കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ കഴിഞ്ഞ മാർച്ച് മാസം ഏതാനും സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷവും അതിനെ തുടർന്ന് പത്താം ക്ലാസുകാരനായ മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായതുമെല്ലാം ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. മാധ്യമ ങ്ങളിൽ വന്ന വാർത്ത ശരിയാണെങ്കിൽ ട്യൂഷൻ ക്ലാസിലെ യാത്രയപ്പ് ചടങ്ങിലുണ്ടായ ചില പ്രശ്‌നങ്ങൾ വഷളാവുകയും അത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും അതിന്റെ തുടർച്ചയെണ്ണം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് അടിപിടി നടക്കുകയും ആ ട്യൂഷൻ ക്ലാസിൽ ഇല്ലാത്ത കുട്ടികൾപോലും അതിൻറെ ഭാഗമായി മാറുകയും അതിൻറെയൊക്കെ പരിണിതഫലമായി അവരിൽ തന്നെ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തപ്പെടുകയും ചെയ്തു എന്നുള്ളതാണ്.
വളരെ കലുഷിതമായ ഒരു ബാല്യകൗമാര കാലഘട്ടത്തിലൂടെയാണ് നമ്മുടെ വിദ്യാർഥികൾ ചുവടുവെയ്ക്കുന്നത് എന്നു തോന്നി പോകുന്നു. ഈ കാലത്ത് കുട്ടികൾ സ്‌കൂളിൽ നിന്നും തിരിച്ചെത്തുന്നതുവരെ മാതാപിതാക്കൾക്ക് ആധിയാണ്. വീട്ടിലും പരിസരങ്ങളിലും വിദ്യാലയത്തിനകത്തും പുറത്തും സ്‌കൂൾ ബസ്സിലും യാത്രാ വഴികളിലും ട്യൂഷൻ ക്ലാസിലുമെല്ലാം അവർ സുരക്ഷിതരല്ല എന്നുള്ളതാണ് സമകാലീനമായ പല അനുഭവങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. തൃശ്ശൂരിനടുത്തുള്ള മാളയിൽ കേവലം ആറു വയസുകാരനെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അവൻ എതിർത്തപ്പോൾ കുളത്തിലെ ചെളിയിൽ തള്ളിയിട്ടു കൊന്നതും ആ മകന്റെ അയൽവാസി തന്നെയായ ചെറുപ്പക്കാരനാണ് എന്ന വാർത്ത ഏറെ സങ്കടത്തോടെയാണ് നമ്മൾ കേട്ടത്.
അത്തരമൊരു പ്രശ്‌ന കലുഷിതമായ കാലഘട്ടത്തിലാണ് വീണ്ടും ഒരു വേനലവധി പിന്നിട്ട് സ്‌കൂളിന്റെ പടികൾ കയറാൻ നമ്മുടെ കുഞ്ഞു മക്കൾ ഒരുങ്ങുന്നത്. അറിവിന്റെ വലിയ ഒരു ലോകം അവർക്ക് മുന്നിൽ തുറന്നിട്ടു കൊടുക്കാനുള്ള ഉത്തരവാദിത്തം വിദ്യാലയങ്ങൾക്കും അതിലെ അധ്യാപകർക്കും ഉണ്ട് എന്നതിൽ സംശയമില്ല. എന്നാൽ ആ അറിവുകൾ വെറും പാഠപുസ്തകങ്ങളിലെ പരിജ്ഞാനം മാത്രമായി ചുരുങ്ങി പോകരുത്.
