മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും മറ്റുള്ളവരോടുളള നമ്മുടെ സമീപനം എന്താണ് എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണം സംഭാഷണം. പലർക്കും മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാൻ ബുദ്ധിമുട്ടാണ്. ഒരു നിമിഷം പോലും മുഖത്തുനോക്കി സംസാരിക്കാൻ കഴിയാതെ പോകുന്നവരുണ്ട്. എന്നാൽ ചിലരാകട്ടെ സംഭാഷണം നടത്തുമ്പോൾ മറ്റേ ആളുടെ കണ്ണിൽ നോക്കിയായിരിക്കും സംസാരിക്കുന്നത്. സംഭാഷണത്തിനിടയിൽ വ്യക്തിയുടെ കണ്ണിൽ നോക്കുന്നത് ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും പ്രകടനമാണ്. എന്നാൽ കൂടുതൽ നേരം കണ്ണിൽ നോക്കുന്നതും രൂക്ഷമായി നോക്കുന്നതും അത്ര നല്ലതുമല്ല. അതൊരു ഭീഷണിയായി തോന്നിയേക്കാം. നോട്ടം പലയിടത്തേക്കും മാറ്റാതെ സ്വാഭാവികമായ രീതിയിൽ കണ്ണോട്ടം നടത്തുന്നതാണ് നല്ലത്.
ഒരുപാട് മാറിക്കൊണ്ടിരിക്കാതെ സ്വാഭാവികമായ കണ്ണോട്ടം പുലർത്തുക. ചിരിച്ചുകൊണ്ട് വ്യക്തികൾ സംസാരിക്കുമ്പോൾ അതൊരാശ്വാസമായി തോന്നുന്നു. കൂടുതലായി മനസ്സു തുറക്കാൻ നമുക്കത് പ്രേരണയും ശക്തിയും നല്കുന്നു. മാത്രവുമല്ല വിശ്വാസവും സൗഹൃദവും രൂപപ്പെടുത്താനും ചിരി വഴിയൊരുക്കുന്നു. ചിരി സഹജമായിരിക്കണം. ഉള്ളിൽ നിന്നുള്ളതായിരിക്കണം. ചിരിക്കാൻ വേണ്ടി ചിരിക്കുമ്പോഴോ കൃത്രിമമായി ചിരിക്കുമ്പോഴോ ചിരിയുടെ അർത്ഥം ചോർന്നുപോകുന്നു.തോളുകൾ നിവർത്തി, കൈകൾ തുറന്ന നിലയിൽ വച്ചുകൊണ്ട് സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ ഇത് കൃത്യമായ ശരീരഭാഷയുടെ അനാവരണമാണ്. അയാൾ തുറവിയുള്ളവനാണ്. കേൾക്കാൻ സന്നദ്ധനും മുൻവിധികൾ കൂടാതെ സംസാരിക്കാൻ സന്നദ്ധനുമാണ് എന്നതിന്റെ സൂചനയാണ്. തുറന്ന നിലപാടാണ് അവിടെ വ്യക്തമാകുന്നത്. ചിലർ കൈകൾ കെട്ടിയിരുന്ന് സംസാരിക്കാറുണ്ട്. അടച്ച മനസ്സിന്റെ തെളിവാണ് അതെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം പ്രതിരോധം തീർക്കലിന്റെയും. ചിലർ സംസാരിക്കുമ്പോഴോ കേൾക്കുമ്പോഴോ മുന്നോട്ടാഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ശ്രദ്ധയുടെയും താൽപ്പര്യത്തിന്റെയും ഭാഗമാണ്.
