‘എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല’ കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം ഒരു അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘അവൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. എന്നിട്ടും അവൾ എന്തുകൊണ്ട് ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല’?
പല മാതാപിതാക്കൾക്കും ഇന്ന് മക്കളെ മനസ്സിലാക്കാൻ കഴിയുന്നതേയില്ല. മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറത്തേക്ക് മക്കൾ വളർന്നതാണോ അതോ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് വളരാൻ കഴിയാതെ പോകുന്നതാണോ ഇവിടത്തെ പ്രശ്നം എന്നറിയില്ല.
കുട്ടികളെ മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പമാർഗം അവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവരെ കേൾക്കുകയും ചെയ്യുമ്പോഴാണ് അവർ ആരാണ്, അവരുടെ മനസ്സിലെന്താണ് എന്നീ കാര്യങ്ങൾ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നത്. മക്കളെ അവരറിയാതെ രഹസ്യമായി നിരീക്ഷിക്കുന്നതും അവരുടെ യാത്രയും മനോഭാവങ്ങളും എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കും. മക്കളെ ഉപദേശിച്ചു നന്നാക്കാനാണ് എല്ലാ മാതാപിതാക്കളും കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ മക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അസഹനീയമായത് ഉപദേശമാണ്. ഉപദേശത്തെക്കാൾ നല്ലതും കുട്ടികളെ സ്വാധീനിക്കുന്നതും നല്ല ജീവിതമാതൃകകളാണ്. മക്കൾക്കു മുമ്പിൽ മാതാപിതാക്കൾ നല്ലതുപോലെ ജീവിച്ചുകാണിക്കുമ്പോൾ പോലും മക്കൾ നല്ലവരാകണം എന്ന് നിർബന്ധമില്ല. കാരണം എവിടെയൊക്കെയോ അവരെ വഴിതെറ്റിക്കാൻ പല കാരണങ്ങളും സാഹചര്യങ്ങളും ചുറ്റിനുമുണ്ട്. എന്നാൽ വഴിതെറ്റിപ്പോയാലും തിരികെ വരാൻ അവർക്ക് ധൈര്യം ലഭിക്കുന്നത് മാതാപിതാക്കളുടെ ജീവിതമാതൃകകൾ തന്നെയായിരിക്കും. ചെയ്യരുത്.. ചെയ്യരുത് എന്ന് പറഞ്ഞ് മക്കൾക്കു മുമ്പിൽ ഒരുപാട് അരുതുകൾ വയ്ക്കാതിരിക്കുക. മുന്നറിയിപ്പുകൾ നല്കാം. അതുപോലെ ചെറിയ ചെറിയ വീഴ്ചകളും തെറ്റുകളും മക്കൾക്കു സംഭവിക്കുന്നതും നല്ലതാണ്. തെറ്റ് സംഭവിക്കാം എന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം ഒരു അബദ്ധം അവരുടെ ജീവിതത്തിൽ സംഭവിക്കാൻ അനുവദിക്കുന്നതിലൂടെ അതിൽ നിന്ന് കരകയറാൻകൂടിയുള്ള വഴി കൂടി മക്കൾ മനസ്സിലാക്കിയെടുക്കും എന്നതാണ് ഇതിന്റെ പ്രയോജനം.
മക്കളെ ഒരിക്കലും നിസാരരായി കാണാതിരിക്കുക. അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കാതിരിക്കുക. പല മാതാപിതാക്കളും മക്കളുടെ തെറ്റുകളോട് സഹിഷ്ണുത തെല്ലും പുലർത്താത്തവരാണ്. അതുപോലെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതുരണ്ടും നല്ല രീതികളല്ല. മാതാപിതാക്കളുടെ ദേഷ്യപ്രകൃതി മൂലം പല കാര്യങ്ങളും അവരിൽ നിന്ന് ഒളിക്കുന്ന പ്രവണത ചില മക്കളിൽ കണ്ടുവരാറുണ്ട്.. മക്കളെ എപ്പോഴും വിജയിച്ചുകാണാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ അവകാശവുമാണ്. എങ്കിലും വിജയത്തിനൊപ്പം തോൽവിയുമുണ്ടെന്ന് മക്കൾക്ക് പറഞ്ഞുകൊടുക്കണം. എങ്കിലേ പരാജയങ്ങളിൽ അവർ അമ്പേ പതറിപ്പോകാതിരിക്കുകയുള്ളൂ വിജയവും പരാജയവും ബാലൻസ് ചെയ്തുപോകുന്ന ഒരു വ്യക്തിത്വം മക്കളിൽ രൂപപ്പെടുത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. പരീക്ഷയിലെ പരാജയം മുതൽ ജോലിയിലെയും കുടുംബജീവിതത്തിലെയും പരാജയംവരെയുള്ള നിരവധി കാരണങ്ങളുടേപേരിൽ ജീവിതം അവസാനിപ്പിക്കുന്നവർക്ക് പലർക്കും പരാജയത്തെ നേരിടാനുളള പരിശീലനം വീടുകളിൽ നിന്ന് കിട്ടിയിരുന്നില്ല എന്ന് നിരീക്ഷിച്ചാൽ മനസ്സിലാക്കാം. മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് പല മക്കളും നുണ പറയുന്നത്. പരീക്ഷയിൽ മാർക്ക് കുറയുകയോ പരാജയപ്പെടുകയോ ചെയ്താലും മാതാപിതാക്കൾക്ക് അതുവിഷമമായിരിക്കുമല്ലോ എന്ന് കരുതി നുണപറയുന്നവരുണ്ട്. മാതാപിതാക്കളെ സന്തോഷിപ്പിക്കുക മാത്രമല്ല മക്കളുടെ ഉത്തരവാദിത്തം മറിച്ച് മാതാപിതാക്കൾക്കു മുമ്പിൽ സത്യസന്ധരായും സുതാര്യരായും ജീവിക്കുക എന്നതുകൂടിയാണ്. ഇങ്ങനെയൊരു പാഠവും മക്കൾക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. സത്യസന്ധത ഇല്ലാതെയും സുതാര്യതയില്ലാതെയും ജീവിക്കുന്ന മക്കൾ മാതാപിതാക്കളുടെ വേദനയാണ്.