അത്തരം അറിവുകളുടെ കാര്യത്തിൽ നമ്മുടെ മക്കൾ ഏറെ മുൻപിലാണെങ്കിലും പലപ്പോഴും ജീവിത മൂല്യങ്ങളുടെയും മാനുഷിക ബന്ധങ്ങളുടെയും വൈകാരിക പക്വതയുടെയും കാര്യത്തിൽ അവർ നമ്മൾ പ്രതീക്ഷിക്കുന്ന തലത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്നു സംശയമാണ്. ലഹരി കച്ചവടത്തിന്റെയും ഇന്റർനെറ്റിലെ പോൺ സൈറ്റുകളുടെയും ഓൺലൈൻ ഗെയിമുകളെയും ഇരകളായി നമ്മുടെ കുട്ടികൾ മാറിക്കൊണ്ടിരിക്കുന്നുഎന്നുള്ളതാണ് അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ള പല അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്. തങ്ങളുടെ പ്രായത്തിനൊത്തൊരു മാനസിക പക്വതയോ വൈകാരിക നിയന്ത്രങ്ങളോ പലപ്പോഴും നമ്മുടെ കുട്ടികൾക്കില്ല എന്നതാണ് സത്യം. കഴിഞ്ഞ കോവിഡ് കാലത്തെ രണ്ടുവർഷം കൊണ്ട് ഔദ്യോഗിക കണക്ക് പ്രകാരം 374 കുട്ടികളാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത് എന്ന അറിവ് നമ്മളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
അറിവിന്റെ സൈദ്ധാന്തികലോകത്തു നിന്നും അനുഭവങ്ങളുടെ പ്രായോഗിക ലോകത്തേക്ക് നാം നമ്മുടെ കുട്ടികളെ കൂട്ടി കൊണ്ടു പോകണം. നമ്മുടെ വിദ്യാലയങ്ങൾ കേവലം അറിവ് ശേഖരിക്കുന്ന കലവറകളായി മാത്രം മാറാതെ അറിവിനെ പ്രയോഗികതയിലേക്ക് എത്തിക്കുന്ന അടുക്കളകളായി മാറേണ്ടിയിരിക്കുന്നു. നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ കാര്യത്തിൽ നമ്മുടെ കുട്ടികൾ ഏറെ മുമ്പിലാണെങ്കിലും അവയോടൊപ്പം ജാതിയുടെയും മതത്തിനെയും വേലിവെട്ടുകൾക്കതീതമായി മനുഷ്യനെ സ്‌നേഹിക്കുവാനും നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കുവാനും പരസ്പരം ബഹുമാനിക്കുവാനും ദുർബലരെ സഹായിക്കാനും ജീവിതത്തിൽ തോൽവിയെ നേരിടാനുമെല്ലാം സ്‌കൂൾ ജീവിതം അവരെ പഠിപ്പിക്കണം..
അതായത് പാഠപുസ്തകത്തിലെ അറിവിനോടൊപ്പം പ്രായോഗിക ജീവിതത്തിനാവശ്യമായ പരിജ്ഞാനവും നമ്മുടെ കുട്ടികൾ നേടിയെടുക്കേണ്ടതുണ്ട്. തോണിയിൽ പുഴ കടക്കാൻ ശ്രമിക്കുന്ന സഞ്ചാരിയുടെയും തോണിക്കാരന്റെയും കഥ എക്കാലത്തും പ്രസക്തമാണ്. വിജ്ഞാനിയെന്ന് വിചാരിക്കുന്ന സഞ്ചാരി തോണിക്കാരനെ പരിഹസിച്ചുകൊണ്ടു ചോദിക്കുന്നു ‘താങ്കൾക്ക് ഗണിത ശാസ്ത്രം വശമുണ്ടോ..?’ ‘ഇല്ല’ തോണിക്കാരൻ മറുപടി പറഞ്ഞു. എന്നാൽ താങ്കളുടെ ജീവിതത്തിലെ കാൽ ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. സഞ്ചാരി വീണ്ടും ചോദിക്കുന്നു ‘താങ്കൾക്ക് വൈദ്യശാസ്ത്രം അറിയാമോ?’ ‘ഇല്ല’ വീണ്ടും അയാൾ മറുപടി പറയുന്നു. എങ്കിൽ തന്റെ ജീവിതത്തിന്റെ പകുതിയോളം നഷ്ടമായിരിക്കുന്നു. വീണ്ടും സഞ്ചാരി ചോദിക്കുന്നു. ‘താങ്കൾക്ക് ജ്യോതിശാസ്ത്രവും വാനശാസ്ത്രവും വശമുണ്ടോ?’ ‘ഇല്ല’ എന്നുള്ള മറുപടി ബാക്കിയായി. ഉടനെ സഞ്ചാരി പറയുന്നു, താങ്കളുടെ ജീവിതത്തിന്റെ മുക്കാൽ പങ്കും നഷ്ടമായിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞപ്പോൾ തോണിക്കാരൻ ശാന്തമായി തിരിച്ചു ചോദിക്കുന്നു ‘താങ്കൾക്ക് നീന്താൻ അറിയാമോ..?’ ‘ഇല്ല’ സഞ്ചാരി പറഞ്ഞു. എങ്കിൽ താങ്കളുടെ ജീവിതം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം വഞ്ചിയിൽ വെള്ളം കയറി തുടങ്ങിയിരിക്കുന്നു…!
