‘കുരുത്തം കെട്ടവൻ,’
‘വികൃതി’
‘അനുസരണയില്ല’
മക്കളെ ഇങ്ങനെയൊക്കെ ഒരിക്കലെങ്കിലും വിശേഷിപ്പിക്കാത്ത മാതാപിതാക്കൾ ആരെങ്കിലുമുണ്ടാവുമോ ആവോ?
തങ്ങൾ പറയുന്നതുപോലെ എല്ലാം ചെയ്യണം, അനുസരിക്കണം. കൃത്യമായി പഠിക്കണം, പരീക്ഷയിൽ ഒന്നാമതായിരിക്കണം, രാവിലെ വിളിച്ചെണീല്ക്കുമ്പോഴേ ഉറക്കമുണരണം, കൃത്യമായ ടൈംടേബിളനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യണം. ഇങ്ങനെ ഒരുപിടി കാര്യങ്ങൾ മാതാപിതാക്കൾ മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പക്ഷേ പലപ്പോഴും മക്കൾ മാതാപിതാക്കളെ അതേപടി അനുസരിക്കണമെന്നില്ല. മാതാപിതാക്കൾക്ക് പൂർണ്ണമായും കീഴടങ്ങിക്കൊടുക്കണമെന്നുമില്ല. ഇപ്രകാരം സംഭവിക്കുമ്പോൾ മാതാപിതാക്കൾ അസ്വസ്ഥരാകും. മക്കൾ തങ്ങളെ അനുസരിക്കുന്നില്ലെന്ന ഈഗോ അവരെ മുറിവേല്പിച്ചുതുടങ്ങും. അതിന്റെ ഫലമാണ് തുടക്കത്തിൽ പറഞ്ഞ വിശേഷണങ്ങൾ.
ഇവിടെ മാതാപിതാക്കൾ അറിയേണ്ട ഒരു കാര്യമുണ്ട്. മക്കളെ വികൃതിയെന്നും അനുസരണയില്ലാത്തവനെന്നുമൊക്കെ കണ്ണുംപൂട്ടി വിശേഷിപ്പിക്കുമ്പോൾ മക്കളുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കാൻ തയ്യാറാകണം. അവരുടെ മനോഭാവമെന്തെന്ന് കൃത്യമായി വിലയിരുത്തുക. ഇങ്ങനെ സംഭവിക്കാത്തതുകൊണ്ടാണ് മക്കളോട് ശത്രുക്കളെന്ന പോലെ പെരുമാറുന്നത്.
മാതാപിതാക്കൾക്ക് മക്കളോട് ദേഷ്യപ്പെടാം, മക്കൾക്ക് മാതാപിതാക്കളോട് തങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ അവകാശമില്ല. ഇതാണ് ചില മാതാപിതാക്കളുടെ മട്ടും ഭാവവും. നാടൊട്ടുക്ക് അലറി മക്കളോട് തങ്ങളുടെ പ്രതികരണം അവർ അറിയിക്കും. കുറെക്കഴിയുമ്പോൾ മക്കൾ അതേപടി തിരികെ പ്രതികരിക്കുമ്പോൾ മാതാപിതാക്കൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. ഇത്രയും ശബ്ദമുയർത്തുന്നത് എന്തിനാണെന്നാണ് അവരുടെ ചോദ്യം.
ശബ്ദമുയർത്തുന്നതൊക്കെ അടിച്ചമർത്തലിന്റെ ഭാഗമാണ്. മക്കളെ ഒച്ചയുയർത്തി അടിച്ചമർത്താൻ ശ്രമിക്കുന്ന മാതാപിതാക്കളെ നാളെ മക്കൾ അതേരീതിയിൽ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. ഇത്തരം മാതാപിതാക്കൾക്ക് മക്കളെ കുറ്റപ്പെടുത്താൻ കഴിയുമോ? മക്കൾ സ്വരമുയർത്തി സംസാരിക്കുമ്പോൾ അവരെ നിഷേധികളായി കാണാൻ ഈ മാതാപിതാക്കൾക്ക് അവകാശമില്ല.
