ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം.
പ്രതികരണം മാന്യമായിരിക്കുകയും കുറയ്ക്കുകയും ചെയ്യുക
ചിലരുണ്ട് എന്തിനോടും വളരെ പെട്ടെന്ന് പ്രതികരിക്കും. വിവേകത്തെക്കാൾ കൂടുതൽ വികാരമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. വികാരങ്ങളെ കീഴ്പ്പെടുത്തിയാൽ മാത്രമേ ജീവിതം നമ്മുടെ വരുതിയിൽ നില്ക്കുകയുളളൂ. അനാവശ്യമായ പ്രതികരണങ്ങൾ ഒഴിവാക്കുക. ആവശ്യമെങ്കിൽ വളരെ കുറച്ചു പ്രതികരിക്കുക. വികാരങ്ങളെ കീഴ്പ്പെടുത്തുകയാണ് മുഖ്യം. അപ്പോൾ നമ്മുടെ സമാധാനം നമ്മോടുകൂടെയായിരിക്കും.
അമിതപ്രതീക്ഷകൾ ഇല്ലാതിരിക്കുക
അമിതപ്രതീക്ഷകളാണ് ജീവിതത്തെ ക്ഷതമേല്പിക്കുന്നത്. ആ ക്ഷതങ്ങൾ ചിലപ്പോൾ ജീവിതത്തെ നിരാശയിലേക്ക് കൊണ്ടുപോകും. അമിതപ്രതീക്ഷകൾ ഇല്ലാതിരിക്കുകയും യാഥാർത്ഥ്യബോധമുള്ളവരായിരിക്കുകയും ചെയ്യുക.
ഉള്ളതിൽ സംതൃപ്തി കണ്ടെത്തുക
ഇല്ലാതെപോയതിനെയോർത്ത് ആലോചിച്ചിരുന്നാൽ ജീവിതത്തിൽ സംതൃപ്തി ഉണ്ടാവുകയില്ല. സന്തോഷം കെടുത്തുന്ന ഒരു കാരണം കൂടിയാണ് അത്. ഉളളതിലേക്ക് നോക്കുക. അതിൽ സന്തോഷിക്കുകയും സംതൃപ്തി കണ്ടെത്തുകയും ചെയ്യുക.
ആകാവുന്നതിന്റെ അങ്ങേയറ്റം ചെയ്യുക
കഴിവിന് അനുസരിച്ചും പരമാവധിയും പ്രവർത്തിക്കുക. അതിന്റെ ഫലത്തെക്കുറിച്ചോർത്ത് തലപുകയ്ക്കാതിരിക്കുക. പക്ഷേ പരിശ്രമം അവസാനിപ്പിക്കുകയുമരുത്. കൂടുതൽ പരിശ്രമിക്കുക. ഭാഗ്യവും അവസരങ്ങളും കടന്നുവരുന്നത് പരിശ്രമം തുടരുമ്പോഴും അധ്വാനിക്കുമ്പോഴുമാണ്.
ജീവിതം ആസ്വദിക്കുക
ജീവിതം ആസ്വദിക്കാൻ മറന്നുപോകരുത്. നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുമ്പോഴും ജീവിക്കുമ്പോഴും നിങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ജീവിതം നിങ്ങളാണ് ജീവിക്കേണ്ടത്. അതിന് പകരക്കാരില്ല. നിങ്ങളുടെ ജീവിതം ആനന്ദഭരിതമാക്കേണ്ടത് നിങ്ങളുടെ മാത്രം കടമയാണെന്ന് മറക്കരുത്.
വിവേകപൂർവമായി തിരഞ്ഞെടുക്കുക
ബന്ധങ്ങൾ എല്ലാക്കാലത്തും നമുക്ക് അനിവാര്യമാണ്. വ്യക്തിഗതമായ വളർച്ചയ്ക്കും സന്തോഷകരമായ ജീവിതത്തിനും അതാവശ്യമാണ്. പക്ഷേ ബന്ധങ്ങളുടെ തിരഞ്ഞെടുപ്പിൽ വിവേകം പാലിക്കണം. അത് സുഹൃത്തുക്കളുടെ കാര്യമായാലും മറ്റു ബന്ധങ്ങളുടെ കാര്യത്തിലായാലും. സ്വാർത്ഥതയ്ക്കുവേണ്ടി കൂടെ കൂട്ടുന്നവരെയും നമ്മെ ഉപയോഗിച്ച് സ്വന്തം കാര്യം നേടിയെടുക്കുന്നവരെയും അകറ്റിനിർത്തുക.
പരാശ്രയത്വം ഒഴിവാക്കുക
ഏതുകാര്യത്തിനും മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതിരിക്കുക. ആശ്രിതത്വം അടിമത്തമാണ്. പരാശ്രയത്വമാകട്ടെ ആത്മാഭിമാനവും അന്തസും ഉയർത്തും.
നല്ലതു കാണുക
ഏതുകാര്യത്തിലും നെഗറ്റീവ് കാണുന്നവരുണ്ട്. അത് ജീവിതത്തിന് ദോഷം ചെയ്യും. വളർച്ച മുരടിപ്പിക്കും. നല്ലതിനെ നല്ലതായി കാണാൻ പഠിക്കുക. തീർച്ചയായും നെഗറ്റീവുണ്ട്. പക്ഷേ അതിനെക്കാൾ ഈ ലോകത്തിൽ പോസിറ്റിവിറ്റിയുണ്ട്..