിലും മനസ്സ് നിങ്ങളുടെ കൈയിൽ നിയന്ത്രിതമാണെങ്കിൽ… നിങ്ങൾ ഈ ലോകത്തെ കീഴടക്കും. നിങ്ങൾ വിജയിക്കുകയും ചെയ്യും. മനസ്സേ നിനക്ക് വന്ദനം!

More like this
Related

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....
error: Content is protected !!