മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല മാതാപിതാക്കളും കുഴങ്ങുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെയും യാഹൂവിന്റെയും മുൻ സെക്യൂരിറ്റി ഓഫീസർ അലക്സ് സ്റ്റാമോസ് മാതാപിതാക്കളോടായി ചില കാര്യങ്ങൾ പറയുന്നത്. കുട്ടികൾക്ക് എപ്പോൾ മൊബൈൽ കൊടുക്കാം. മൊബൈൽ കൊടുത്തുകഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം
പതിമൂന്ന് വയസിന് മുമ്പ് ഫോൺ കൊടുക്കരുത്
പതിമൂന്നു വയസിന് മുമ്പ് കുട്ടികൾക്ക് മൊബൈൽ കൊടുക്കരുത്. കുട്ടിയുടെ പക്വതയും ഉത്തരവാദിത്തബോധവും മനസ്സിലാക്കിവേണം അവർക്ക് മൊബൈൽ കൊടുക്കേണ്ടത്. കുട്ടികൾ കാര്യങ്ങൾ പക്വതയോടെ ചെയ്യും എന്ന് ഏകദേശം ഉറപ്പിക്കാൻ കഴിയുന്ന പ്രായമാണ് പതിമൂന്ന്. അതുകൊണ്ടാണ് ഈ പ്രായം മുതൽക്കേ കുട്ടികൾക്ക് മൊബൈൽകൊടുക്കാവൂ എന്ന് പറയുന്നത്.
ആപ്പുകൾ നിശ്ചയിക്കുക
പലതരം ആപ്പുകൾ പ്രചാരത്തിലുണ്ട്. കുട്ടികൾക്കുളളതും മുതിർന്നവർക്കുള്ളതും. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം. മാതാപിതാക്കളുടെ അറിവോടും അനുവാദത്തോടും കൂടി മാത്രം ആപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കുക.
പാസ്വേഡുകൾ മാതാപിതാക്കൾക്കായിരിക്കണം
കുട്ടിക്ക് സ്വന്തമായി മൊബൈൽ കൊടുക്കുകയാണെങ്കിൽ അതിന്റെ പാസ്വേഡു മാതാപിതാക്കളായിരിക്കണം നിശ്ചയിക്കേണ്ടത്.
മിന്നൽപരിശോധന വേണം
മക്കളുടെ മൊബൈൽ ഇടയ്ക്കിടെ പരിശോധിക്കണം, അവർ എന്തു ചെയ്യുന്നു. എന്തുകാണുന്നു ആരോട് സംസാരിക്കു്ന്നു തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾക്ക് സൂക്ഷമപരിശോധന വേണം.
രാത്രിയിൽ ഫോൺ കൊടുക്കാതിരിക്കുക
രാത്രികാലങ്ങളിൽ മക്കൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക.
സോഷ്യൽ മീഡിയ ഉപയോഗം പ്രായപൂർത്തിയായതിനു ശേഷം മാത്രം
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗം ആരംഭിക്കുമ്പോൾ അവരുടെ പ്രൊഫൈൽ കൃത്യമായിരിക്കണം. പ്രായം കൂട്ടിയും മറ്റും പലകുട്ടികളും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാറുണ്ട് ഇത് അവരെ അപകടത്തിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്.
തുറന്ന സംവാദം നടത്തുക
കുട്ടികൾക്ക് ഓൺലൈൻ സാമൂഹികമാധ്യമങ്ങൾ വഴി തെറ്റുകൾ സംഭവിക്കുമ്പോൾ അവരെ കുറ്റപ്പെടുത്താതിരിക്കുക. തെറ്റുകൾ സംഭവിക്കുമ്പോൾ മാതാപിതാക്കളോട് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് നല്കിയിരിക്കണം. മക്കളുടെ ശിക്ഷകരായിട്ടല്ല രക്ഷകരായിട്ടാണ് ഇവിടെ മാതാപിതാക്കൾ പെരുമാറേണ്ടത്.
സാങ്കേതിക നിയന്ത്രണങ്ങൾ ഉപയോഗിക്കുക
കമ്മ്യൂണിക്കേഷൻ സേഫ്റ്റിപോലെയുള്ള സാങ്കേതിക നിയന്ത്രണങ്ങൾ ഫോണുകളിൽ ഉപയോഗിക്കുക. ഇത് നഗ്നചിത്രങ്ങൾ അയ്ക്കുന്നതും സ്വീകരിക്കുന്നതും തടയാനുള്ള സംവിധാനമാണ്.
