മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:-
- പനികള്‍:- സ്കൂളിലെ തുമ്മലും മൂക്കൊലിപ്പും ഉള്ള കുട്ടികളില്‍നിന്നും മറ്റു കുട്ടികളിലേയ്ക്കും ഇവ പകര്‍ന്നു പിടിക്കും. സാധാരണ വൈറല്‍ പനികള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം മാറുന്നതാണ്. ജലദോഷവും, കഫക്കെട്ടും ഉണ്ടെങ്കില്‍ ആവി കൊള്ളുന്നത് നല്ലതാണ്. വൈറല്‍പനിയ്ക്ക് വിശ്രമമാണ് പ്രധാനം. പനിയും ശരീരവേദനയുമുള്ളപ്പോള്‍ പാരസിറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ ആണ് സാധാരണ ഉപയോഗിക്കുക. രോഗി മറ്റുള്ളവരുമായി അടുത്തിടപെടുന്നത് ഒഴിവാക്കിയാല്‍ രോഗം പകരുന്നത് തടയാം.
- ന്യൂമോണിയ:- മഴക്കാലത്തും, മഞ്ഞുകാലത്തുമാണ് ന്യൂമോണിയ കൂടുതലായി ഉണ്ടാവുക. അണുബാധ മൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീര്‍ക്കെട്ടാണ് ന്യൂമോണിയ. ബാക്ടീരിയകളും, ഫംഗസ്സുകളും, വൈറസുകളുമാണ് രോഗം ഉണ്ടാക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് സാധാരണ ന്യൂമോണിയ ബാധിക്കുന്നത്. രോഗകാരണങ്ങളായ അണുക്കളെ കണ്ടെത്തി ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ഭേദമാകും.
- വയറിളക്കവും ചര്‍ദ്ദിയും:- മഴക്കാലത്ത് വയറിനു തണുപ്പേല്‍ക്കുന്നതും, പഴയ ആഹാരങ്ങള്‍ കഴിക്കുന്നതും വയറിളക്കവും, ചര്‍ദ്ദിയും ഉണ്ടാക്കാം. ആഹാരത്തില്‍ക്കൂടി ഇവ വരാനുള്ള സാധ്യത കുറയ്ക്കാം. വയറിളക്കത്തിനും, ചര്‍ദ്ദിയ്ക്കുമൊപ്പം പനിയും, വയറുവേദനയും ഉണ്ടെങ്കില്‍ രോഗാണുബാധയാകാം. ഇതിനു ആന്റിബയോട്ടിക്കുകള്‍ കഴിക്കണം.
- ആസ്ത്മ:- ആസ്ത്മ ചിലരില്‍ മഴക്കാലത്ത് രൂക്ഷമാകാറുണ്ട്. ചെറിയ ചുമയും, കഫവുമായി വന്നു ആസ്ത്മയാകുകയാണ് പതിവ്. കോര്‍ട്ടിസോന്‍ ഇന്‍ഹേലര്‍ ഇതിനു പരിഹാരമാണ്. മഴക്കാലാവസാനത്തില്‍ ശ്വാസകോശം ചുരുങ്ങുന്നത് ഇത് തടയും. ഇതിനു വേണ്ടുന്ന പ്രതിവിധികള്‍ നേരത്തെ തന്നെ എടുക്കണം.
- പുഴുക്കടി:- ഇതൊരു ഫംഗസ് രോഗമാണ്. വളരെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരിലും, ഈര്‍പ്പം മാറാത്ത അടിവസ്ത്രങ്ങള്‍ ധരിക്കുന്നവരിലും, അരക്കെട്ടിലും, തുടയിടുക്കിലും, കഷത്തും പുഴുക്കടിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പെട്ടെന്ന് ഇത് പകരാവുന്നതിനാല്‍ ഏറെ ശ്രദ്ധ വേണം. രോഗമുള്ള ആളുടെയും, വീട്ടിലെ മറ്റുള്ളവരുടെയും തുണികള്‍ ഒരുമിച്ചു കഴുകരുത്.
- വളംകടി:- കാല്‍വിരലിനു ഇടയിലുണ്ടാകുന്ന പൂപ്പല്‍ രോഗമാണ് വളംകടി. അഴുക്കുവെള്ളത്തിലൂടെ നടക്കുന്നവര്‍ക്കും, ഷൂസും സോക്സും ഇടുന്നവര്‍ക്കും ഇത് വരാനുള്ള സാധ്യതയുണ്ട്. ചൊറിച്ചിലും, തടിപ്പും കുമിലകളും ഉണ്ടാകുന്നതാണ് രോഗലക്ഷണം. കഴിവതും ചെളിവെള്ളം ഒഴിവാക്കുകയാണ് ഒരു പോംവഴി.
- മുടിക്കായ (പിയഡ്ര):- നനഞ്ഞ മുടി ഉണങ്ങാതെ കെട്ടി വയ്ക്കുന്നത് മുടിക്കായ എന്ന ഫംഗസ് ബാധയ്ക്ക് കാരണമാണ്. മുടിയില്‍ കെട്ടുകള്‍ പോലെ ഇവ വന്നു മുടി പൊട്ടിപ്പോകും. കായ എന്നറിയപ്പെടുന്ന ഈ രോഗം അടുത്ത മുടിയിഴകളിലേയ്ക്ക് പെട്ടെന്ന് പടരും. താരന്റെ ശല്യവും കൂടാം. അകിലും, കുന്തിരിക്കവും, രാമച്ചവും ചതച്ചു കനലിലിട്ടു പുകച്ച്, ആ പുക മുടിയില്‍ കൊള്ളിക്കുന്നത് മുടിക്കായ അകറ്റും.