പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ പലപ്പോഴും പിടുത്തം തരാതെ രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ ഒരു പൂവോ പൂന്തോട്ടമോ കാണുകയാണെങ്കിൽ പൂമ്പാറ്റകൾ അതിൽ ആകർഷിതരായി മാറും. അപ്പോൾ പിടികൂടാൻ എളുപ്പവുമാണ്. ഇതുപോലെയാണ് മറ്റുള്ളവരെ സ്വന്തമാക്കാൻ വേണ്ടിയുള്ള നമ്മുടെ ശ്രമവും.
ഇഷ്ടമുള്ളവരെ തന്നിലേക്കാകർഷിക്കാൻ ചിലരൊക്കെ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്താറുണ്ട്. കൊച്ചുകുട്ടികളുടെ സ്നേഹം പിടിച്ചുപറ്റാനും അവരെ കൈകളിലെടുത്ത് ഓമനിക്കാനും വേണ്ടി കളിപ്പാട്ടമോ മധുരപലഹാരങ്ങളോ വച്ചുനീട്ടി ആകർഷിക്കുന്നതുപോലെ.. എത്രശ്രമിച്ചിട്ടും അവർ നമ്മളിലേക്ക് വരണമെന്നില്ല. പിടികൂടാൻ ശ്രമിച്ചിട്ടും പിടിതരാതെ പോകുന്ന പൂമ്പാറ്റകളെപോലെയാണ് ചില മനുഷ്യർ. അവരെ ഓടിച്ചിട്ട് പിടിക്കാൻ നോക്കരുത്. പൂവുകളാകുക. പൂന്തോട്ടങ്ങളാകുക. അപ്പോൾ പൂമ്പാറ്റകൾ നമ്മളിലേക്ക് പറന്നുവരും. വ്യക്തിത്വസവിശേഷതകൾ, മാന്യമായ പെരുമാറ്റം, ആദരവ് കലർന്ന ഇടപെടൽ, ആത്മാർത്ഥമായ ഇടപെടലുകൾ, വാക്കുപാലിക്കുന്ന മനോഭാവം.. ഇങ്ങനെ ഒരു വ്യക്തിയെ പൂവും പൂന്തോട്ടവുമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ഒരാളും ഒരുതരത്തിലും നിന്നിലേക്ക് ആകർഷിതരാകുന്നില്ലേ, എങ്കിൽ അവർക്കല്ല നിനക്കാണ് പ്രശ്നം എന്ന് മനസ്സിലാക്കാൻ ഇനിയും വൈകരുത്. പൂവും പൂന്തോട്ടവുമാകുമ്പോൾ ചിത്രശലഭങ്ങൾ പറന്നുവരുമെന്നു തന്നെയാണ് ജീവിതം നല്കുന്ന ഒരുപാഠം.
ആശംസകളോടെ
വിനായക് നിർമ്മൽ