ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു കർട്ടൻ വീഴുന്നതുവരെയും. അതിനുശേഷം അഭിനേതാക്കൾ യഥാർത്ഥജീവിതത്തിലേക്ക് മടങ്ങുന്നു. യഥാർത്ഥജീവിതത്തിലേക്ക് കൂടുമാറാൻ കഴിയുമ്പോഴാണ് അഭിനയം കലയാകുന്നത്. അതിനു പകരം ജീവിതകാലം മുഴുവൻ കഥാപാത്രമായി ജീവിക്കേണ്ടിവരുമ്പോൾ അത് അഭിനയമാകുന്നു, നാട്യമാകുന്നു. ക്യാമറയ്ക്ക് മുന്നിലെന്നതുപോലെ ജീവിതത്തിലും ഉടനീളം അഭിനയിക്കുന്നവരുണ്ട്. അഭിനയിക്കുന്നതുപോലെ ഒരാൾക്കും ജീവിക്കാനാവില്ല. ജീവിക്കുന്നതുപോലെ അഭിനയിക്കാനും. അഭിനയിക്കുന്നത് എപ്പോഴും മറ്റൊരാളായിക്കൊണ്ടാണ്, മറ്റൊരാളായി മാറാനാണ്. അവിടെതന്നെ അതിന് വാസ്തവികതയില്ല. നിത്യജീവിതത്തിൽ അഭിനയിക്കുന്നത് സ്വന്തം തനിമയെ മറച്ചുവയ്ക്കലാണ്, യഥാർത്ഥ എന്നെ നിനക്ക് ഇഷ്ടമാകുമോയെന്ന് ഭയക്കുന്നതുകൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്. എനിക്കറിയാം യഥാർത്ഥത്തിലുള്ള എന്നെ നിനക്കിഷ്ടമാകില്ലെന്ന്. അതുകൊണ്ട് നിനക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ഞാൻ അഭിനയിക്കുന്നു.നിന്റെ സ്നേഹം പിടിച്ചുപറ്റാൻ, നിനക്ക് ഇണങ്ങുന്ന വേഷമാകാൻ എനിക്ക് പാകമാകാത്ത വേഷങ്ങൾ ധരിക്കുന്നു. അങ്ങനെ അഭിനയിക്കുമ്പോൾ ഞാൻ എന്നെതന്നെ വഞ്ചിക്കുന്നു. മറ്റൊരാളുടെ വേഷം കട്ടെടുത്തതിന്റെ അപമാനവും ആത്മനിന്ദയും ഞാൻ ചുമക്കേണ്ടതാണ്. പക്ഷേ അതിനുപകരം ഞാൻ അഭിനയം തുടരുകയാണ് ചെയ്യുന്നത്.
അഭിനയിക്കാതിരിക്കുന്നതിന് അസാമാന്യമായ തന്റേടം വേണം. ഇതാണ് ഞാൻ.. ഇങ്ങനെയാണ് ഞാൻ.. ഇത്തരത്തിലുള്ള വിളിച്ചുപറയലിന് മുമ്പിൽ ചേർന്നുനില്ക്കുന്ന പലരും വിട്ടുപോയെന്നുവരാം. അപ്രകാരം പലരും വിട്ടുപോയിട്ടും ഒരാളെങ്കിലും നിന്നോട് ചേർന്നുനില്ക്കുന്നുണ്ടെങ്കിൽ അയാൾ മാത്രമാണ് നിന്നെ സ്നേഹിക്കുന്നത്. അയാളുടേതുമാത്രമാണ് യഥാർത്ഥ സ്നേഹം. അയാൾ നിന്നെ സ്നേഹിച്ചത് നീയായിരിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ആ സ്നേഹത്തിന് മറ്റെന്തിനെക്കാളും വില കൊടുക്കേണ്ടതുണ്ട്.
അഭിനയിക്കാതെ ജീവിക്കുമ്പോൾ കിട്ടുന്ന ബന്ധങ്ങളും നേട്ടങ്ങളുമാണ് നീ ജീവിതം കൊണ്ട് നേടിയെടുക്കുന്ന സമ്പാദ്യങ്ങളിൽ പ്രധാനപ്പെട്ടത്. അഭിനയിക്കാതെ പെരുമാറൂ.. എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലായിരിക്കും സാരമില്ല ആത്മനിന്ദയില്ലാതെ ജീവിക്കാൻ കഴിയുമല്ലോ. അതുപോരെ മനഃസമാധാനത്തിന്?