എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും കുപ്പിയിലെ വെള്ളവും വ്യത്യസ്തമായിരിക്കുന്നതുപോലെയാണ് സ്നേഹവും വ്യത്യസ്തമായിരിക്കുന്നത്. ഓരോ അവസരത്തിലും ഓരോ വ്യക്തികൾക്കിടയിലും ഓരോ വ്യക്തികളോടുമുള്ള സ്നേഹം ഒന്നിനൊന്നോടു വ്യത്യസ്തമാണല്ലോ. ഇങ്ങനെ തികച്ചും വ്യത്യസ്തമായ രണ്ടു സ്നേഹങ്ങളാണ് സെൽഫ് ലവും നാർസിസവും. സ്വയം സ്നേഹമെന്നും ആത്മരതിയെന്നും നമുക്ക് അതിനെ മലയാളീകരിക്കാം. ആന്തരികാർത്ഥത്തിലും മനു ഷ്യരിലുണ്ടാക്കുന്ന സ്വാധീനത്തിലും വലിയ തോതിലും പ്രകടമായ രീതിയിലും വ്യത്യാസമുള്ളവയാണ് ഈ സ്നേഹങ്ങൾ. ഇതിലേതു സ്നേഹമാണ് നല്ലത്, ഏതു സ്നേഹമാണ് മോശം എന്നു നോക്കാം.
സ്വയം സ്നേഹിക്കുന്ന വ്യക്തിക്കുമാത്രമേ മറ്റൊരു വ്യക്തിയെയും സ്നേഹിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ സ്വയംസ്നേഹം സ്നേഹിക്കാനുള്ള ശക്തിയുടെ, കഴിവിന്റെ മാർഗദർശനമാണ്. ആരോഗ്യകരമായ ആത്മബോധത്തിൽ നിന്നാണ് അതിന്റെ ഉത്ഭവം. വ്യക്തി തന്റെ ഉള്ളിലുള്ള മൂല്യങ്ങളെ അംഗീകരിക്കുകയും, തനിക്കു ആവശ്യമായ കരുതലും ബഹുമാനവും നൽകുകയും ചെയ്യുന്നു. ഇതിൽ വ്യക്തി തന്റെ ഗുണദോഷങ്ങൾ തിരിച്ചറിയുകയും, ആത്മവിശ്വാസത്തോടെയും കരുണയോടെയും സ്വയം സമീപിക്കുകയും ചെയ്യുന്നു. മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കാൻ കഴിയുന്നത് അവരവരോട് സ്നേഹമുള്ള വ്യക്തികൾക്കാണ്. കാരണം മറ്റുള്ളവരിൽ അവർ തങ്ങളെത്തന്നെ കാണുന്നു. ആത്മാഭിമാനവും ആത്മവിശ്വാസവും ഉളളതും അവനവരെ സ്നേഹിക്കുന്നവർക്കാണ്. അവർ മറ്റുള്ളവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ഓരോരുത്തർക്കും വേണ്ടതായതും അർഹിക്കുന്നതുമായ അംഗീകാരങ്ങൾ നല്കുകയും ചെയ്യും. സ്വയംസ്നേഹം തീർച്ചയായും പോസിറ്റീവാണ്. എന്നാൽ അതുപോലെയല്ല നാർസിസം അഥവാ ആത്മരതി. നാർസിസിസം അത്യധികമായ സ്വയംപ്രാധാന്യബോധം നല്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നു. എല്ലാം എന്റേത് എന്നും എനിക്ക് എല്ലാം എന്നും ഞാൻ കഴിഞ്ഞിട്ടുമതി മറ്റുള്ളതെല്ലാം എന്നുമുളള ഞാൻ കേന്ദ്രീകൃതമായ സമീപനമാണ് നാർസിസം.

നാർസിസിസത്തിൽ വ്യക്തി തന്റെ രൂപം, കഴിവ്, സ്ഥാനം എന്നിവയെ അതിരുകടന്ന് പ്രശംസിക്കുകയും മറ്റുള്ളവരിൽ നിന്നും അനന്തമായ അംഗീകാരം ആവശ്യപ്പെടുകയും ചെയ്യും. മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കുകയും അവരോട് സഹാനുഭൂതി ഇല്ലാത്തവരുമാണ് നാർസിസ്റ്റുകൾ. അവരുടെ ബന്ധങ്ങൾ ഏകപക്ഷീയമാണ്. അതിലെല്ലാം സ്വാർത്ഥത കലർന്നിട്ടുണ്ടാകും. വിമർശനങ്ങളെ അവർക്ക് പേടിയാണ് എന്നുമാത്രമല്ല വിമർശനങ്ങൾ അവരുടെ മനോനില തകരാറിലാക്കുകയും ചെയ്യുന്നു. നാർസിസ്റ്റുകൾ അപകടകാരികളാണ്. ദാമ്പത്യബന്ധത്തിലും സൗഹൃദബന്ധത്തിലും ഔദ്യോഗികബന്ധങ്ങളിലുമെല്ലാം ഒരാൾ ആത്മാനുരാഗിയാകുമ്പോൾ ചുറ്റുപാടുകളും ചുറ്റിനുമുള്ളവരും ഏറെ സമ്മർദം അനുഭവിക്കുകയും സംഘർഷങ്ങളിലൂടെ കടന്നുപോവുകയും ചെയ്യേണ്ടതായി വരും സ്വയംസ്നേഹം ആത്മബോധവും കരുണയും ആത്മവിശ്വാസവും ആരോഗ്യവുമുള്ള വ്യക്തിത്വം നല്കുമ്പോൾ നാർസിസിസം അത്യധികമായ സ്വയംപ്രാധാന്യവും മറ്റുള്ളവരോടുള്ള അവഗണനയും കൊണ്ട് വികലമായ വ്യക്തിത്വത്തിന്റെ ഉടമകളായിത്തീരുന്നു. അതായത് സ്വയംസ്നേഹം വ്യക്തിയെ വളർത്തുന്ന ഗുണമാണെങ്കിൽ, നാർസിസിസം മറ്റുള്ളവരെയും തന്നെത്തന്നെയും ദോഷകരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്.
