ദീർഘനാൾ ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതും ആരോഗ്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും സാമ്പത്തികത്തോടും കൂടി. ഇതു നാലും ഇല്ലാതെവരുമ്പോഴാണ് ജീവിതം വിരസമായി അനുഭവപ്പെടുന്നതും മരിക്കാൻ ആഗ്രഹിക്കുന്നതും. ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാണ് നല്ല ഭക്ഷണവും മതിയായ വ്യായാമവും കൃത്യമായ മെഡിക്കൽ ചെക്കപ്പും നടത്തുന്നത്. അതെല്ലാം ജീവിതം കുറെക്കൂടി നീട്ടിക്കിട്ടാനുള്ള മാർഗങ്ങളാണെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ ഇതിനെല്ലാം ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് നമുക്കുള്ള നല്ല ബന്ധങ്ങളും. അതിൽത്തന്നെ പ്രധാനപങ്കുവഹിക്കുന്നവയാണ് സൗഹൃദങ്ങൾ. ആത്മാർത്ഥമായ സൗഹൃദബന്ധങ്ങൾ ആരോഗ്യം, മനസ്സമാധാനം, ആയുസ് എന്നിവയെ ഗുണകരമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്യുന്നത് മനസിനും ശരീരത്തിനും ആവശ്യമുള്ളതും സന്തോഷം നല്കുന്നതുമായ പ്രവൃത്തിയാണ്. നല്ല സുഹൃത്തുക്കളുടെ സാന്നിധ്യം ജീവിതത്തിൽ ഉണ്ടാകുമ്പോൾ, അത് സുരക്ഷിതവലയമായി പ്രവർത്തിക്കുന്നു. സന്തോഷനിമിഷങ്ങൾ പങ്കുവെക്കുന്നതിലൂടെ സന്തോഷം ഇരട്ടിയാകുകയും ദുഃഖം പങ്കുവയ്ക്കുന്നതിലൂടെ സങ്കടം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ബന്ധങ്ങളുടെ വലയം ഉറപ്പിക്കുന്നതിലൂടെ മാനസികാരോഗ്യം വർദ്ധിക്കുകയും ശാരീരികസൗഖ്യം ലഭിക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇന്നത്തെകാലത്ത് ജോലി, കുടുംബം, സമൂഹം തുടങ്ങിയ മേഖലകളിലെ സമ്മർദ്ദങ്ങൾ ശരീരത്തെയും മനസ്സിനെയും തളർത്തുന്നവയാണ്. ഇത്തരം സമയങ്ങളിൽ സൗഹൃദങ്ങളുടെ പിന്തുണ മാനസികസമ്മർദ്ദം ഗണ്യമായി കുറയ്ക്കുകയും മനസ്സിൽ സമാധാനം നിറയ്ക്കുകയും ചെയ്യും. ശരീരത്തിൽ സ്ട്രെസ് ഹോർമോൺ കുറയുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാവുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. നീണ്ടകാല സമ്മർദം ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളുമായി സംവദിക്കുമ്പോൾ തലച്ചോറിൽ സെറോട്ടോണിൻ, ഓക്സിറ്റോസിൻ പോലുള്ള ഹോർമോണുകൾ ഉൽപ്പാദിക്കപ്പെടുന്നു. ഇവ മനസിന് സന്തോഷവും സമാധാനവും നൽകുന്നവയാണ്. ഒരുമിച്ചിരിക്കുക, ചിരിക്കുക, പഴയ ഓർമ്മകൾ പങ്കുവെക്കുക, ചെറിയ യാത്രകൾ നടത്തുക തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ പോലും ഈ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതിലൂടെ വിഷാദം, ആശങ്ക, ഏകാന്തത എന്നിവ കുറയുകയും പോസിറ്റീവായ മനോഭാവം രൂപപ്പെടുകയും ചെയ്യുന്നു.
പ്രായം കൂടിയവരുടെ ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനമാണ് ഏകാന്തത. ബന്ധങ്ങൾ നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ മനസിൽ ഉണ്ടാകുന്ന ഏകാന്തതാബോധം ശരീരാരോഗ്യത്തെയും ബാധിക്കുന്നു. സാമൂഹികബന്ധങ്ങൾ ഇല്ലാത്തവർക്കുള്ള മരണസാധ്യത, പുകവലി, മദ്യപാനം, അമിതഭാരം പോലുള്ള അപകടസാധ്യതകളേക്കാൾ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതേസമയം നല്ല സൗഹൃദബന്ധങ്ങൾ നിലനിർത്തുന്നവർക്ക് രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം എന്നിവ കൂടുതലും ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ കുറവുമായിട്ടാണ് കണ്ടുവരുന്നത്.
ചുരുക്കത്തിൽ സൗഹൃദങ്ങൾ ജീവിതത്തിൽ നൽകുന്ന പോസിറ്റിവിറ്റി വിലമതിക്കാനാവാത്തതാണ്. അവർ നമ്മെ പ്രചോദിപ്പിക്കുകയും പുതിയ ലക്ഷ്യങ്ങളിലേക്കുള്ള വഴി വെട്ടിത്തുറന്നുതരികയും ചെയ്യുന്നു. ജീവിതത്തിലെ പരാജയങ്ങളും വെല്ലുവിളികളും നേരിടാൻ ആത്മവിശ്വാസം നൽകുന്ന ഒരു ശക്തമായ മാധ്യമമാണ് നല്ല സൗഹൃദം. ഇന്നത്തെ സാങ്കേതികകാലത്ത് പലരും ഡിജിറ്റൽ ബന്ധ ങ്ങളിലൂടെയാണ് സുഹൃത്തുക്കളെ കാണുന്നത്. എന്നാൽ സത്യസന്ധമായ സൗഹൃദബന്ധങ്ങൾ നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ് ഉറപ്പിക്കപ്പെടുന്നത്.
ഒരുമിച്ചിരിക്കുക, നേരിട്ട് സംസാരിക്കുക ചിരിക്കുക, അനുഭവങ്ങൾ പങ്കുവെക്കുക എന്നിവ മനുഷ്യബന്ധങ്ങളെ കൂടുതൽ ഗൗരവതരമാക്കുന്നു. അതിനാൽ ദൈനംദിന ജീവിതത്തിൽ സുഹൃത്തുക്കൾക്കായി സമയം മാറ്റിവയ്ക്കുക. രണ്ടുകൂട്ടർക്കും ഒന്നുപോലെ ഗുണകരമാണ് അത്. മറ്റേ ആൾക്ക് മാത്രമാണ് ഗുണം എന്ന് ഒരിക്കലും ചിന്തിക്കരുത്. രണ്ടുപേരും ഒരുപോലെ വിള കൊയ്തെടുക്കുന്ന ഫലമാണ് സൗഹൃദം.
മനസ്സിനെയും ശരീരത്തെയും ഇത്രയധികം പ്രചോദിപ്പിക്കുന്ന മറ്റൊരു ബന്ധവും ഇല്ലെന്നുതന്നെ പറയാം. ജീവിതപങ്കാളിയോട് പങ്കുവയ്ക്കാൻ കഴിയാത്തതും മാതാപിതാക്കളോട് തുറന്നുപറയാൻ സാധിക്കാത്തതുമായ കാര്യങ്ങൾ സുഹൃത്തിന് തുറന്നുപറയാൻ സാധിക്കും എന്നതാണ് സൗഹൃദത്തിന്റെ മികവും ഗുണവും സമ്പത്തും.
നല്ല ബന്ധങ്ങൾ സൃഷ്ടിക്കപ്പെടാൻ

നല്ല സൗഹൃദബന്ധങ്ങൾ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്നവയല്ല. ബോധപൂർവ്വമായ ശ്രമവും ആത്മാർത്ഥമായ ആഗ്രഹവും അതിന്റെ നിലനില്പിന് ആവശ്യമാണ്. അതി
നുവേണ്ടി നാം എന്താണ് ചെയ്യേണ്ടത്?
- സൗഹൃദബന്ധങ്ങൾ നിലനിർത്താൻ ആഗ്രഹമുണ്ടായിരിക്കുക, ശ്രമമുണ്ടായിരിക്കുക
- സുഹൃദ്ബന്ധങ്ങൾ പരിപാലിക്കാനും അവരെ കണ്ടുമുട്ടാനും സമയം കണ്ടെത്തുക
- കേൾക്കാൻ തയ്യാറാകുക, മനസിലാക്കാൻ ശ്രമിക്കുക
- സന്തോഷത്തിലും ദുഃഖത്തിലും പങ്കാളികളാകുക
- അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്യാതിരിക്കുക
- രഹസ്യങ്ങൾ വെളിപെടുത്താതിരിക്കുക
- സാമ്പത്തികകാര്യങ്ങളിൽ വിശ്വസ്ത പുലർത്തുക
- സ്വാർത്ഥത ഉപേക്ഷിക്കുക