ചിലപ്പോൾ നമ്മുടെ അറിവുകൾ വെറും സൈദ്ധാന്തികമായ തലങ്ങളിൽ മാത്രം ഒതുങ്ങുകയും പ്രായോഗികത നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന വലിയ ഒരപകടം പതിയിരിപ്പുണ്ട്. വിദ്യഭ്യാസമെന്നാൽ വെറും അറിവ് നേടുക മാത്രമല്ല അറിവിനോടൊപ്പം പ്രായോഗിക പരിശീലനവും നേടിയെടുക്കുക അത്യാവശ്യമാണ്. അത്തരമൊരു പ്രായോഗിക പരിശീനത്തെ മുന്നിൽ കണ്ടുകൊണ്ടുഎബ്രഹാം ലിങ്കൻ തന്റെ മകന്റെ അധ്യാപകനയച്ച കത്ത് ഏറെ പ്രസിദ്ധമാണല്ലോ… അതിലെ ഏതാനും വരികൾ സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം എന്ന് വിചാരിക്കുന്നു.
‘സാർ, അവനെ പഠിപ്പിക്കുക ഏതൊരു ശത്രുവിന്റെ ഉള്ളിലും ഒരു മിത്രമുണ്ട് എന്ന് തിരിച്ചറിയാൻ…. കളഞ്ഞു കിട്ടുന്ന അൻപതു ഡോളറിനേക്കാൾ വിലയുണ്ട് അധ്വാനിച്ച് നേടുന്ന ഒരു ഡോളറിന് എന്ന് മനസ്സിലാക്കാൻ… തോൽവികളെ അഭിമുഖീകരിക്കാൻ അവനെ പഠിപ്പിക്കുക… നേരെയല്ലാത്ത വഴിയിലൂടെയുള്ള വിജയത്തേക്കാൾ തോൽവിയാണ് കൂടുതൽ ആദരിക്കപ്പെടുക എന്ന് അവനെ പഠിപ്പിക്കുക… കുഴലൂത്തിന്റെ പിന്നാലെ നടക്കാതിരിക്കാനും ജനക്കൂട്ടത്തെ പിന്തുടരാതിരിക്കുവാനുള്ള കരുത്ത് നേടാൻ അവനെ പഠിപ്പിക്കുക.. ദുഃഖിതനായിരിക്കുമ്പോഴും എങ്ങനെ ചിരിക്കണമെന്നും കണ്ണുനീരിൽ ഒട്ടും ലജ്ജ തോന്നേണ്ടതില്ലെന്നും അവനെ പഠിപ്പിക്കുക…. ജനക്കൂട്ടത്തിന്റെ ബഹളത്തിനു നേരെ ചെവിയടച്ച് തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം നിൽക്കുവാനും അതിനുവേണ്ടി പൊരുതുവാനുംഅവനെ പഠിപ്പിക്കുക ..
സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യങ്ങൾക്കായി മാത്രം പ്രയോജനപ്പെടുത്താനും ഒപ്പം മനഃസാക്ഷിക്കും ഹൃദയത്തിനും ഒരിക്കലും വില പറയാതിരിക്കുവാനും അവനെ പരിശീലിപ്പിക്കുക.. അവനിൽ ഉന്നതമായ വിശ്വാസം ഉണ്ടാകാൻ അവനെ സഹായിക്കുക; എങ്കിൽ മാത്രമേ അവനു മനുഷ്യ സമൂഹത്തിൽ വിശ്വാസം ഉണ്ടാവുകയുള്ളൂ…
ഇതൊരു ഭാരിച്ച ചുമതയാണ് എങ്കിലും താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു നോക്കുക. എന്റെ മകൻ ഒരു കൊച്ചു മിടുക്കനാണ്…!
നൗജിൻ വിതയത്തിൽ