അവർ മുന്നോട്ട് പറക്കട്ടെ…

Date:

മധ്യവർഗ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും പോലെയായിരുന്നു അയാളും. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് നല്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധി. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അയാൾ മക്കളെ നാട്ടിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളിൽ ചേർത്തു. അയാളുടെ പ്രതീക്ഷകളെ സഫലമാക്കിക്കൊണ്ടുതന്നെ മക്കൾ നല്ല രീതിയിൽ പഠിച്ചുവരികയും ചെയ്തിരുന്നു. പക്ഷേ കാലം മുന്നോട്ടുപോയപ്പോൾ അയാളുടെ  എട്ടാം ക്ലാസുകാരനായ മകൻ പഠിത്തത്തിൽ പിന്നോട്ടുപോയി തുടങ്ങി. അതയാളെ ഏറെ നിരാശനാക്കിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഹാഫ് ഇയർലി എക്സാമിന്റെ കുറഞ്ഞുപോയ മാർക്കിനെ ചൊല്ലി  മകനോട് പരാതിയും സങ്കടവും പറഞ്ഞ കൂട്ടത്തിൽ അയാൾ ഇങ്ങനെയും പറഞ്ഞു.

 നിനക്കൊന്നും പണത്തിന്റെ വിലയറിയില്ല. എന്തു കഷ്ടപ്പെട്ടാ പഠിപ്പിക്കുന്നതെന്ന് നിനക്കറിയാമോ? ഒന്നാം ക്ലാസു മുതൽ ഇതുവരെ എത്ര രൂപ മുടക്കിയിട്ടുണ്ടെന്ന്…
ഉടൻ വന്നു എട്ടാം ക്ലാസുകാരന്റെ മറുപടി.

അതിന് ഞാൻ പപ്പയോട് പറഞ്ഞോ ആ സ്കൂളിൽ തന്നെ ചേർക്കാനും പഠിപ്പിക്കാനും? ഞാൻ പറഞ്ഞിട്ടാണോ  പപ്പ എനിക്ക് വേണ്ടി ചെയ്യുന്ന
തെല്ലാം?

ഒരു നിമിഷം ആ അപ്പൻ നിശ്ചലനായി നിന്നുപോയി.
നോക്കൂ, ഇൗ സംഭവത്തിൽ രണ്ടുപേർ പറയുന്നതിലും ശരികളുണ്ട്. അവരവരുടേതായ ശരികൾ. അപ്പന്റെ ഭാഗം നോക്കുമ്പോൾ ശരിയാണ് അയാൾ മക്കളുടെ നല്ല വിദ്യാഭ്യാസത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പക്ഷേ മകൻ പറഞ്ഞിട്ടായിരുന്നില്ല അവനെ അയാൾ ആ സ്കൂളിൽ ചേർത്തത്. മറിച്ച് തനിക്ക് കിട്ടാതെ പോയ സൗഭാഗ്യവും നല്ല വിദ്യാഭ്യാസവും മകന് കിട്ടണമെന്ന് അയാൾ ആഗ്രഹിച്ചു. അതിന് വേണ്ടി അയാൾ മകനെ ആ സ്കൂളിൽ ചേർത്തു
പഠിപ്പിച്ചു.  പല മാതാപിതാക്കളുടെയും സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമാണ് മക്കൾ. തങ്ങൾക്ക് ലഭിക്കാതെപോയതും അനുഭവിക്കാൻ കഴിയാതെ പോയതും മക്കളിലൂടെ അവർ സഫലീകരിക്കാൻ ശ്രമിക്കുന്നു.

ശരിയാണ്, മക്കളുടെ ജീവിതത്തിന്റെ തുടക്കകാലത്ത് അവരുടെ ജീവിതത്തിന്മേൽ മാതാപിതാക്കളാണ് തീരുമാനമെടുക്കുന്നത്. തങ്ങളുടെ ഹിതങ്ങളാണ് അവർ മക്കളിലേക്ക് അടിച്ചേല്പിക്കുന്നത്. അനുസരിക്കാനുള്ള സന്നദ്ധതയും  സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും ഉള്ള സമയത്ത് മക്കൾ അത് അനുസരിച്ചെന്നിരിക്കും. എന്നാൽ മുതിർന്നുകഴിയുമ്പോൾ അവർ അതിനോട് വ്യക്തിപരമായ രീതിയിലോ സാഹചര്യങ്ങളുടെ അവസ്ഥാഭേദമനുസരിച്ചോ വ്യത്യസ്തമായി പ്രതികരിക്കും. തുടക്കത്തിലെഴുതിയ ആ എട്ടാം ക്ലാസുകാരനെ പോലെ. എന്നാൽ അത് മാതാപിതാക്കളെന്ന നിലയിൽ അംഗീകരിക്കാൻ കഴിയില്ല. അപ്പോൾ ആ അപ്പനെ പോലെ അവർ തങ്ങളുടെ കഷ്ടപ്പാടിന്റെ കഥ വിവരിക്കും. അപ്പോഴാണ് മക്കൾ മേൽപ്പറഞ്ഞതുപോലെ പ്രതികരിക്കുന്നത്.

