സുഹൃത്തുക്കളുടെയും  സ്‌നേഹത്തിന്റെയും പിന്നാലെ?

Date:

സ്നേഹം നല്ലതാണ്;  സുഹൃത്തുക്കളും
സ്നേഹം ആവശ്യമാണ്; സുഹൃത്തുക്കളും…

എല്ലാക്കാലവും മനുഷ്യർ ആഗ്രഹിക്കുന്ന രണ്ടുകാര്യങ്ങളാണ് ഇവ. നല്ല സൗഹൃദവും സ്നേഹിക്കാനറിയാവുന്ന സുഹൃത്തും ജീവിതകാലത്ത് ഒരു മനുഷ്യന് നേടിയെടുക്കാൻ കഴിയുന്ന വലിയ നേട്ടങ്ങൾ തന്നെയാണ് സമ്മതിച്ചു. പക്ഷേ മനുഷ്യന് മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന കാരണങ്ങളിൽ ഇവയും പെടുന്നുണ്ട്. കാരണം സ്നേഹത്തിന്റെ പേരിലും സൗഹൃദങ്ങളുടെ പേരിലുമാണ് മനുഷ്യർ ജീവിതത്തിലെ ഒരു നല്ലകാലം മുഴുവൻ അസ്വസ്ഥപ്പെടുന്നത്. കൊടുത്ത സ്നേഹം കൊടുത്തതുപോലെ തിരിച്ചുകിട്ടിയില്ലെന്നും സ്നേഹിക്കപ്പെടുന്നതേയില്ലായെന്നും സുഹൃത്ത് പരിഗണിക്കുന്നില്ലെന്നുമൊക്കെ പതം പറഞ്ഞു കരയാത്തവരും  പരാതിപ്പെടാത്തവരും വളരെ കുറവായിരിക്കും.

 സുഹൃത്തിൽ നിന്ന് വേണ്ടത്ര പരിഗണനയും സ്നേഹവും തിരികെ കിട്ടാത്തതിനെയോർത്ത് ഒരിക്കൽപോലും നിങ്ങൾ പരാതിപ്പറഞ്ഞിട്ടില്ലെങ്കിൽ അതിന് മറ്റൊരു അർത്ഥംകൂടിയുണ്ട്. നിങ്ങൾ ആ സുഹൃത്തിനെ അത്രയധികമായിട്ടൊന്നും പരിഗണിച്ചിട്ടില്ല, ഗൗരവത്തിലെടുത്തിട്ടുമില്ല. അനേകരിൽ ഒരാൾ മാത്രം. എന്നാൽ നിങ്ങൾ വേണ്ടതുപോലെ പരിഗണിച്ചിട്ടും ഗൗനിച്ചിട്ടും ആ സുഹൃത്ത് നിങ്ങളെ അർഹിക്കുന്ന വിധത്തിൽ പരിഗണിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ലെങ്കിലോ. അവിടെ ആ വ്യക്തി നിങ്ങളെ അത്രത്തോളം സീരിയസായി എടുക്കുന്നില്ലെന്നാണ് അർത്ഥം.

അതുകൊണ്ട്  ഇനിയും ആ വ്യക്തിക്ക് സ്നേഹം വച്ചുവിളമ്പി നിങ്ങളുടെ സ്നേഹത്തെ പാഴാക്കാതിരിക്കുക. നിങ്ങളെ വേണ്ടാത്തവരെ നിങ്ങൾക്കെന്തിന്? കിട്ടാതെപോയ സ്നേഹത്തെയും ലഭിക്കാതെപോയ സൗഹൃദത്തെയും ഓർത്തു മനസ്സമാധാനം കളയുന്നവർ അങ്ങനെയൊരു തീരുമാനമെടുക്കുക. മനസ്സിനെ ആശ്വസിപ്പിക്കുക. ശരിയാണ്,പ്രയാസമേറിയ തീരുമാനം തന്നെയാണ് അത്.പക്ഷേ അതല്ലാതെ മറ്റെന്താണ് വഴി? ആത്മഹത്യയോ കൊലപാതകമോ? അതൊക്കെ അവനവനെ തന്നെ നശിപ്പിക്കലാണ്.

 അതുകൊണ്ടാണ് ആർക്കും ഉപദ്രവകരമല്ലാത്ത ഈ തീരുമാനമെടുക്കേണ്ടിവരുന്നത് അത്യാവശ്യമായി വരുന്നത്. നിങ്ങൾ പലതവണ ഫോൺ ചെയ്തു, കാണാൻ ചെന്നു. അപ്പോഴൊക്കെ നിങ്ങളോട് സംസാരിച്ചുവെന്നും സ്നേഹം പങ്കിട്ടുവെന്നതും സത്യം.പക്ഷേ നീ വിളിക്കാതെ എത്രതവണ അവർ നിന്നെ വിളിച്ചു? നിന്നെകാണാൻ എത്തി? അപ്പോൾ  നീ അവർക്ക് അത്ര വലിയ ആളൊന്നുമല്ല എന്നുതന്നെയാണ് അർത്ഥം. അതുകൊണ്ട് കിട്ടാതെ പോയ സ്നേഹത്തെയും സൗഹൃദത്തെയുമോർത്തുളള കരച്ചിൽ അവസാനിപ്പിച്ച് ഒരു ദീർഘനിശ്വാസം ഉതിർത്തതിന് ശേഷം പുഞ്ചിരിയോടെ ജീവിതത്തെ നോക്കിക്കാണുക. നിന്റെ സ്നേഹവും സൗഹൃദവും ആവശ്യമുള്ളവർ വണ്ടിപിടിച്ചാണെങ്കിലും നിന്റെ ജീവിതത്തിലേക്ക് കടന്നുവരിക തന്നെ ചെയ്യും.  പ്രതീക്ഷയോടെ കാത്തിരിക്കുക.

More like this
Related

സുഹൃത്താണോ… നല്ല സുഹൃത്താണോ?

സൗഹൃദം മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. തിരിച്ചറിവിന്റെ പ്രായം മുതൽ ജീവിതയാത്രയിലുടനീളം...

സൗഹൃദം അവസാനിപ്പിക്കാറായോ?

സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം...
error: Content is protected !!