തിരക്കേറിയ റോഡില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം വിടാറുണ്ടോ? നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അനുസരിക്കുന്നില്ലെങ്കില്‍ ബ്ലഡ് പ്രഷര്‍ കുതിച്ചു കയറാറുണ്ടോ? കോപം എന്നാല്‍ ആരോഗ്യപരമായ ഒരു സാധാരണ വികാരമാണ്. എന്നാല്‍ അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് പ്രധാനം തന്നെയാണ്. അനിയന്ത്രിതമായ കോപം നിങ്ങളുടെ ആരോഗ്യത്തെയും, ബന്ധങ്ങളെയും സാരമായി ബാധിക്കുക തന്നെ ചെയ്യും. കോപം നിയന്ത്രിക്കാന്‍ ഇതാ, പത്ത് ഫലവത്തായ മാര്‍ഗ്ഗങ്ങള്‍:-
1. സംസാരിക്കും മുമ്പ് ചിന്തിക്കുക:-
ഒരു നിമിഷത്തിന്റെ ദേഷ്യത്തില്‍ നമുക്ക് പലതും പറയാന്‍ എളുപ്പമാണ്, പിന്നീടതില്‍ ഖേദിക്കേണ്ടി വരുമെങ്കിലും. അതുകൊണ്ടുതന്നെ, എന്തെങ്കിലും പറയും മുമ്പായി കുറച്ചൊന്നു ചിന്തിക്കുക. മറ്റുള്ളവരെയും ആ സാഹചര്യത്തില്‍ അതിനായി അനുവദിക്കുക.
2. നിങ്ങള്‍ ഒന്ന് ശാന്തമായത്തിനു ശേഷം മാത്രം നിങ്ങളുടെ കോപം പ്രകടിപ്പിക്കുക:-
എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ അസ്വസ്ഥര്‍ ആണെങ്കില്‍ ആ അസ്വസ്ഥത മിതമായ രീതിയില്‍ പ്രകടമാക്കുക. നിങ്ങളുടെ നിലപാടുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കാതെയും, അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെയും വ്യക്തമായും, ശരിയായ രീതിയിലും പറയുക.
3. എന്തെങ്കിലും വ്യായാമം ചെയ്യുക:-
ശാരീരികവ്യായാമം കോപത്തിനു കാരണമായ മാനസികപിരിമുറുക്കങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും. നിങ്ങള്‍ക്ക് അമിതമായി കോപം വരുന്നു എന്ന് തോന്നുന്ന സമയത്ത് ഒരു ചെറിയ നടത്തം, ഒരു കൊച്ചു ജോഗിംഗ് ഒക്കെ ആവാം. അതുമല്ലെങ്കില്‍ യോഗ പോലുള്ള ചെറിയ ചില ശാരീരിക മാനസിക വ്യായാമങ്ങള്‍ ആവാം.
4. ചെറിയ യാത്രകള്‍ നടത്താം:-
യാത്രകള്‍ അല്ലെങ്കില്‍ പുറത്തു പോവല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. പിരിമുറുക്കങ്ങള്‍ നിറഞ്ഞ ദിവസങ്ങളില്‍ പുറത്തേയ്ക്ക് ഒന്ന് ഇറങ്ങുന്നതൊക്കെ നിങ്ങള്‍ക്ക് നല്ല രീതിയിലുള്ള ഇടവേളകള്‍ നല്‍കും. ശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചു സമയം ചിലവഴിച്ചു കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങള്‍ അസ്വസ്ഥതയോ, കോപമോ കൂടാതെ തന്നെ കൈകാര്യം ചെയ്യുവാന്‍ കഴിയും.
5. പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുക:-
നിങ്ങളെ അസ്വസ്ഥരാക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനു ശ്രമിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ മുറി വലിച്ചു വാരി ഇട്ടിരിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് കോപം വരുന്നുണ്ടോ? എങ്കില്‍ കതക് ഒന്ന് അടയ്ക്കുക. നിങ്ങളുടെ ജീവിതപങ്കാളി എന്നും രാത്രിഭക്ഷണത്തിന്റെ നേരത്ത് വൈകിയാണോ എത്തുന്നത്? എങ്കില്‍ നിങ്ങളുടെ രാത്രിഭക്ഷണസമയം ഒന്ന് മാറ്റുക. അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണം നിങ്ങളുടെ സമയത്തിന് തന്നെ കഴിക്കാന്‍ ശീലിക്കുക. മുന്‍കോപം കൊണ്ട് ഒരു കാര്യവും നേരെയാക്കാന്‍ സാധിക്കില്ല എന്നും മറിച്ച് അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയെ ഉള്ളൂവെന്നും നിങ്ങളെ തന്നെ പറഞ്ഞു മനസ്സിലാക്കുക.