ഒരിക്കലും മാതാപിതാക്കളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികളല്ല മക്കൾ. അവർ മാതാപിതാക്കളുടെ ജീവിതത്തിന്റെ തുടർച്ചയാണെങ്കിലും. മക്കൾ മറ്റൊരു വ്യക്തിയാണ്. അവരെ എപ്പോഴും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറാനോ ജീവിക്കാനോ നിർബന്ധിക്കരുത്. സ്നേഹം കൊടുക്കേണ്ടപ്പോൾ സ്നേഹവും ശിക്ഷ കൊടുക്കേണ്ടപ്പോൾശിക്ഷയും നിർദ്ദേശങ്ങൾ കൊടുക്കേണ്ടപ്പോൾ നിർദ്ദേശങ്ങളും തിരുത്തലുകൾ കൊടുക്കേണ്ടപ്പോൾ തിരുത്തലും കൊടുക്കുക.
മൂല്യങ്ങളെയും സന്മാർഗ്ഗത്തെയും കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുക. വ്യക്തിത്വമുള്ളവരായി വളരാൻ കഴിയുന്നതുപോലെ സാഹചര്യമൊരുക്കുക. വളർത്തിയതിന്റെയും ചെലവു ചെയ്തതിന്റെയും കണക്കുകൾ നമ്മളായിട്ട് അവരോട് പറയാതിരിക്കുക. സ്നേഹമുള്ള ഒരു അമ്മയാണെങ്കിൽ അപ്പൻ തങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്നതിനെക്കുറിച്ച് മക്കൾക്ക് വിശദീകരിച്ചുകൊടുക്കാം. അതുപോലെ പരിഗണനയുള്ള ഒരു അപ്പന് അമ്മ തങ്ങൾക്കു വേണ്ടി വിയർപ്പൊഴുക്കുന്നതിനെക്കുറിച്ച് മക്കളോട് പറഞ്ഞുകൊടുക്കാം.  
പണത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും കുടുംബം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പറയാം. എന്നാൽ അതിനപ്പുറം മാതാപിതാക്കൾ തങ്ങൾക്കുവേണ്ടി ചെലവഴിച്ചതിനെക്കുറിച്ചുള്ള കണക്കുപറച്ചിലുകൾ അവസാനിപ്പിക്കണം. അത് മാതാപിതാക്കളെക്കുറിച്ച് മക്കളുടെ മനസ്സിൽ വില കുറയാനേ ഉപകരിക്കൂ.

നല്ല രീതിയിൽ വളർത്തപ്പെടുന്ന മക്കൾ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എന്നെങ്കിലുമൊരിക്കൽ തിരിച്ചറിയും.അത് തിരിച്ചറിയാതെ പോകുന്നുവെങ്കിൽ അപ്പനെന്ന നിലയിലോ അമ്മയെന്ന നിലയിലോ നിങ്ങൾ പരാജയപ്പെട്ടുവെന്ന് സമാധാനിച്ചാൽ മതി. മക്കളെ കുറ്റപ്പെടുത്തേണ്ടതില്ല. അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന്റെ പേരിൽ ഒരു മകൻ മാതാപിതാക്കൾക്കെതിരെ കേസു കൊടുത്ത വിചിത്രമായ ഒരു കേസ് ഏതാനും നാളുകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒാർമ്മിക്കുന്നു. ഇത് വായിക്കുന്ന ഒരാളെയും അവരുടെ അനുവാദത്തോടെയും സമ്മതത്തോടെയുമായിരുന്നില്ല  മാതാപിതാക്കൾ ജനനം നല്കിയത്.

ഇത് വായിക്കുന്നവർക്ക് മക്കളുണ്ടെങ്കിൽ അവരുടെ അനുവാദം ചോദിച്ചിട്ടല്ല നാം അവർക്ക് ജന്മം നല്കിയതും. ആഗ്രഹിച്ചോ പ്രാർത്ഥിച്ചോ ദാമ്പത്യബന്ധത്തിന്റെ സ്വഭാവിക പരിണതിയായിട്ടോ ഒക്കെ സംഭവിച്ചുപോയതാണ് അത്.  മക്കളെ വളർത്തുന്നതിലൂടെ സ്വന്തം സന്തോഷവും സംതൃപ്തിയുമാണ് നാം തേടുന്നത്. കുഞ്ഞിന് കഥ പറഞ്ഞും കാക്കയെ കാണിച്ചും ഭക്ഷണം ഉൗട്ടി വയറു നിറയ്ക്കുന്ന അമ്മ അനുഭവിക്കുന്നത് ഒരു തരം സംതൃപ്തിയാണ്. മക്കളെ നല്ല വേഷത്തിൽ അണിയിച്ചൊരുക്കി നടത്തിക്കുേമ്പാൾ ഒരു അമ്മ അനുഭവിക്കുന്നതും  അതു തന്നെയാണ്.  

