നീ നിന്നെക്കുറിച്ച് നല്ലതുപറഞ്ഞിട്ട് നാളെത്രെയായി?

Date:

നല്ല ചിന്തകളാണ് നമ്മുടെ മൂലധനം. അതുപയോഗിച്ചുവേണം നാം ജീവിതത്തെ കെട്ടിപ്പടുക്കേണ്ടത്. ചിന്തകള്‍ നിഷേധാത്മകമാകുന്നതോ  ചിന്തകള്‍ വഴിതെറ്റിപോകുന്നതോ ആണ് നമ്മില്‍ പലരുടെയും ജീവിതം പാളിപോകുന്നതിന് പിന്നിലെ ഒരു കാരണം. 

ഒരാള്‍ക്ക് വളരെ പെട്ടെന്ന് പോസിറ്റീവായി ചിന്തിച്ചുതുടങ്ങാന്‍ കഴിയണമെന്നില്ല.അതുകൊണ്ട് ചെറുപ്രായം മുതല്‍ക്കേ  വ്യക്തികളില്‍ പോസിറ്റീവ് ചിന്തകള്‍ സൃഷ്ടിക്കണമെന്നാണ് മന:ശാസ്ത്രവിദഗ്ദരുടെ അഭിപ്രായം. ഇത്തരമൊരു ചിന്ത ചെറുപ്രായം മുതല്‌ക്കേ കുട്ടികള്‍ക്ക് നല്കണമെന്നും അവര്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. 

പോസിറ്റീവായ ചിന്തകള്‍, ഉദാഹരണങ്ങള്‍ എന്നിവ കുട്ടികളുടെ ചിന്തകളിലേക്ക് ബോധപൂര്‍വ്വമെന്നോണം നല്കുക. ചെറുപ്പം മുതല്‍ക്കേ കിട്ടിത്തുടങ്ങുന്ന ഈ പരിശീലനം അവരുടെ മൈന്‍ഡ്‌സെറ്റിനെ സ്വാധീനിക്കുകയും ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യും. ജീവിതത്തിലെ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ പലതും ഭാവിയില്‍ നേടാന്‍ ഈ പരിശീലനം അവരെ സഹായിക്കും. കൗമാരക്കാരെയും യുവജനങ്ങളെയും പോസിറ്റീവ് ചിന്തകള്‍ കൊണ്ട് പിന്തുണയ്ക്കുക എന്നത് വളരെ നിര്‍ണ്ണായകമാണ്.  

വിമര്‍ശനം എല്ലായ്‌പ്പോഴും നെഗറ്റീവാണ്. അത് ആരെയും വളര്‍ത്താറില്ല. മാത്രവുമല്ല പിന്നിലേക്ക് നീങ്ങാനേ അത് പ്രേരണയും നല്കൂ. വിമര്‍ശനങ്ങള്‍ക്ക് പകരം പ്രചോദനം നല്കുക. അതാണ് വേണ്ടത്. കുടുംബത്തിലും സമൂഹത്തിലും എവിടെയും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുക. പ്രചോദനം വളര്‍ച്ചയാണ്. വളര്‍ത്തലാണ്.സ്‌നേഹമാണ്..സൗഹൃദമാണ്.

ഒരാളുടെ ആശയത്തോട്, കണ്ടുപിടുത്തങ്ങളോട്,  ഒക്കെ നമുക്ക് വേണമെങ്കില്‍ രണ്ടുരീതിയില്‍ പ്രതികരിക്കാം. 

ഒന്നുകില്‍ ഇതൊക്കെ എന്ത്, എന്ന് അഹങ്കാരമോ പുച്ഛമോ നീരസമോ കലര്‍ന്ന രീതിയില്‍. 

