സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.
അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം ഭാരമുള്ള ഒരു വസ്തു നീക്കിവയ്ക്കുന്നതിനോ എടുത്തുമാറ്റുന്നതിനോ മറ്റൊരാളോട് സഹായം ചോദിക്കാറുണ്ട്.
എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല എന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടില്ലേ? തന്റെ കഴിവിലും സമ്പത്തിലും ആരോഗ്യത്തിലും സ്വാധീനത്തിലും അയാൾ പരിധിയിലേറെ ആശ്രയിക്കുന്നതുകൊണ്ടും മറ്റുള്ളവരെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് ഇപ്രകാരം പറയുന്നത്. എല്ലാം നമുക്കുണ്ടാകുമ്പോഴും ചില നിമിഷങ്ങളിൽ അവയെല്ലാം ഫലശൂന്യമായിതോന്നുമ്പോൾ മറ്റുള്ളവരുടെ സഹായം കൈപ്പറ്റാതെ ജീവിക്കാനാവാതെ വരുന്നു.
സഹായം സ്വീകരിക്കുന്നത് തെറ്റല്ല എന്നു മാത്രമല്ല സഹായിക്കേണ്ടത് നമ്മുടെ കടമയാണ് എന്നുകൂടി മനസ്സിലാക്കിയിരിക്കണം. സഹായം നല്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും മറക്കരുതാത്ത മറ്റൊരു കാര്യംകൂടി ഉണ്ട്. എപ്പോഴും മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് നല്ലതല്ല. അത്യാവശ്യസന്ദർഭങ്ങളിലാണ് സഹായം തേടേണ്ടത്. തുടർച്ചയായി എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നത് സ്വയം വിലക്കുറവിന് വഴിതെളിക്കും. കൂടാതെ മറ്റുള്ളവരെ തനിക്കുവേണ്ടി ഉപയോഗിക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും കൂടി ഭാഗമാണ് അത്.
സഹായിക്കുന്നത് സന്നദ്ധതയുടെ അടയാളമാണ്. ഹൃദയം വിശാലമാക്കിയിരിക്കുന്ന ഒരാൾക്കുമാത്രമേ മറ്റൊരാളെ സഹായിക്കാനാവൂ. തട്ടിത്തടഞ്ഞുനില്ക്കുന്ന ഇടത്തുനിന്ന് മുന്നോട്ടുകൈപിടിച്ചുകൊണ്ടുപോകാൻ ഒരാൾ സ്വമേധയാ സന്നദ്ധനാകുന്ന അപൂർവ്വസുന്ദരമായ നിമിഷമെത്രെ അത്. എത്രയെത്ര പേരുടെ സഹായം കൈപ്പറ്റിയാണ് നമ്മൾ ഓരോരുത്തരും ഈ നിലയിലായിരിക്കുന്നത്. സഹായിക്കുമെന്ന് പ്രതീക്ഷിച്ച എത്രയോ പേരാണ് നമ്മെ കൈവിട്ടുകളഞ്ഞത്. സഹായംചോദിച്ച് മുട്ടിയ എത്രയോ വാതിലുകളാണ് നമ്മുടെ മുമ്പിൽ കൊട്ടിയടയ്ക്കപ്പെട്ടത്. സാരമില്ല ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ നിന്നെ സഹായിക്കാനായി അവിടെത്തന്നെയുണ്ടാവും. കിട്ടിയ സഹായങ്ങളെയൊക്കെ തൂത്തുമിനുക്കിയെടുത്തു നിധിപോലെ നന്ദിയോടെ സൂക്ഷിക്കുക. കിട്ടുന്ന അവസരങ്ങളൊക്കെ മറ്റുള്ളവരെ സഹായിക്കാനായി പ്രയോജനപ്പെടുത്തുക.