എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ ഭാവങ്ങൾ ഉള്ളിൽ പേറുന്ന ഗുരു. വായനയുടെയും ചിന്തകളുടെയും അതിർവരമ്പുകൾ നമ്മളെ പോലെ കുറിയ മനുഷ്യരെ തളച്ചിടുമ്പോൾ ക്രിസ്തു ഭാവം ഉൾക്കൊണ്ട് കൊണ്ട് വായനയുടെയും ചിന്തകളുടെയും എല്ലാ തലങ്ങളെയും അതിലംഘിച്ച് യാത്ര ചെയ്യുന്ന മനുഷ്യൻ.അലർച്ചകളോ ബഹളങ്ങളോ നാട്യങ്ങളോ ഇല്ലാതെ ശാന്തമായി കേൾക്കുന്നവന്റെയും വായിക്കുന്നവന്റെയും ചങ്കിൽ തൊടുന്ന അക്ഷര പ്പെരുമ കൈമുതലായി ഉള്ള പുരോഹിതൻ, അതെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആത്മീയ ഗുരു ബോബി ജോസ് കട്ടികാടച്ചന്റെ ‘രമണീയം ഈ ജീവിതം’ എന്ന മനോഹരമായ ഒരു പുസ്തകം.
ബൈബിൾ മാത്രം പറയുന്ന, പഠിപ്പിക്കുന്ന പുരോഹിതന്മാരിൽ നിന്നും വേറിട്ട് ആത്മീയതയുടെ വിശാലതയിലേക്ക് ഇറങ്ങുന്ന എഴുത്തുകാരനാണ് അദ്ദേഹം. വേദങ്ങളും പുരാണങ്ങളും ബുദ്ധതത്വങ്ങളും ക്രിസ്തുവിനോട് ചേർത്ത് അദ്ദേഹം പറഞ്ഞു വെക്കുന്നു.
നസ്രത്തിലെ തച്ചനെക്കുറിച്ച് പഠിപ്പിക്കുമ്പോൾ തന്നെ ചെഗുവേരയും കാഫ്കയും ജിബ്രാനും വാൻഗോഗും മാധവിക്കുട്ടിയും അദ്ദേഹത്തിലൂടെ പുനർജീവിക്കുന്നു.
ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ സ്‌നേഹിക്കാനാണ് അച്ചൻ തന്റെ പുസ്തകത്തിലൂടെ നമ്മളെ ക്ഷണിക്കുന്നത്. ജീവിതത്തെ സ്‌നേഹിക്കുക അതിന്റെ എല്ലാ ചവർപ്പോടും മാധുര്യത്തോടും കൂടെ. ഈ പുസ്തകവായനക്കൊടുവിൽ നമ്മൾ ചിന്തിച്ചു പോകും നമ്മൾ ഇത് വരെ ചിന്തിച്ചു കൂട്ടിയതൊന്നും ജീവിതം ആയിരുന്നില്ലെന്ന്… അത് എത്രയോ രമണീയമായിരുന്നുവെന്ന്..
ഈ ജീവിതം നമ്മോട് ഒത്തിരി ക്രൂരത കാണിച്ചെന്ന് പലപ്പോഴും പരാതി പറയാറുന്നവരാകാം നമ്മൾ. എന്നാൽ ഒരാൾക്ക് താങ്ങാനാവുന്നതിലധികം ഭാരം വിധി ആർക്കും ഒരിക്കലും തരില്ല എന്ന് അച്ചൻ ഓർമപ്പെടുത്തുന്നു. അതിരു കാണാത്ത മരുഭൂമിയിലൂടെയാണ് ഉഴലുന്നതെന്ന് നമ്മൾ വെറും വെറുതെ കരുതി പോകുന്നതാണ്. ഓരോ മണൽപ്പാളികളിലും ഏതൊക്കെയോ കനിവിന്റെ നീരുറവകൾ ഒളിച്ചിരിപ്പുണ്ട്.
കാത്തിരിക്കാൻ ആരുമില്ല എന്ന തോന്നലാണല്ലോ ഒരുവനെ മരണത്തിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നത്. മരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ആരുമുണ്ടാകില്ല.പ്രണയത്തിന്റെ ചില്ലുടഞ്ഞ ഒരാൾ ഇരുൾ വീണൊരു കുന്നിന്റെ നെറുകിൽ നിന്ന് പ്രാർത്ഥിക്കുന്നത് ഒരുപക്ഷേ ‘ദൈവമേ എന്റെ കാലിടറി വീഴണെ’ എന്നായിരിക്കാം.
അത്തരത്തിലുള്ള ഉടഞ്ഞ മനുഷ്യർക്കു മുൻപിലേക്ക് അച്ചൻ ഉദാഹരിക്കുന്നത് ഹാഗാറിനെയാണ്, തന്റെ കുഞ്ഞിനെ മരുഭൂമിയിൽ ഉപേക്ഷിച്ച് ജീവിതം ഒടുക്കാൻ ആഗ്രഹിക്കുന്ന ഹാഗാറിനെ. ഹാഗാറിന്റെ തൊട്ട് അടുത്ത് തന്നെ സമൃദ്ധിയുടെ നീരുറവ നേരത്തെ ഉണ്ടായിരുന്നതാണ്, കണ്ണീരു കൊണ്ട് മറഞ്ഞതാണ്.സംയമനത്തോടെയും പ്രാർത്ഥനയോടും കൂടി മിഴി തുറന്നാൽ ഏതു മരുഭൂമിയിലും ഏതു കൊടിയ സഹനത്തിലും ദൈവത്തിന്റെ സമൃദ്ധിയുടെ കയ്യൊപ്പ് ഉണ്ടാകും.
