കുട്ടികളെ ആദരിക്കുകയോ? കേട്ട മാത്രയില്‍തന്നെ മാതാപിതാക്കളുടെ നെറ്റി ചുളിയും. കുട്ടികളെ ആദരിക്കേണ്ട ആവശ്യം നമുക്കുണ്ടോ? ഇതാണ് അവരുടെ നെറ്റി ചുളിക്കലിന് കാരണം. പക്ഷേ കുട്ടികളെ മാതാപിതാക്കള്‍ ആദരിക്കേണ്ടതുണ്ട് എന്നാണ് പേരന്റിംങിലെ പുതിയ പാഠം. പല മാതാപിതാക്കളുടെയും ധാരണ കുട്ടികള്‍ മുതിര്‍ന്നവരെ ആദരിച്ചുവളരേണ്ടവരാണെന്നും കുട്ടികളെ ആദരിക്കേണ്ടതില്ല എന്നുമാണ്.
കൗമാരത്തിലെത്തിയ മക്കള്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളോട്, മുതിര്‍ന്നവരോട് എല്ലാം അപമര്യാദയായി സംസാരിക്കുന്നതായി കേട്ടിട്ടില്ലേ. ചെറുപ്പകാലത്ത് അവര്‍ക്ക് മാതാപിതാക്കളില്‍ നിന്ന് കിട്ടിയ തിക്താനുഭവങ്ങളും ആദരവില്ലായ്മയുമാണ് കൗമാരക്കാരുടെ ഇത്തരം പ്രവണതകള്‍ക്ക് കാരണമെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. മാതാപിതാക്കള്‍ എത്രത്തോളം ആദരം നല്കി മക്കളെ വളര്‍ത്തുന്നുവോ അതനുസരിച്ചായിരിക്കും അവര്‍ പിന്നീട് മറ്റുള്ളവരോട് ഇടപെടുന്നതും സമൂഹത്തില്‍ ജീവിക്കുന്നതും. ചോദ്യം ചെയ്യാന്‍ അവസരം നല്കാതെയും പരമ്പരാഗതരീതിയിലും നാം കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നതെങ്കില്‍ അതവരുടെ ഭാവിക്ക് ഗുണം ചെയ്യുകയില്ല. കാരണം ഭയത്തിലും അധികാരത്തിലും അടിസ്ഥാനമാക്കിയാണ് അവരെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.
കുട്ടികളുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കിവേണം അവരുടെ ജീവിതത്തിന് മാതാപിതാക്കള്‍ ഫ്രെയിം ഇടേണ്ടത്.കുട്ടികളോട് ഒരു കാര്യം ആവശ്യപ്പെടുന്നത് അധികാരത്തിന്റെ ഭാഷയിലും ആദരവിന്റെ ഭാഷയിലുമാവാം. അധികാരത്തിന്റെ ഭാഷയില്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളായിരിക്കെ അവര്‍ അനുസരിക്കുമെങ്കിലും മുതിര്‍ന്നുകഴിയുമ്പോള്‍ അനുസരിക്കണമെന്നില്ല. പക്ഷേ ആദരവിന്റെ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍ അത് അവരെ സ്വാധീനിക്കും. മാതാപിതാക്കള്‍ ഒര ുജോലി ചെയ്യുമ്പോള്‍ അതില്‍സഹകരിക്കാന്‍ മക്കളോട് ആദരവോടെ ആവശ്യപ്പെടുമ്പോള്‍ അവരില്‍ പ്രകടമായ മാറ്റം കാണാന്‍ കഴിയും. ആത്മാഭിമാനം വളരത്തക്കരീതിയിലായിരിക്കണം കുട്ടികളോട് മാതാപിതാക്കള്‍ പെരുമാറേണ്ടത്. അതുപോലെ മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലും. ഉയര്‍ന്ന രീതിയിലുള്ള സോഷ്യല്‍ കോഷ്യന്റ് ഉള്ളവരെയാണ് ഇന്ന് ഉദ്യോഗാര്‍ത്ഥികളായി തിരഞ്ഞെടുക്കാന്‍ സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നത്.
മറ്റുള്ളവരുമായുള്ള ആദരപൂര്‍വ്വവും സഹാനൂഭൂതിപരവുമായ ഇടപെടല്‍ നടത്തുന്ന പുതിയ ഒരു തലമുറ ഉണ്ടായിവരണമെങ്കില്‍ മക്കള്‍ക്ക് ആദരം നല്കി വളര്‍ത്തിക്കൊണ്ടുവരണം. നാളത്തെ ലോകത്തിന് വേണ്ടി അങ്ങനെയുള്ള കുട്ടികളെയാണ് നാം വളര്‍ത്തിക്കൊണ്ടുവരേണ്ടത്. ആദരപൂര്‍വ്വമായ അന്തരീക്ഷവും കുടുംബപശ്ചാത്തലവും കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ നല്കുന്ന സൗജന്യമൊന്നുമല്ല മറിച്ച് നാളെത്തെ ലോകത്തിന് വേണ്ടി മക്കള്‍ക്ക് നല്കുന്ന പുതിയ വെളിച്ചവും അവരുടെ അവകാശവുമാണ്..