ആരും നട്ടുവളർത്താതെ തന്നെ വളർന്നു വന്ന
ഒരു പുളിമരം ഉണ്ടായിരുന്നു
എന്റേയും പോളിയുടെയും പറമ്പുകളുടെ അതിരിൽ.
ഞങ്ങളും ചേച്ചിമാരും കൂടി അതിന്റെ ചോട്ടിലിരുന്നു
മണ്ണപ്പം ചുട്ടും കുഞ്ഞിപ്പെര കെട്ടിയും
കളിക്കുമായിരുന്നു അന്ന്.
ചാറ്റൽമഴയും വെയിലും കൊള്ളിക്കാതെ
മരം ഒരു കുടയായി വിരിഞ്ഞു നിൽക്കുമായിരുന്നു
അപ്പോഴൊക്കെ.
ഞങ്ങളുടെ അമ്മച്ചിമാർ ആ മരത്തിന്റെ
അപ്പുറവും ഇപ്പുറവും നിന്നാണ് നാട്ടിലെ
വിശേഷങ്ങൾ പങ്കു വയ്ക്കാറുള്ളത്.
ഞങ്ങൾ വളർന്നു വരുന്നതനുസരിച്ച്
പുളിമരവും വളരാൻ തുടങ്ങി.
പത്താം ക്ലാസ്സു കഴിഞ്ഞ് ചേച്ചിമാർ
കോളേജിൽ പഠിക്കാൻ പോയി
പത്തിൽ തോറ്റ ഞാനും പോളിയും
രാഘവേട്ടന്റെ വർക്ക് ഷോപ്പിൽ പണിക്ക് പോയിത്തുടങ്ങി.
ആയിടയ്ക്കാണ് പുളിമരത്തിൽ
പുളികൾ ഉണ്ടായി തുടങ്ങിയത്.
ഞങ്ങളുടെ പറമ്പിലേക്ക് നിൽക്കുന്ന
കൊമ്പുകളിലെ പുളികൾ ഞങ്ങൾക്കും
അവരുടെ പറമ്പിലേക്കുള്ളത് അവർക്കുമായിരുന്നു.
അമ്മച്ചിമാർ പുളികളിലെ കുരു കളഞ്ഞ്
ഉരലിലിട്ടിടിച്ച് ചാണയാക്കി സൂക്ഷിച്ചു വയ്ക്കുമായിരുന്നു.
കള്ളുകുടിച്ചു വന്ന അപ്പനാണ്
ഒരിക്കൽ ആദ്യമായി അവകാശപ്പെട്ടത്,
പുളിമരം ഞങ്ങളുടേതാണെന്ന്.
രണ്ടു ദിവസം കഴിഞ്ഞ്, ഷാപ്പിൽ നിന്ന് വന്ന
പോളിയുടെ അപ്പനും പ്രഖ്യാപിച്ചു,
ഒറ്റ പുളിയും ഇനി ഒരാൾക്കും കൊടുക്കില്ല എന്ന്.
പിറ്റേന്ന് മുതൽ പുളിമരത്തിന്റെ പേരും പറഞ്ഞ്
അപ്പന്മാർ തമ്മിൽ വെല്ലുവിളിയായി.
ഞങ്ങളും അമ്മച്ചിമാരും സങ്കടത്തോടെയാണെങ്കിലും
അപ്പന്മാരുടെ പക്ഷം പിടിച്ചു.
പുളിമരം ഇതെല്ലാം കണ്ടും കേട്ടും കരഞ്ഞു തളർന്നു.
അവസാനമൊരു ദിവസം
പള്ളിയിൽ നിന്ന് അച്ചൻ ഒത്തുതീർപ്പിനു വന്നു.
അച്ചന് മുന്നിൽ അപ്പന്മാർ
അനുസരണയുള്ള കുഞ്ഞാടുകളായി.
പിറ്റേന്ന് രാവിലെ വന്ന മരംവെട്ടുകാരൻ ബഷീർക്ക
ഞങ്ങളുടെ വഴക്കിനെ അടിയോടെ മുറിച്ചുമാറ്റി.
അപ്പന്മാർ അന്ന് ഒരുമിച്ച്
ഷാപ്പിൽപ്പോയി കള്ളുകുടിച്ചു.
അമ്മച്ചിമാർ അന്ന് ഒരുമിച്ച്
പള്ളിയിൽ പോയി പ്രാർത്ഥിച്ചു .
ചേച്ചിമാർ അന്ന് മനോരമയിലെ നോവലുകളെക്കുറിച്ച്
പറഞ്ഞു കണ്ണീർവാർത്തു.
ഞാനും പോളിയും അന്ന് ജോസ് തീയറ്ററിൽ
സെക്കന്റ് ഷോ കാണാൻ പോയി.
പിറ്റേദിവസം എന്റെ വീട്ടിൽ വച്ച സാമ്പാറിനും
അവന്റെ വീട്ടിൽ വച്ച ഇഞ്ചിക്കറിക്കും
തീരെ പുളിയുണ്ടായിരുന്നില്ല.
ഉപ്പ് വല്ലാതെ കൂടുതലായിരുന്നുതാനും.
അതിർത്തിയിലെ പുളിമരം
Date: