വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു ദിവസം ചെയ്തുതീർക്കേണ്ട പല കാര്യങ്ങളും കൃത്യതയോടെ ചെയ്തുതീർക്കാൻ കഴിയാതെ പോകുന്ന സാഹചര്യമാണുള്ളത്. ഒരു ദിവസം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ അല്ലെങ്കിൽ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ ദിവസത്തിന്റെ തുടക്കം നേരത്തെയാക്കണം. നല്ല തുടക്കം പാതി ചെയ്തുതീർത്തതിന് തുല്യമാണെന്നാണല്ലോ പറയുന്നത്. എട്ടുമണിക്കോ ഒമ്പതുമണിക്കോ എണീറ്റുവരുമ്പോൾ ഒരു ദിവസത്തിലെ തന്നെ അതിപ്രധാനപ്പെട്ട മണിക്കൂറുകൾ നാം പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്. ഉറക്കം നല്ലതല്ല എന്നല്ല മറിച്ച് ഉറങ്ങാനും ഉണരാനും ഒരു സമയമുണ്ട് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. നേരത്തെ എണീല്ക്കുന്നതിലൂടെ മനസ്സും ശരീരവും മെച്ചപ്പെടുകയും ജീവിതം സന്തോഷഭരിതമാകുകയും ചെയ്യും. ഇതിലൂടെ നമുക്ക് കിട്ടുന്ന നന്മകൾ എന്തെല്ലാമാണ്?
നേരത്തെ എഴുന്നേൽക്കുകയും പ്രഭാതം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവർക്ക് കൂടുതൽ പ്രവർത്തിക്കാൻ കഴിയും. അതുവഴി കൂടുതൽ ഉത്സാഹവും പോസിറ്റാവായ മനോഭാവവും ലഭിക്കും.അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും സന്തോഷകരമായ മനോഭാവം സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാത്രവുമല്ല ദിവസം നേരത്തെ ആരംഭിക്കുന്നത് മനുഷ്യന്റെ ജീവിതശൈലിയെ തന്നെ മാറ്റിമറിക്കുന്ന ഒരു ശീലം ആണ്. സൂര്യോദയത്തോടൊപ്പം എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ജൈവഘടികാരം സ്വാഭാവികമായ ക്രമത്തിലാകുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ശരീരത്തിനുള്ളിലെ പ്രകൃതിദത്ത ഊർജം വർധിക്കുകയും ചെയ്യും. കൂടുതൽ സമയം ലഭിക്കുന്നതിനാൽ വ്യക്തിദിവസം മുഴുവൻ പദ്ധതിപൂർവ്വം കാര്യങ്ങൾ നടത്താനും സമയനിയന്ത്രണം പുലർത്താനും കഴിയും. മനസ്സിൽ ഉണ്ടാകുന്ന ആശങ്കയും പിരിമുറുക്കവും കുറയ്ക്കാനും ഇതു സഹായിക്കും. ജീവിതത്തിൽ അധികസമ്മർദ്ദവും മാനസികപ്രയാസങ്ങളും അനുഭവിക്കുന്നതിന് കാരണവും വൈകിയുള്ള ഉണരലാണ്. ചില അപകടങ്ങൾ സംഭവിക്കുന്നത് നോക്കൂ. അവർ വളരെ വൈകി എണീല്ക്കുന്നു. എന്നാൽ കൃത്യസമയത്ത് ഓഫീസിലോ കോളജിലോ അല്ലെങ്കിൽ പ്രത്യേകമായ ഇടങ്ങളിലോ എത്തിച്ചേരണം. അതിനുവേണ്ടി വേഗത്തിൽ വണ്ടിയോടിക്കുന്നു. തിരക്കുകൂട്ടുന്നു. അപ്പോൾ അപകടമുണ്ടാകുന്നു. അശ്രദ്ധകൊണ്ടു സംഭവിക്കുന്ന പല അപകടങ്ങൾക്ക് പിന്നിലുള്ളതും സമയക്ലിപ്തത പാലിക്കാത്തതും സമയം പാഴാക്കിക്കളയുന്നതുമാണ്. അതിന് പിന്നിലാവട്ടെ വൈകിയുള്ള ഉറക്കമുണരലും.
നേരത്തെ എണീല്ക്കുമ്പോൾ കിട്ടുന്ന അധികസമയം ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുക.. ഇതിൽ ആദ്യത്തേതാണ് വ്യായാമം. എഴുന്നേൽക്കുന്നതിനു പിന്നാലെ വ്യായാമം ചെയ്യുക. മനുഷ്യന്റെ ശരീരത്തിന് ആരോഗ്യവും കരുത്തും നിലനിർത്താൻ വ്യായാമം നിർബന്ധമാണ്. പ്രഭാതത്തിലെ നടത്തം, യോഗാഭ്യാസം, പ്രാണായാമം തുടങ്ങിയവ ചെയ്യുമ്പോൾ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. എൻഡോർഫിൻ എന്നറിയപ്പെടുന്ന ഹോർമോൺ പുറപ്പെടുവിക്കുന്നതിലൂടെ മനസ്സിന് ആനന്ദവും ഉണർവും ലഭിക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തിലെ മടുപ്പും ഉറക്കവും മാറി ദിവസം ആരംഭിക്കാനുള്ള ആത്മവിശ്വാസം വർധിക്കുന്നു.
ധ്യാനം, ശ്വാസോച്ച്വാസാഭ്യാസം തുടങ്ങിയവയും ജീവിതത്തിൽ സമാധാനം വളർത്താൻ സഹായിക്കുന്നു. ഇന്ന് മനുഷ്യർ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയാണ് മാനസിക പിരിമുറുക്കം. പ്രഭാതത്തിൽ കണ്ണടച്ച് കുറച്ച് നിമിഷങ്ങൾ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിനെ ശാന്തമാക്കുന്നു. ധ്യാനം മനസ്സിൽ തെളിച്ചവും ഏകാഗ്രതയും വർധിപ്പിക്കുന്നു. ഇതുവഴി പഠനത്തിലും ജോലിയിലും കൂടുതൽ ശ്രദ്ധയും കഴിവും പ്രകടമാക്കാൻ കഴിയുന്നു. വൈകി എണീല്ക്കുന്ന പലരും ജോലിക്ക് പോകാനുള്ള തിരക്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ്. പ്രഭാതഭക്ഷണം ആ ദിവസത്തേക്കു മുഴുവനുമുള്ള ഇന്ധനമാണ് തരുന്നത്. അതൊഴിവാക്കുമ്പോൾ നല്ലതുപോലെ പ്രവർത്തിക്കാൻ കഴിയാതെ വരും. നല്ല പ്രഭാതഭക്ഷണം ദിവസത്തെ സന്തോഷകരമാക്കാനുള്ള മറ്റൊരു മാർഗമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തവർക്ക് ദിവസം കടന്നുപോകുന്തോറും ക്ഷീണവും മടുപ്പും അനുഭവപ്പെടാറുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, പാൽ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഭക്ഷണക്രമം ദിവസം മുഴുവൻ ശരീരത്തിന് ഉത്സാഹവും ശക്തിയും നൽകുന്നു. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
നല്ല ചിന്തകളോടെയായിരിക്കണം ദിവസം ആരംഭിക്കേണ്ടത്. നന്ദിപ്രാർത്ഥനകൾ പറയുകയോ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ വായിക്കുകയോ സ്വന്തം ലക്ഷ്യങ്ങൾ മനസ്സിൽ ഓർക്കുകയോ ചെയ്താൽ മനസ്സിനെ പോസിറ്റീവ് ദിശയിൽ എത്തിക്കാം.
പലരും ദിവസത്തിന്റെ തുടക്കത്തിൽ തന്നെ വാർത്തകളിലോ സാമൂഹിക മാധ്യമങ്ങളിലോ മുഴുകാറുണ്ട്. എന്നാൽ അത് പലപ്പോഴും മാനസികമായി അലോസരപ്പെടുത്തുന്ന വിവരങ്ങൾ നിറഞ്ഞതായിരിക്കും. അതിനാൽ നല്ല ചിന്തകളോടെ ദിനം ആരംഭിക്കുന്നത് മനസ്സിനെ സന്തുലിതവും സന്തോഷകരവുമാക്കും.സൂര്യപ്രകാശം മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യമാണ്. പ്രഭാതത്തിലെ പ്രകാശം ശരീരത്തിന് വിറ്റാമിൻ ഡി നൽകുകയും ആരോഗ്യത്തിനും പ്രതിരോധശേഷിക്കും സഹായിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം ജൈവഘടികാരത്തെ ഉണർത്തുന്നതിനാൽ ശരീരത്തിന്റെ സ്വാഭാവിക സമയക്രമം മെച്ചപ്പെടുന്നു. ഇതുവഴി ഉറക്കം നിയന്ത്രിക്കപ്പെടുകയും മാനസികോല്ലാസം വർധിക്കുകയും ചെയ്യും.ഇങ്ങനെ നേരത്തെ എഴുന്നേറ്റ് ദിനത്തിന്റെ തുടക്കത്തിൽ ചില നല്ല ശീലങ്ങൾ ഉൾക്കൊള്ളുമ്പോൾ ദിനം മുഴുവൻ മനോഭാവം ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും നിറഞ്ഞതായിരിക്കും. ജീവിതത്തെ സന്തോഷകരമാക്കാൻ വലിയ കാര്യങ്ങൾ ആവശ്യമില്ല. പ്രഭാതത്തിൽ സ്വീകരിക്കുന്ന ചെറിയൊരു മാറ്റം പോലും ജീവിതത്തിൽ വലിയ സന്തോഷം നിറയ്ക്കുന്നതായിരിക്കും.