ഇപ്പോഴും എപ്പോഴും സൗഹൃദം

Date:

കുട്ടിക്കാലത്തും കോളേജ്-ജോലി കാലത്തുമാണ് നമുക്കേറെ സൗഹൃദങ്ങളുള്ളത്. ആരും നടാതെയും വളമേകാതെയും വളർന്നുപന്തലിക്കുന്ന ചില ചെടികളെപോലെയാണ് അത്തരത്തിലുള്ള സൗഹൃദങ്ങൾ. അതിനുവേണ്ടി നാം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നില്ല. കാരണം ബാല്യകൗമാരയൗവനങ്ങളിലെ സൗഹൃദങ്ങൾ എളുപ്പത്തിൽ വളരുന്നവയാണ്.  പുതിയ ബന്ധങ്ങൾ ഈ ഘട്ടത്തിൽ എളുപ്പമാണ്. കാരണം ആളുകൾക്ക് കൂടുതൽ സമയം ഉണ്ട്. സൗഹൃദം അന്വേഷിക്കുന്ന മനോഭാവവുമുണ്ട്. എന്നാൽ ജീവിതം മുന്നോട്ട് പോയപ്പോൾ കുടുംബം, ഉത്തരവാദിത്വങ്ങൾ എന്നിവ വർധിച്ചപ്പോൾ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തോന്നിത്തുടങ്ങുന്നു. മുപ്പതുകളിലും നാല്പതുകളുമെത്തിയാൽ സൗഹൃദം കൂടുതൽ പ്രയാസമുള്ളതായി മാറാം. കാരണം ജീവിതം തിരക്കുകളാൽ നിറഞ്ഞിരിക്കും. ജോലി, കുട്ടികൾ, ബന്ധങ്ങൾ എല്ലാം സമയം അപഹരിക്കും. അതുകൊണ്ടുതന്നെ  പുതിയ സൗഹൃദം സ്ഥാപിക്കുക എന്നത് അസാധ്യമായ കാര്യമായി തോന്നും.

പക്ഷേ അതു ശരിയല്ല. ശരിയായ മനോഭാവവും ശ്രമവുമുണ്ടെങ്കിൽ, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പ്രായത്തിലും  പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാം. സൗഹൃദം ഇപ്പോഴും എപ്പോഴും ആവശ്യമാണ്. അതിനാൽ പ്രായം നോക്കാതെ, ജീവിതാവസ്ഥ നോക്കാതെ സൗഹൃദസ്ഥാപനത്തിനായുള്ള ചെറിയ ശ്രമങ്ങൾ തുടങ്ങുക. സഹപ്രവർത്തകനോട് കാപ്പി കുടിക്കാൻ ക്ഷണിക്കുക, സ്‌കൂളിൽ കുട്ടികളുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കുക, പഴയ സുഹൃത്തുകളുമായി വീണ്ടും ബന്ധപ്പെടുക. ചിലപ്പോഴൊരു ചെറുസന്ദേശം പോലും പഴയ ബന്ധങ്ങൾ പുതുക്കാൻ മതിയാകും.

അമ്പതിനു ശേഷം സൗഹൃദം ജീവിതത്തിന്റെ ഒരു പുതിയതലത്തിലേക്ക് മാറുന്നു. ഈ ഘട്ടത്തിൽ സമയം കൂടുതൽ ലഭിക്കും പക്ഷേ ഒറ്റപ്പെടലും കൂടും. ഇവിടെ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ധൈര്യമാണ് നാം പുലർത്തേണ്ടത്.  സമൂഹത്തിലെ ഗ്രൂപ്പുകളിലും സംഘടനകളിലും പങ്കുചേരുക. യാത്രകൾ, പരിശീലന പരിപാടികൾ, സന്നദ്ധപ്രവർത്തനങ്ങൾ  ഇവയിൽ പങ്കെടുക്കുമ്പോൾ മനസ്സിനങ്ങിയ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും.

