ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ ഹൃദയത്തെ സ്പർശിച്ചു. കാരണം തെറ്റു ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ടതിന്റെപേരിലും വിശ്വസിച്ചവർ കൈയൊഴിഞ്ഞതിന്റെ പേരിലുമായിരുന്നു ആ ആത്മഹത്യയെങ്കിലും ആർക്കെതിരെയും കുറ്റാരോപണം നടത്താതെയും ആരെയും തന്റെ മരണത്തിന് ഉത്തരവാദികളായി പേരുചേർക്കാതെയുമായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിപ്പോക്ക്. മാത്രവുമല്ല മരണാനന്തരചടങ്ങുകൾക്കുള്ള തുക പോലും കരുതിവച്ചതിനു ശേഷം കടന്നുപോകുമ്പോൾ ഒരൊറ്റ അപേക്ഷ മാത്രമേ അദ്ദേഹം തന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടുമായി നടത്തിയിട്ടുമുള്ളൂ. കുടുംബത്തെ വേട്ടയാടരുത്.
പ്രമാദമായ പല കേസുകളിലും പ്രതിയെന്ന് ആരോപിക്കപ്പെടുന്നവരെക്കുറിച്ച് ഓർത്തുനോക്കൂ. സെലിബ്രിറ്റികൾ പോലും അക്കൂട്ടത്തിൽ ഉണ്ട്. അവരൊക്കെ ആരോപണങ്ങൾ അലങ്കാരമാക്കിയും മറ്റുള്ളവരുടെ മേൽ ആരോപണം വച്ചുമാറിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്.. ഏതുവിധേനയും രക്ഷപ്പെടാനും സ്വയം ന്യായീകരിക്കാനുമാണ് അവർ ശ്രമിക്കുന്നത്. എന്നാൽ തെറ്റുചെയ്യാതെ തെറ്റിദ്ധരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിഷ്ക്കളങ്കരായ ആളുകൾ അങ്ങനെയല്ല. തീരെ ചെറിയ ആരോപണം പോലും അവർക്ക് സഹിക്കാനാവുന്നില്ല. സൽപ്പേരിനെ കളങ്കപ്പെടുത്തി ജീവിക്കാൻ അവരാഗ്രഹിക്കുന്നുമില്ല. കാരണം മറ്റെന്തിനെക്കാളും അവർ വിലമതിക്കുന്നത് താൻ കെട്ടിയുയർത്തിയിരിക്കുന്ന ഇമേജാണ്. അത് തകരുമ്പോൾ സ്വയമറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴി തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുന്നു. ഇനി മറ്റൊരു കൂട്ടരുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കുമ്പോഴും ജീവിതത്തിലെ ഏതെങ്കിലും ചില വൈകല്യങ്ങളുടെ പേരിൽ ആദ്യമായി ഇടറിപ്പോകുന്നവരാണ് അവർ. അതിന്റെ പേരിൽ കൈയോടെ പിടികൂടപ്പെടുമ്പോൾ അപമാനം സഹിക്കാനാവാതെ അവർ ചിലപ്പോൾ…
മറ്റുള്ളവരുടെ സൽപ്പേര് നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ.. സൽപ്പേരിനെ മറ്റെന്തിനെക്കാളും വില കല്പിക്കുന്നവർ. സൽപ്പേര് വല്ലാത്ത സംഗതി തന്നെ.. സൽപ്പേര് ഒരു കുമിളയാണ്. എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന കുമിള. സൽപ്പേര് നശിക്കാതിരിക്കട്ടെ, സൽപ്പേര് നശിപ്പിക്കാതിരിക്കട്ടെ. സൽപ്പേരിനെക്കാളും ജീവന് വിലയുണ്ടെന്ന് മറക്കാതെയുമിരിക്കുക
ആദരവോടെ
വിനായക് നിർമ്മൽ