അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അതിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എങ്ങനെയാണ് വിഗ്രഹവൽക്കരിക്കപ്പെടുന്നത്? അല്ലെങ്കിൽ ചിലരൊക്കെ ചിലർക്ക് ആരാധനാപാത്രങ്ങളായി അവരോധിക്കപ്പെടാൻ എന്താണ് കാരണമായിരിക്കുന്നത്? എനിക്കില്ലാത്തതൊക്കെ മറ്റേ ആൾക്ക് ഉണ്ടെന്ന ധാരണ.. എന്നെക്കാളും മീതെയാണ് ആൾ നില്ക്കുന്നതെന്ന വിശ്വാസം.. എനിക്കില്ലാത്ത കഴിവുകൾ കൊണ്ടും പദവികൾകൊണ്ടും പ്രശസ്തികൊണ്ടും അലങ്കരിക്കപ്പെട്ടവനാണ് എന്ന ചിന്ത.. ഇങ്ങനെ ഒരു വ്യക്തിയോടുള്ള സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ആരാധനയിൽ നി്ന്നും രൂപമെടുക്കുന്നതാണ് വിഗ്രഹവൽക്കരണം. ഒരു വ്യക്തി വിഗ്രഹവൽക്കരിക്കപ്പെടുന്നതോളം വലിയ അപകടം മറ്റൊന്നില്ല. അയാൾ പിന്നെ തെറ്റുകൾക്ക് അതീതനും വിശുദ്ധിയുടെ പരിവേഷം ഉള്ളവനുമായി മാറുന്നു. അയാൾ എല്ലാവരെയും വിമർശിക്കാൻ യോഗ്യനും ആദരണീയനുമാകുന്നു,. യഥാർത്ഥത്തിൽ വിഗ്രഹങ്ങൾ സ്വയംഭൂക്കളല്ല നമ്മളാണ് അവരെ സൃഷ്ടിക്കുന്നത്.. നമ്മളാണ് അവർക്ക് സ്വർണ്ണം പൂശുന്നത്. എല്ലാ മനുഷ്യരും ഏറിയും കുറഞ്ഞും പലതരത്തിലുളള കുറവുകളുള്ളവരാണ്, ബലഹീനതകളുളളവരാണ്. ഒരാൾക്ക് ഒരുതരത്തിലുള്ള ബലഹീനതകളാണ് എങ്കിൽ മറ്റൊരാൾക്ക് മറ്റൊരുവിധത്തിലുള്ള ബലഹീനതകളുണ്ടായിരിക്കും. ഇതിൽ ഏതു മോശം ഏതുതാരതമ്യേന ഭേദം എന്ന് എങ്ങനെ പറയാനാവും? വ്യക്തിപരമായ കുറവുകൾ സമൂഹത്തിന്റെ അസ്വസ്ഥതയാകാത്തിടത്തോളം കാലം ഓരോരുത്തരും അവനവരുടെ വൈകല്യങ്ങളുമായി ജീവിക്കുക തന്നെയാണ്. ആരെയും അറിയിക്കാതെയും ആരോടും പങ്കുവയ്ക്കാതെയും.. നമുക്ക് ചെയ്യാനുള്ളത് ഒന്നു മാത്രമേയുള്ളൂവെന്ന് തോന്നുന്നു ആരെയും വിഗ്രഹമാക്കാതെയിരിക്കുക. എന്നെപോലെ കുറവുകളുള്ള വ്യക്തികളാണ് അവരും എന്ന് മനസ്സിലാക്കിക്കഴിയുമ്പോൾ വിഗ്രഹത്തിന് മുമ്പിലെന്നതുപോലെ തൊഴുകൈയുമായി നില്ക്കേണ്ടിവരില്ല. ഉടഞ്ഞുവീഴുന്ന വിഗ്രഹങ്ങളെയോർത്ത് പരിഭ്രാന്തരാവുകയില്ല. വിഗ്രഹങ്ങളെ വീഴ്ത്തിയവരെയോർത്ത് കലിതുള്ളുകയുമില്ല.
വിഗ്രഹമാകാതിരിക്കുക.. വിഗ്രഹമാക്കാതിരിക്കുക
ആദരപൂർവ്വം
വിനായക് നിർമ്മൽ