പുതിയ സൗഹൃദം ഉണ്ടാക്കാൻ  ഒരു പ്രായത്തിലും ഭയപ്പെടാതിരിക്കുക. ചിലപ്പോഴൊക്കെ തോന്നിയേക്കാം, ‘ഈ പ്രായത്തിൽ പുതിയ ബന്ധങ്ങൾ വേണോ?’ പക്ഷേ മനുഷ്യൻ ബന്ധങ്ങൾക്കായാണ് ജീവിക്കുന്നത്. പിന്തുണയും മനസ്സിലാക്കലും ഉൾപ്പെടുന്ന ബന്ധമാണ് സൗഹൃദം. അതിനാൽ ചെറിയ സംവാദങ്ങൾ പോലും വിലപ്പെട്ടവയാണ്. സൗഹൃദം നിലനിർത്തുന്നതും അത്ര തന്നെ പ്രധാനമാണ്. ബന്ധം തുടങ്ങുക എളുപ്പമായാലും അതിനെ ജീവനുള്ളതാക്കാൻ ശ്രദ്ധ വേണം. പരസ്പരം കേൾക്കുക, സമയം മാറ്റിവയ്ക്കുക, ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളെ വിലമതിക്കുക. ജീവിതത്തിന്റെ ഏത് ഘട്ടത്തിലായാലും, സൗഹൃദം പരിപാലിക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ സൗന്ദര്യം നിലനിൽക്കുന്നത്.

പലരുടെയും തെറ്റിദ്ധാരണയാണ് പ്രായം കൂടുമ്പോൾ സൗഹൃദത്തിന്റെ ആവശ്യം കുറയുന്നു എന്നത്. പ്രായം കൂടുന്തോറും സുഹൃത്തുക്കളുടെ സാന്നിധ്യം ജീവിതത്തെ കൂടുതൽ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്. 

സുഹൃത്തുക്കൾ നമ്മെ ഓർമ്മപ്പെടുത്തുന്നു, നമ്മൾ ഇപ്പോഴും മനുഷ്യരാണെന്ന്, നമ്മൾ ഇപ്പോഴും കേൾക്കപ്പെടേണ്ടവരാണെന്ന്.അതിനാൽ ജീവിതത്തിന്റെ ഏതു ഘട്ടത്തിലായാലും, മനസ്സ് തുറക്കുക. പുതിയ ആളുകളെ പരിചയപ്പെടുക, പഴയവരെ വിളിക്കുക, ബന്ധങ്ങളുടെ വാതിലുകൾ തുറന്നുവയ്ക്കുക. സൗഹൃദം എന്നത് പ്രായത്തിന്റെ കാര്യമല്ല അതൊരു മനസിന്റെ ഭാഷയാണ്. സ്നേഹമുള്ള ബന്ധം ജീവിതത്തിന്റെ ഏതു പ്രായത്തിലും പുതിയ പ്രകാശം പകരും.
ഏതുപ്രായത്തിലും സൗഹൃദം കണ്ടെത്താനുള്ള ആദ്യപടി തുറന്ന മനസ്സാണ്. കുട്ടിക്കാലത്തെപ്പോലെ എല്ലാവരെയും വേഗത്തിൽ സ്വീകരിക്കാൻ കഴിയണമെന്നില്ല.  എന്നാൽ ഈ പ്രായത്തിൽ തിരഞ്ഞെടുക്കുന്ന ബന്ധങ്ങൾ കൂടുതൽ അർത്ഥവത്തായിരിക്കും. സമാന താൽപ്പര്യമുള്ളവരുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ തേടുക..
സൗഹൃദസ്ഥാപനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ആത്മാർത്ഥതയാണ്. മറ്റുള്ളവരുടെ പ്രീതിപിടിച്ചുപറ്റുകയല്ല താൻ എന്താണോ അതായിത്തന്നെ പെരുമാറുകയാണ് ഉറച്ച സൗഹൃദത്തിന്റെ അടിത്തറയെന്ന് മറന്നുപോകരുത്.

More like this
Related

സൗഹൃദം നന്നായാൽ കൂടുതൽ ജീവിച്ചിരിക്കുമോ?

ദീർഘനാൾ ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതും ആരോഗ്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും സാമ്പത്തികത്തോടും...

സുഹൃത്താണോ… നല്ല സുഹൃത്താണോ?

സൗഹൃദം മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. തിരിച്ചറിവിന്റെ പ്രായം മുതൽ ജീവിതയാത്രയിലുടനീളം...

സൗഹൃദം അവസാനിപ്പിക്കാറായോ?

സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം...

സുഹൃത്തുക്കളുടെയും  സ്‌നേഹത്തിന്റെയും പിന്നാലെ?

സ്നേഹം നല്ലതാണ്;  സുഹൃത്തുക്കളുംസ്നേഹം ആവശ്യമാണ്; സുഹൃത്തുക്കളും... എല്ലാക്കാലവും മനുഷ്യർ ആഗ്രഹിക്കുന്ന രണ്ടുകാര്യങ്ങളാണ് ഇവ....
error: Content is protected !!