ഗോൾ മുഖത്തേക്ക് തറച്ചെത്താൻ ഒരുങ്ങി നിൽക്കുന്ന പന്ത്. ആ പന്ത് ഒറ്റയ്ക്കു നിന്ന് ഒരു മനുഷ്യൻ നേരിടേണ്ടതാണ്. ആരുടെയും സഹായമില്ലാതെ ജീവിതത്തിന്റെ ഏതെങ്കിലും നിമിഷത്തിൽ നമ്മളും തനിച്ചാകും. ഇത്തരം നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ജീവിതം ജീവിതമാകുന്നത്. പലയിടത്തും വഴുതി വീഴും, തകരരുത് വീണ്ടും എഴുന്നേറ്റു നടക്കുക. അടുത്തവരെല്ലാം ചിലപ്പോൾ അകന്നു പോകും. അകന്നവരെല്ലാം അടുത്തു വരും ഇത് നമ്മുടെ ജീവിതമാണ്…. നമ്മുടെ മാത്രം ജീവിതമാണ്… അതു കൊണ്ട് തന്നെ നോവുകളിൽ തൂങ്ങിക്കിടന്ന് പരിതപിക്കേണ്ടതല്ല ഈ ജീവിതം എന്ന് തീരുമാനം എടുക്കെണ്ടത് നമ്മളാണ് എന്ന് അച്ചൻ ഓർമിപ്പിക്കുന്നു. സഹനം നമ്മെ കുടുതൽ കരുത്തുള്ള മനുഷ്യനാക്കുകയാണ്.
അത്ര നിസ്സാരവത്കരിക്കാവുന്നതാണോ ജീവിതം? എന്ന് നമ്മൾ ഈ പുസ്തകവായനയിലൂടെ ചിന്തിച്ചു പോകും. ഉണർവുകൾക്കൊപ്പം ഉള്ളുണർവിന്റെ ലോകങ്ങളെ വികസിപ്പിക്കാൻ സഹായിക്കുകയാണ് കട്ടിക്കാട് അച്ചൻ.
തള്ളപ്പക്ഷി തന്റെ കൂട് ചിതറിക്കുന്നത് നോക്കാൻ അച്ചൻ പറയുന്നു. ഒരു ദിവസം കൂടിന്റെ സുരക്ഷിതമായ മറപ്പറ്റിയിരിക്കുന്ന കുഞ്ഞു പക്ഷികളോട് തള്ളപ്പക്ഷി ഇങ്ങനെ പറയും: ‘ഇവിടെയിരുന്നാൽ മതിയോ? മാനം കാണെണ്ടേ? അവർ നമ്മളെപ്പോലെ തുള്ളിയിറങ്ങും. ചിറകിൽ പറ്റിപ്പിടിച്ചിരുന്ന് വാനത്തിന്റെ വിശാലതയിൽ മതിമറന്ന് ഇരിക്കും. അപ്പോൾ തളളപ്പക്ഷി ഒടുക്കത്തെ ഒരു ചതി ചെയ്യുന്നു. ചിറക് കുടഞ്ഞ് കുഞ്ഞുങ്ങളെ താഴെക്കിടുന്നു. സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല.. സ്‌നേഹക്കൂടുതൽ കൊണ്ടാണ്. കുഞ്ഞുങ്ങൾക്കത് അപ്പോൾ മനസിലാവണമെന്നില്ല. അവർ തള്ളപ്പക്ഷിയെ ശപിച്ചു കൊണ്ട് ചിറകിട്ടടിച്ച് പറക്കാൻ ശ്രമിക്കും. ജീവിതത്തിലെ സഹനാനുഭവത്തിലൂടെ കടന്നുപോയി പോയാണ് മനുഷ്യന്റെ ചിറകുകൾക്ക് വല്ലാത്ത കരുത്തുണ്ടാകുന്നത്.
പച്ചയായ ജീവിതമാണ് ഗ്രന്ഥകർത്താവ് ഇവിടെ വരച്ചിടുന്നത്. ഉള്ളിലെ പ്രക്ഷുബ്ധതകളെ നിയന്ത്രണ വിധേയമാക്കാൻ ഒപ്പം കൂട്ടാവുന്ന ഒരു പുസ്തകം തന്നെയാണ് ‘രമണീയം ഈ ജീവിതം.’
ഷൗക്കത്ത് മാഷ് പറയുന്നതുപോലെ തെറ്റിൽ നിന്ന് ശരിയിലേക്കല്ല, ശരിയിൽ നിന്ന് ഉയർന്ന ശരിയിലേക്കാണ് നാം ഒഴുകേണ്ടത് എന്ന് ഈ പുസ്തകം നമ്മളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും, തീർച്ച.
ജിബു കൊച്ചുചിറ