ഒരു കുഞ്ഞ് അപ്പേയെന്നും അമ്മേയെന്നും വിളിക്കുന്നതിലൂടെ നമ്മിലൂടെ ഉണർത്തപ്പെടുന്നത് മാതൃത്വവും പിതൃത്വവുമാണ്. അതുകൊണ്ട് മാതാപിതാക്കളെന്ന നിലയിൽ നാം മക്കളോട് കടപ്പെട്ടിരിക്കുന്നു. കാരണം നമ്മിലെ അവസ്ഥകളെ അവർ ഉണർത്തിയെടുത്തിരിക്കുന്നു.  ജൂൺ എന്ന സിനിമയിൽ ജോജുവിന്റെ  കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ചിലർക്ക് മക്കൾ ആണായാലും പെണ്ണായാലും ഭാരമാണ്. എന്നാലെനിക്ക് എന്റെ മകൾ ഒരിക്കലും അങ്ങനെയല്ല എന്ന്. മക്കൾ ഉത്തരവാദിത്തമാണ്. എന്നാൽ ഒരിക്കലും അവരെ ഭാരമായി കാണരുത്.  
മക്കൾ നല്ലവരാണ്. അവരെ നല്ലതുപോലെ വളർത്തിയാൽ. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന അടിസ്ഥാനമൂല്യങ്ങൾ സ്വന്തം ജീവിതമാതൃകകൾ കൊണ്ടും വീട്ടിലെ പ്രായമായവരോട് കാണിക്കുന്ന മാനുഷിക പരിഗണന കൊണ്ടും മക്കൾ കണ്ടുമനസ്സിലാക്കുമ്പോൾ അവരൊരിക്കലും  ചീത്ത മനുഷ്യരായിമാറില്ല.  മക്കളെക്കുറിച്ച് അധികമായും അമിതമായും പ്രതീക്ഷകൾ വച്ചു പുലർത്തുന്നതുകൊണ്ടാണ് ചില മാതാപിതാക്കളെങ്കിലും അമ്പേ നിരാശപ്പെട്ടുപോകുന്നത്.  നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരല്ല മക്കൾ. അവർക്ക് അവരുടെ സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങളെ പൂർത്തിയാക്കാൻ അവർക്ക് അവസരം കൊടുക്കുക. അന്തരിച്ച ഡി. ബാബുപോൾ മക്കളോടായി പറഞ്ഞ ഒരു വാചകം പ്രശസ്തമാണല്ലോ, നിങ്ങൾ വണ്ടിയോടിച്ച് മുന്നോട്ടുപൊയ്ക്കോളൂ, പുറകിൽ ഞാനുണ്ടോയെന്ന് ഇടയ്ക്ക് ഒന്ന് നോക്കിയാൽ മതി.  

പുതിയ തലമുറയിലെ മാതാപിതാക്കളെങ്കിലും ഇൗ രീതിയിലേക്ക് തങ്ങളുടെ ജീവിതത്തെ മാറ്റിപണിയുകയാണെങ്കിൽ അവർക്കും മാതാപിതാക്കൾക്കും അത് ഒന്നുപോലെ ഗുണകരമായിരിക്കുമെന്ന് തോന്നുന്നു. അതെ, മക്കളെ അവരുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിട്ടുകൊടുത്തിട്ട് മാറിനില്ക്കുക. മക്കളിൽ അമിതമായി ആശ്രയിക്കാതെ സ്വയം  പര്യാപ്തത കൈവരിക്കുക.നിങ്ങളുടെ സ്വപ്നങ്ങൾ മക്കളിൽ അടിച്ചേല്പിച്ചിട്ട് ആ സ്വപ്നം സാധ്യമാകാതെ വരുമ്പോൾ അതിന്റെ പേരിൽ മക്കളോട് കാർക്കശ്യം പുലർത്താതെ മക്കളുടെ സ്വപ്നങ്ങൾക്കു വേണ്ടി നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്ന് കണ്ടെത്തുക. മക്കൾക്ക് മൂല്യബോധവും നന്മയും പകർന്നുനല്കിയതിന് ശേഷം അവരെ തങ്ങളുടെ സ്വാർത്ഥതയ്ക്കുവേണ്ടി പിടിച്ചുനിർത്താതെയും അവരുടെ വഴികൾക്ക് പ്രതിബന്ധമാകാതെയും മാറിനില്ക്കുക. മക്കൾ പറക്കട്ടെ.

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...
error: Content is protected !!