തങ്ങളുടെ വികാരപ്രകടനങ്ങൾ മുതിർന്നവരെ പോലെ നിയന്ത്രിക്കാനോ അടക്കിനിർത്താനോ കഴിയാതെ പോകുന്നതുകൊണ്ടാണ് വഴക്കുപറയുമ്പോഴും തിരുത്തലുകൾ നല്കുമ്പോഴും ചെറുപ്രായത്തിൽ മക്കൾ ഉറക്കെ പ്രതികരിക്കുന്നതെന്നും മനസ്സിലാക്കിയാൽ മക്കളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിക്കിട്ടും. ഈ പ്രവണത വളർന്നുവരുമ്പോൾ അവരിൽ അവശേഷിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്നും പേരന്റ്സ് മനസിലാക്കണം.
മക്കളുടെ സ്വരമുയരുന്നതിന് പരാതിപ്പെടുന്ന മാതാപിതാക്കളിൽ പലരും അവരെ അതിന് പ്രേരിപ്പിച്ച സാഹചര്യമെന്തായിരുന്നുവെന്ന് അന്വേഷിക്കാറില്ല. മക്കൾ പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങളെ വിലയിരുത്തുകയും അത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. ഉള്ളിലുള്ള ദേഷ്യം അടക്കിനിർത്തുന്നതിനെക്കാൾ ഭേദമാണ് അത് പുറത്തുവരാൻ അനുവദിക്കുന്നത്. അടക്കി നിർത്തുന്നതെല്ലാം ദോഷകരമായിട്ടായിരിക്കും പുറത്തേക്ക് വരുന്നത്.
ഓരോ വ്യക്തിക്കും തന്റേതായ വ്യക്തിത്വമുണ്ട്.മക്കൾക്ക് അവരുടേതായ വ്യക്തിത്വമുണ്ട്. ചിന്തകളും അഭിരുചികളുമുണ്ട്. സ്വാതന്ത്ര്യവുമുണ്ട്. ഇതിലേക്ക് ഒരു പരിധിയിൽ കൂടുതൽ കടന്നുചെല്ലാൻ മാതാപിതാക്കൾക്കുപോലും അവകാശമില്ല. മക്കളും വ്യക്തികളാണെന്ന് മനസ്സിലാക്കി അവരോട് പ്രതികരിക്കുക, ആജ്ഞാസ്വരത്തെക്കാൾ അഭ്യർത്ഥനകളുടെ സ്വരമാണ് മക്കൾ ഇഷ്ടപ്പെടുന്നത്. ശാസനയുടെ ധിക്കാരത്തെക്കാൾ സ്നേഹപൂർവ്വമായ തിരുത്തലുകളാണ് അവർ ഇഷ്ടപ്പെടുന്നത്.
മക്കൾ മാതാപിതാക്കളെ മനസ്സിലാക്കുന്നതിനെക്കാൾ മാതാപിതാക്കൾ കൂടുതലായി മക്കളെ മനസ്സിലാക്കേണ്ട ഒരു കാലമാണ് ഇത്. ഇപ്പോഴത്തെ മാതാപിതാക്കൾ ജീവിച്ചതുപോലെയുള്ള ഒരു കാലത്തിലൂടെയല്ല അവരുടെ മക്കൾ കടന്നുപോകുന്നത്. വലിയ ഗൗരവത്തോടെ കണ്ടിരുന്ന പലതും ഇന്നത്തെ കുട്ടികൾക്ക് ഗൗരവതരമേ അല്ല. അതിനവരെ കുറ്റപ്പെടുത്തിയിട്ടോ ശകാരിച്ചിട്ടോ കാര്യമില്ല. അവരുടെ ചിന്തകളുടെ പാറ്റേൺ മറ്റൊന്നാണ്. ഇഴഞ്ഞുനീങ്ങിയിരുന്ന ഒരു കാലത്തു നിന്ന് കുതിച്ചുപായുന്ന ഒരു കാലത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. ഈ മാറ്റം മാതാപിതാക്കൾ മനസ്സിലാക്കണം. ഈ മാറ്റം മനസ്സിലാക്കുമ്പോൾ മക്കളിലുണ്ടാകുന്ന മാറ്റം മനസ്സിലാക്കാനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനും കഴിയും.