6. കാര്യങ്ങളിലുള്ള പ്രതിഷേധം മറ്റൊരു രീതിയില്‍ പ്രകടിപ്പിക്കുക:-
പഴി ചാരുന്നതോ, കുറ്റപ്പെടുത്തുന്നതോ ആയ രീതിയില്‍ സംസാരിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുവാനെ സഹായിക്കൂ. നമുക്ക് മറ്റൊരു രീതിയില്‍ നമ്മുടെ മാനസികനില പ്രകടമാക്കാം. ഉദാഹരണത്തിന്, “നിങ്ങള്‍ വീട്ടുകാര്യങ്ങളില്‍ എന്നെ സഹായിക്കുന്നേയില്ല” എന്ന് പറയുന്നതിന് പകരം “നിങ്ങള്‍ ഇന്നലെ എന്നെ വീട്ടുജോലികളില്‍ സഹായിക്കാതിരുന്നത് എനിക്ക് മാനസികമായി പ്രയാസമുണ്ടാക്കി” എന്നത് ശാന്തമായി പറയാം.
7. മനസ്സില്‍ വൈരാഗ്യം സൂക്ഷിക്കാതിരിക്കുക:-
മാപ്പ് നല്‍കുക എന്നത് വളരെ ശക്തമായ ഒരു ആയുധമാണ്. നിങ്ങള്‍ നല്ല ചിന്തകളെ പുറംതള്ളുന്ന കോപം പോലുള്ള ചീത്ത വികാരങ്ങള്‍ക്ക് അടിമപ്പെടുകയാണെങ്കില്‍, ജീവിതം കയ്പേറിയതാവാന്‍ അത് മതി. മറിച്ച് നിങ്ങള്‍ മറക്കാനും, പൊറുക്കാനും തയ്യാറാവുമ്പോള്‍ ബന്ധങ്ങള്‍ ശക്തിപ്പെടുവാനും, സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാവാനും അത് സഹായിക്കും.
8. മാനസികസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ തമാശകള്‍ക്ക് ഇടം കൊടുക്കുക:-
കാര്യങ്ങളെ സരളമായി നേരിടാന്‍ സാധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം. നിങ്ങളെ കോപിപ്പിക്കുന്ന കാര്യങ്ങളെ തമാശയോടെ കാണാന്‍ സാധിച്ചാല്‍ എത്രയോ നന്നായി. ജീവിതത്തെ സരസമായി നേരിടാന്‍ സാധിക്കുന്നുവെങ്കില്‍ അതില്‍പരം വിജയം മറ്റൊന്നില്ല.
9. ശാന്തമായ മനസ്സിന് വേണ്ടുന്ന കാര്യങ്ങള്‍ പരിശീലിക്കുക:-
കോപം അധികരിക്കുമ്പോള്‍ അതിനെ ശാന്തമാക്കുവാനുള്ള കാര്യങ്ങള്‍ ചെയ്യുക. ദീര്‍ഘശ്വാസം എടുത്തുകൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക, മനസ്സിനെ തരളമാക്കുന്ന കാര്യങ്ങള്‍, ശാന്തി പ്രദാനം ചെയ്യുന്ന എന്തെങ്കിലും നാമങ്ങളോ, പ്രാര്‍ത്ഥനകളോ, വാക്കുകളോ ഉരുവിടുക ചെയ്യാവുന്നതാണ്. സംഗീതം ആസ്വദിക്കാം, എന്തെങ്കിലും കുത്തിക്കുറിക്കാം, യോഗ ചെയ്യാം. എന്താണോ മനസ്സിന് ശാന്തി നല്‍കുന്നത്, അതെല്ലാം ചെയ്യാം.
10. എപ്പോഴാണ് സഹായം തേടേണ്ടത് എന്നറിയുക:-
കോപം നിയന്ത്രിക്കുവാന്‍ ശീലിക്കുക എന്നത് എല്ലാവര്ക്കും ഒരു വെല്ലുവിളി തന്നെയാണ്. മുന്‍കോപം നിയന്ത്രിക്കാന്‍ തീരെ പറ്റാത്ത സാഹചര്യം ആകുമ്പോള്‍ ആരുടെയെങ്കിലും സഹായം തേടാം. മനശ്ശാസ്ത്രജ്ഞരുടെയോ, കൌണ്‍സിലര്‍മാരുടെയോ ആരുടെയെങ്കിലും സഹായം തേടിയാല്‍ അവര്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.