സംസാരിക്കുമ്പോൾ കൈകൾ അനാവശ്യമായും കൂടുതലായും ചലിപ്പിക്കാതിരിക്കുകയാണ് നല്ലത്. അനുയോജ്യമായ രീതിയിലും തോതിലും കൈകൾ ചലിപ്പിക്കുക. പ്രധാനപ്പെട്ട വിഷയങ്ങൾ വിശദീകരിക്കുമ്പോൾ കൈകളുടെ ചലനം അത്യാവശ്യമാണ്. ചിലർ സംസാരിക്കുമ്പോൾ വളരെ അടുത്തുനിന്നാണ് സംസാരിക്കുന്നത്. രണ്ടുരീതിയിൽ അതിനെ കാണാം. നല്ല സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ രണ്ടുപേർക്കുമിടയിൽ അകലം പാലിക്കണമെന്നില്ല. എന്നാൽ അത്രയധികം അടുപ്പമില്ലാത്തവരോടോ അപരിചിതരോടോ ശാരീരികമായ അകലം പാലിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുമായുളള ആരോഗ്യപരമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. അധികം അടുത്തുനിന്ന് സംസാരിക്കുന്നത് ചിലരെ അസ്വസ്ഥരാക്കാറുമുണ്ട്. കൃത്യമായ തോതിലുളള അകലം പരസ്പരബഹുമാനത്തിന്റെ സൂചനയാണ്. നിവർന്നിരുന്ന് സംസാരിക്കുന്നതാണ് നല്ലത്. കൂനിക്കൂടിയിരിക്കുന്നതും ചാരിയിരിക്കുന്നതും ആത്മവിശ്വാസമില്ലായ്മയുടെയും അവഗണനയുടെയും അടയാളമാണ്. സംസാരിക്കുമ്പോൾ, പ്രതികരിക്കുമ്പോൾ നാം പറയുന്ന വാക്കുകൾക്ക് അനുസൃതമായ വികാരം മുഖത്തുണ്ടായിരിക്കണം. എനിക്ക് നിന്റെ വിജയത്തിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ട് എന്നു പറയുകയും എന്നാൽ മുഖത്ത് അതിന്റേതായ യാതൊരുവിധ പ്രതിഫലനവും കാണാതിരിക്കുകയും ചെയ്യുമ്പോൾ പറഞ്ഞ വാക്കുകൾ വിശ്വസനീയമായി അനുഭവപ്പെടുകയില്ല. മുഖവികാരങ്ങൾ വാക്കുകളുമായി പൊരുത്തപ്പെടണം, നഖം കടിക്കുക, വാച്ച് നോക്കുക, തല ചൊറിയുക തുടങ്ങിയവ സംസാരത്തിൽ ഒഴിവാക്കേണ്ട അനാവശ്യമായ ചലനങ്ങളാണ്.
നമ്മുടെ അശ്രദ്ധയും താല്പര്യമില്ലായ്മയും സംസാരം അവസാനിപ്പിക്കാറായി എന്നതിന്റെ സൂചനയായും അതെല്ലാം വ്യാഖ്യാനിക്കപ്പെടാം. സ്വന്തം ബോഡി ലാംഗ്വേജിൽ ശ്രദ്ധിക്കുന്നതുപോലെ മറ്റുള്ളവരുടെ ശരീരഭാഷയും ശ്രദ്ധിക്കുക. സ്വന്തം ശരീരഭാഷ പോലെ തന്നെ മറ്റുള്ളവരുടെ ശരീരഭാഷയും ശ്രദ്ധിക്കുക.അവർ താൽപര്യമുണ്ടോ, ബോറടിച്ചോ, ആശയക്കുഴപ്പത്തിലാണോ എന്നത് അവരുടെ മുഖവികാരവും നിലപാടുകളും സൂചന നൽകും. ശ്രദ്ധിക്കുക, സഹജമായ ആത്മവിശ്വാസത്തോടെ സംസാരിക്കുക. കൃത്രിമരീതിയിൽ ആശയവിനിമയം നടത്താതിരിക്കുക. മറ്റുള്ളവരുടെ ശരീരഭാഷ മനസ്സിലാക്കി സംസാരിക്കുക.
