സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം അവതരിപ്പിക്കുന്നത്. കേൾക്കുന്ന ആൾ അത് പൂർണ്ണമായും വിശ്വസിക്കണമെന്ന് നമുക്ക് നിർബന്ധവുമുണ്ട്. എന്നാൽ വേറെ ചിലർ നുണ പറയുമ്പോൾ കൃത്യമായി നമുക്കത് മനസ്സിലാക്കാനുമാവും. നുണയാണ് പറയുന്നതെന്ന നാം പ്രസ്താവിക്കുകയുംചെയ്യും. അതെന്തുമാവട്ടെ ഒരാൾ നുണയാണോ പറയുന്നതെന്ന് മനസ്സിലാക്കാൻ നുണ പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമൊന്നുമില്ല. ചില സൂചനകളിലൂടെ, പറയുന്ന രീതികളുടെ പ്രത്യേകതകളിലൂടെ നുണ മനസ്സിലാക്കാനാവും.
നുണ പറഞ്ഞ ആൾ അതേ സംഭവത്തെക്കുറിച്ച് വീണ്ടും പറയേണ്ടിവരുകയാണെങ്കിൽ ആദ്യം പറഞ്ഞതുപോലെയായിരിക്കില്ല രണ്ടാമതു പറയുന്നത്. വിശദാംശങ്ങളിലും വിശദീകരണങ്ങളിലുമെല്ലാം മാറ്റം വരും. ചില ഭാഗങ്ങൾ ഒഴിവാക്കുകയോ മറ്റുചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്യും. സ്ഥിരതയില്ലാത്ത വിശദാംശങ്ങളായിരിക്കും അവർ നല്കുന്നത്.കാരണം തങ്ങൾ ആദ്യം പറഞ്ഞത് എന്തായിരുന്നുവെന്നോ എങ്ങനെയായിരുന്നുവെന്നോ അവർ മറന്നുപോയിരിക്കുന്നു.
വാക്കുകൾക്കൊണ്ട് നുണ പറയുമ്പോഴും ശരീരം അതിനെ പലപ്പോഴും പ്രതിരോധിക്കാറുണ്ട്. വാക്കും ശാരീരികനിലയും തമ്മിൽ പൊരുത്തക്കേടുകളുണ്ടാകുന്നത് പറയുന്ന കാര്യം നുണയാകുമ്പോഴാണ്. വാക്കുകൾ കൊണ്ട് യെസ് പറയുമ്പോഴും അബോധപൂർവ്വമായി ശിരസുകൊണ്ട് അവർ നോയെന്നായിരിക്കും ചലിപ്പിക്കുന്നത്.
സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന തീരെ ചെറിയ പ്രതികരണങ്ങളും നുണ വെളിപെടുത്തുന്നവയാണ്. ബോധപൂർവ്വം സംഭവിക്കുന്നവയായിരിക്കണം ഈ പ്രതികരണങ്ങൾ എന്നില്ല. മറിച്ച് ആ വ്യക്തിയുടെ യഥാർത്ഥ വികാരങ്ങൾ അവർ അറിയാതെതന്നെ പ്രകടിപ്പിച്ചുപോകുന്നതാവാം.
ചില ചോദ്യങ്ങൾക്കു മുമ്പിൽ പെട്ടെന്ന് മറുപടി പറയാൻ വിസമ്മതിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. അതുപോലെ ചോദ്യം ആവർത്തിക്കാൻ ആവശ്യപ്പെടുന്നവരെയും? രണ്ടും നുണ പറയാൻ അവർ സമയമെടുക്കുന്നു, നുണ ആലോചിക്കാൻ സമയം കണ്ടെത്തുന്നു എന്നതിന്റെ സൂചനയാണ്.
മുഖത്തുനോക്കിയോ കണ്ണിൽ നോക്കിയോ സംസാരിക്കാൻ വിമുഖതയുള്ളവരുണ്ട്. ആത്മവിശ്വാസക്കുറവിന്റെ മാത്രംഭാഗമല്ല ഇത്. മറിച്ച് തങ്ങളുടെ ജെനുവിൻ സെൽഫ് അനാവരണം ചെയ്യാൻ അവർക്ക് കഴിവില്ലാത്തതുകൊണ്ടും അവർ നുണപറയുന്നവരായതുകൊണ്ടുമാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായശരീരഭാഷ നുണപറയുന്നതിന്റെ പ്രകടമായ അടയാളമായി മാറാറുണ്ട്.
അധികവും അമിതവുമായ വിശദീകരണങ്ങളും ആവശ്യമില്ലാത്ത വിധത്തിലുള്ള വ്യാഖ്യാനങ്ങളും ലഭിക്കുമ്പോൾ സൂക്ഷിക്കുക.തങ്ങളെ വിശ്വാസത്തിലെടുക്കാനും തങ്ങൾ പറയുന്നത് സത്യമാണെന്ന് വിശ്വസിപ്പിക്കാനും വേണ്ടി തങ്ങളുടെ നുണകളെ അവർ വെള്ളപൂശിയെടുക്കുന്നതിന്റെ ഭാഗമാണ് അത്. സംഭാഷണത്തിലെയും വിശദീകരണത്തിലെയും പൊരുത്തക്കേടുകളും നുണയാണ് പറയുന്നത് എന്നതിന്റെ സൂചനകളാണ്.
ചോദ്യംചെയ്യപ്പെടുമ്പോൾ പ്രതിരോധിക്കാനുളള ശ്രമവും പ്രകടമാക്കുന്ന അസഹിഷ്ണുതയും നുണ വെളിച്ചത്തുവരുമോയെന്ന് ഭയക്കുന്നതിന്റെ തെളിവാണ്. ചോദ്യം ചെയ്യുന്ന ആളെ തിരികെ ചോദ്യം കൊണ്ട് ആക്രമിക്കുക, ഉത്തരം പറയാതെ തിരികെ ചോദ്യം ചെയ്യുക എന്നിവയെല്ലാം നുണയന്മാരുടെ ലക്ഷണങ്ങളാണ്.
സത്യമാണ് ഞാൻ പറയുന്നതെന്നും എന്നെ വിശ്വസിക്കൂവെന്നും ഞാൻ സത്യസന്ധനാണെന്നുമെല്ലാമുള്ള അവകാശവാദങ്ങളും നുണയന്മാരുടെ ആയുധങ്ങളാണ്. സത്യസന്ധനാണെന്ന് വിശ്വസിപ്പിക്കാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണവ.