മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല മുഖം കഴുകുന്നതെങ്കില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്. മുഖം കഴുകുമ്പോള്‍ നാം അതുകൊണ്ട് കൂടുതലായി ശ്രദ്ധിക്കണം.
സുഗന്ധക്കൂടുതലുള്ള ഫെയ്‌സ് വാഷ് ഉപയോഗിക്കരുതെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മ്മറ്റോളജിയിലെ വിദഗ്ദര്‍ പറയുന്നത്. ഇത് ത്വക്കിന് പ്രായക്കൂടുതലുണ്ടാക്കും. മുഖം കൂടുതലായി സ്‌ക്രബ് ചെയ്യുന്നതും ഇതേ പ്രശ്‌നം തന്നെ സൃഷ്ടിക്കും. വാഷ്‌ക്ലോത്ത് ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും ദോഷം ചെയ്യും. അതിന് പകരം മുഖം കഴുകി കൈകൊണ്ട് വെള്ളം ഒപ്പിയെടുക്കുക. ഫെയ്‌സ് വാഷിലുള്ള ആല്‍ക്കഹോള്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിലെ വില്ലനാണ്. ചിലരുണ്ട് ഇടയ്ക്കിടെ മുഖം കഴുകിക്കൊണ്ടിരിക്കും. ഇത് മുഖം ഡ്രൈയാകാനും ചുളിവുകള്‍ വീഴ്ത്താനുമാണ് ഉപകാരപ്പെടുന്നത്. ഒരുപാട് ചൂടുള്ള വെള്ളത്തിലോ അധികം തണുത്ത വെള്ളത്തിലോ മുഖം കഴുകരുത്. മീഡിയമായിട്ടുള്ള വെള്ളമായിരിക്കണം മുഖം കഴുകാന്‍ ഉപയോഗിക്കേണ്ടതെന്ന് പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ടെറി മാഫി അഭിപ്രായപ്പെടുന്നു. ആല്‍ക്കലൈന്‍ അടങ്ങിയ ബാര്‍ സോപ്പു ഒരിക്കലും മുഖം കഴുകാനായി തിരഞ്ഞെടുക്കരുത്. വിയര്‍ത്തുകുളിച്ച് വരുമ്പോഴേ മുഖം കഴുകിയേക്കാം എന്ന് തീരുമാനമെടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. ദിവസത്തില്‍ രണ്ടു തവണ മാത്രം മുഖം കഴുകുന്നതാണ് നല്ലത്. എന്നാല്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വരുമ്പോഴും മുഖം കഴുകാം. എന്നാല്‍ ഇത് വിയര്‍പ്പ് അടങ്ങിയിട്ടാവണം. മേക്കപ്പ് നീക്കം ചെയ്യാതെ കിടന്നുറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. മേക്കപ്പ് ക്ലീന്‍ ചെയ്തതിന് ശേഷം മാത്രം കിടന്നുറങ്ങുക. ഇല്ലെങ്കില്‍ അകാലവാര്‍ദ്ധക്യം ക്ഷണിച്ചുവരുത്തുകയായിരിക്കും ചെയ്യുന്നത്.