ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ് 19 പിടികൂടാൻ സാധ്യത കൂടുതലാണെന്നുമുള്ള കണ്ടു പിടിത്തങ്ങളാണ് ഇതിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. പുകവലിക്കാർക്ക് എപ്പോഴും രോഗപ്രതിരോധ ശേഷി കുറവായിരിക്കും. രോഗപ്രതിരോധ ശേഷികുറവുള്ളവരെ കീഴ്‌പ്പെടുത്താൻ കോവിഡ് വൈറസിന് എളുപ്പത്തിൽ കഴിയും. പുകവലി ശ്വാസകോശപ്രവർത്തനത്തെ താറുമാറാക്കുന്നതിനാൽ കോവിഡ് രോഗം ഗുരുതരമാകും. തൊണ്ടയും വായും മൂക്കുമെല്ലാം വേണ്ടവിധം പ്രവർത്തന ക്ഷമമല്ലാത്തതിനാലാണ് കോവിഡ് പിടികൂടാനുള്ള സാധ്യത വർദ്ധിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ പുകവലി അവസാനിപ്പിക്കുമ്പോൾ അത്തരക്കാർക്ക് ലഭിക്കുന്ന ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പുകവലി നിർത്തുന്നതോടെ ക്രമാനുഗതമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്. ഹൃദയമിടിപ്പ് നോർമ്മൽ ആകാൻ തുടങ്ങും, ശരീരത്തിലെ കാർബൺ മോണോക്‌സൈഡ് കുറയും, ഓക്‌സിജൻ നോർമ്മൽ ആകും, ഹാർട്ട് അറ്റാക്ക് സാധ്യത കുറയും, രുചിയും മണവും കൂടും, പ്രതിരോധ ശേഷി വർദ്ധിക്കും, കഫക്കെട്ട് കുറയും, ശ്വാസകോശപ്രവർത്തനം മെച്ചപ്പെടും, രക്തയോട്ടം സാധാരണനിലയിലാകും, കാൻസർ ഉണ്ടാകാനുള്ള സാധ്യത പകുതിയാകും.
ഇത്രയുമൊക്കെ ഗുണങ്ങൾ പുകവലി അവസാനിപ്പിക്കുന്നതിലൂടെ ലഭിക്കുമെങ്കിൽ ഇനിയുമെന്തിന് നാം പുകഞ്ഞ്തീരണം? ഇന്ന്തന്നെ ഈ പുകവലി അവസാനിപ്പിക്കാൻ നമുക്ക് ശ്രമിച്ചുകൂടെ?