മറ്റൊന്ന് ഇത് കൊള്ളാമല്ലോ നല്ലതാണല്ലോ എന്ന രീതിയില്‍.
 ആദ്യത്തേതുപോലെയുള്ള പ്രതികരണം ചിലപ്പോള്‍ കേള്‍ക്കുന്ന ആളെ വല്ലാതെയങ്ങ് നിരുത്സാഹപ്പെടുത്തിക്കളയും. ഒരുപക്ഷേ നിഷ്‌ക്രിയനാക്കുകയും ചെയ്‌തേക്കാം. 
എന്നാല്‍ രണ്ടാമത്തെ രീതിയില്‍ പറയുമ്പോഴോ..
അവിടെ കേള്‍ക്കുന്ന ആള്‍ക്ക് കൂടുതല്‍ ഉ്ത്സാഹം ലഭിക്കുന്നു. 
ഒരാളെ നിഷേധാത്മകമായ ചിന്തകള്‍ നല്കി തളര്‍ത്തിക്കളയുന്നതിലും വളരെ നല്ലതല്ലേ പ്രസാദാത്മകമായ ചിന്തകളിലൂടെ അയാളെ വളര്‍ത്താന്‍ ശ്രമിക്കുന്നത്? പല ചങ്ങാതിക്കൂട്ടങ്ങളിലും കൂടുതലായും സംഭവിക്കുന്നത് ആദ്യത്തെ ഗണത്തിലാണ്. ഫലമോ കേള്‍ക്കുന്ന ആള്‍ തളര്‍ന്നുപോകുന്നു, 

ഇനി ഈ സംഭവത്തെ തന്നെ നമുക്ക് മറ്റൊരു രീതിയിലും വിലയിരുത്താം. നെഗറ്റീവായി പറയുന്ന ആളുണ്ടല്ലോ അയാളുടെ ജീവിതപരിസരം അയാള്‍ക്ക് നല്കിയത് അത്തരമൊരു സമീപനമായിരിക്കാം. എന്തിനെയും ഏതിനെയും അവഗണിച്ചോ പരിഹസഹിച്ചോ പറഞ്ഞുവരുന്ന ശീലത്തില്‍ നി്ന്നുള്ള ഒരാള്‍ക്ക് അങ്ങനെയേ മറ്റേതൊന്നിനോടും  പ്രതികരിക്കാനാവൂ.  

കേള്‍ക്കുന്ന ആളെയും എടുക്കൂ, ക്രിയാത്മകമായ ചിന്തകള്‍ കേട്ട് വളരുകയും അത്തരമൊരു മാനസികാവസ്ഥ രൂപപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന വ്യക്തിയാണെങ്കില്‍ നെഗറ്റീവായതിനെയും അയാള്‍ക്ക് ക്രിയാത്മകമായി എടുക്കാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍ പരിശീലനം കിട്ടാത്ത വ്യക്തിയാവട്ടെ വളരെ പെട്ടെന്ന് വാടിപോകുന്നു. ഇവിടെയാണ് ചെറുപ്പം മുതല്‍ പോസിറ്റീവ് ചിന്തകള്‍ കുട്ടികള്‍ക്ക് നല്‌കേണ്ട പ്രസക്തി വര്‍ദ്ധിക്കുന്നത്.

പഴയ തലമുറയില്‍ പെട്ട മാതാപിതാക്കളില്‍ ഒരു ന്യൂനപക്ഷമെങ്കിലും മക്കളുടെ ആഗ്രഹങ്ങളെ നിഷേധാത്മകമായ ചിന്തകള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ നിരുത്സാഹപ്പെടുത്തിയവരാണ്. അതൊരുപക്ഷേ ആ മാതാപിതാക്കളുടെ അറിവുകേടായിരിക്കും. എങ്കിലും ചെറുപ്പകാലത്ത് കി്ട്ടിയ അത്തരം അനുഭവങ്ങളും പ്രതികരണങ്ങളും പലരെയും ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട് എന്നതും സത്യമാണ്. 

പക്ഷേ ശുഭകരമായ സൂചനകള്‍ പുതിയ തലമുറയിലെ ഒട്ടുമിക്ക മാതാപിതാക്കളും നല്കുന്നുണ്ട്. അവര്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്നു..അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകസ്വാധീനമായി മാറുന്നു.
ചിലപ്പോള്‍ ചില ആശയങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. വേണ്ട. 

പക്ഷേ അവിടെയും ആ ആശയത്തെ തീര്‍ത്തും അവഗണിക്കാതെ, നല്ലതാണ്, എങ്കിലും അതിന് ഇങ്ങനെയും ഒരുപ്രശ്‌നമില്ലേ, എനിക്കങ്ങനെ തോന്നുന്നു ഇത് ഇങ്ങനെയൊന്ന് ചിന്തിച്ചാലോ എന്നെല്ലാം പറയാന്‍ കഴിയുകയാണെങ്കില്‍ അത് രണ്ടുകൂട്ടരെയും സംബന്ധിച്ച് വലിയ കാര്യമല്ലേ? എല്ലാറ്റിനോടും ഗുഡ് എന്ന് പറയുന്നത് നമ്മുടെ വ്യക്തിത്വമില്ലായ്മയുടെ ഭാഗം കൂടിയാണ്. അതല്ല വേണ്ടതും. 

പല മനശ്ശാസ്ത്രക്ലാസുകളിലെയും സ്ഥിരം ഉദാഹരണങ്ങളില്ലേ പാതി വെള്ളം നിറച്ച ഗ്ലാസിന്റേത്. അതില്‍  ഒന്ന് മാത്രമേ പോസിറ്റീവായ മറുപടിയുണ്ടായിരുന്നുള്ളൂ.. പാതി നിറച്ച ഗ്ലാസിനെ പോലും പോസിറ്റിവായി കണ്ട് അതിനെ അഭിപ്രായം പറയാനുളള മനസ്സാണ് നമുക്കുണ്ടാവേണ്ടത്.

സ്വന്തം കാര്യം മാത്രം നോക്കിനടക്കുന്നവരാണ് മറ്റുള്ളവരെക്കുറിച്ച് നല്ലതുപറയാന്‍ മടിക്കുന്നവരായിട്ടുള്ളത്. താന്‍ മാത്രം സംഭവം എന്നും മറ്റുള്ളവരെല്ലാം തന്നെക്കാള്‍ മോശക്കാരെന്നും ചിന്ത പുലര്‍ത്തുന്ന ഒരാള്‍ക്ക് മറ്റെയാളെക്കുറിച്ച് നല്ലതു പറയാന്‍ കഴിയില്ല. 

നല്ലതുപറയാന്‍ കഴിയുന്നത് നന്മയുള്ള മനസ്സുകള്‍ക്കാണ്. ഹൃദയശുദ്ധിയുള്ളവര്‍ക്കാണ്.സ്‌നേഹമുള്ളവര്‍ക്കാണ്. ചിലരുണ്ട് എന്നെക്കുറിച്ച് എല്ലാവരും നല്ലതുപറയണം എന്ന് ശാഠ്യം പിടിക്കുന്നവരായി.  അവരൊരിക്കലും മറ്റുള്ളവരെക്കുറിച്ചോ മറ്റെന്തെങ്കിലുമൊന്നിനെക്കുറിച്ചോ നല്ലത് പറയുകയുമില്ല.  അത്തരക്കാര്‍ ആത്മശോധന നടത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു, മറ്റുളളവരുടെ നല്ലവാക്കിന് വേണ്ടി കാതുകൂര്‍പ്പിക്കുന്ന നീ എത്രതവണ അവരെക്കുറിച്ച് നല്ലവാക്ക് പറഞ്ഞിട്ടുണ്ട്?

ചിലപ്പോള്‍ ഒരാളെ സാമ്പത്തികമായോ കായികമായോ സഹായിക്കാന്‍ നമുക്ക് കഴിയണമെന്നില്ല പക്ഷേ നല്ല വാക്ക് പറഞ്ഞ് അവരുടെ വഴിതിരിച്ചുവിടാന്‍ നമുക്ക് കഴിയില്ലേ..അതിന് യാതൊരു ചിലവും വരില്ലല്ലോ?

അവസാനമായി ഒന്നുകൂടി നീ നിന്നോട് നിന്നെക്കുറിച്ച് തന്നെ നല്ലതുപറഞ്ഞിട്ട് നാളെത്രയായി? ഇതല്ലേ മറ്റെന്തിനെക്കാളും പ്രധാനം?

വിനായക്നിര്‍മ്മല്‍

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!