നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

Date:


കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ പറയാം.

കുട്ടികൾ നിരീക്ഷണ പാടവമുള്ളവരാണ്

കുട്ടികളെ അനുസരണം പഠിപ്പിക്കാൻ ഉത്സാഹക്കൂടുതലുള്ളവരാണ് മാതാപിതാക്കൾ. അവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യും. എന്നാൽ പറഞ്ഞുകൊടുക്കുന്ന ഈ നല്ലകാര്യങ്ങൾ പലതും മാതാപിതാക്കൾ പ്രാവർത്തികമാക്കാറില്ല. പക്ഷേ കുട്ടികൾ അത് അനുസരിക്കാതെ വരുമ്പോൾ മാതാപിതാക്കൾ ദേഷ്യപ്പെടുകയും ശിക്ഷിക്കുകയും ചെയ്യും. സത്യത്തിൽ കുട്ടികൾ മാതാപിതാക്കളെ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. തങ്ങൾക്ക് പറഞ്ഞുതരുന്ന കാര്യങ്ങൾ  മാതാപിതാക്കൾ എത്രത്തോളം പ്രാവർത്തികമാക്കുന്നുണ്ട് എന്നതിലേക്കാണ് അവരുടെ നോട്ടം. പറച്ചിൽ മാത്രമേയുള്ളൂ പ്രവൃത്തിയില്ലെന്ന് തിരിച്ചറിയുന്നതോടെ ആ രീതി അനുകരിക്കാൻ മക്കളും നിർബന്ധിതരാകും. തങ്ങൾ കാരണമാണ് മക്കൾ അനുസരണക്കേട് കാണിക്കുന്നത് എന്ന് മനസ്സിലാക്കാതെ അവരോട് ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഒരു കാര്യം തിരിച്ചറിയുക. തങ്ങളെ മക്കൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവർക്കുപറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്താൻ മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾ ബാധ്യസ്ഥരാണ്. നിങ്ങൾ ചെയ്യാത്തത് അവർക്ക് ചെയ്യാനാവില്ല. അതുകൊണ്ടു പണ്ടുമുതൽ പറയുന്നതുപോലെ വാക്കും പ്രവൃത്തിയും യോജിച്ചുകൊണ്ടുപോവുക.

ഉത്തരവാദിത്തങ്ങൾ പഠിപ്പിക്കുക

 മുതിർന്നതിനു ശേഷമല്ല മക്കളെ ഉത്തരവാദിത്തം പഠിപ്പിക്കേണ്ടത് ചെറുപ്രായത്തിൽ തന്നെ അവരെ അവരുടെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കുക. ചെറിയ ചെറിയ ജോലികൾ ചെയ്യിക്കുക. ചെറിയ ജോലികൾ പൂർത്തിയാക്കാൻ പറഞ്ഞേല്പിക്കുക.  ഇതിലൂടെ മക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ഉത്തരവാദിത്തബോധമുള്ളവരാകുകയും ചെയ്യും. സ്വന്തം പ്രവൃത്തികളുടെ മേലുള്ള ശരിതെറ്റുകൾ ഏറ്റെടുക്കാനുള്ള പ്രാപ്തിയും അവർക്കു കൈവരും. പണം കൃത്യമായും വിവേകത്തോടെയും ഉപയോഗിക്കാനുളള പരിശീലനവും കുട്ടികൾക്കു കൊടുക്കണം.പോക്കറ്റ്മണിയായി കൊടുക്കുന്ന പണം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കാനുള്ള പരിശീലനവും നല്കണം.

ലളിതജീവിതത്തിനുടമകളും നന്ദിയുള്ളവരുമാക്കുക

 ഇന്നത്തെ പല കുട്ടികളുടെയും ഒരു പ്രശ്നം അവർ ആഡംബരജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരും വിലകൂടിയവ സ്വന്തമാക്കാൻ ശ്രമിക്കുന്നവരുമാണെന്നാണ്. മുന്തിയ ഫോണും ബൈക്കും വാച്ചും കൗമാരക്കാരുടെ അടിസ്ഥാനാവശ്യങ്ങൾ പോലുമായി മാറിയിരിക്കുന്നു. സ്വന്തം ജീവിതത്തിൽ നിന്ന് ലാളിത്യത്തിന്റെ കഥകൾ പറഞ്ഞുകൊടുക്കുക. ലളിതജീവിതമാണ് മറ്റുള്ളവരുടെ അഭിനന്ദനങ്ങൾക്ക് കാരണമാകുന്നതെന്നു വ്യക്തമാക്കിക്കൊടുക്കുക. ആഡംബരജീവിതം നയിക്കുന്ന ഒരു വ്യക്തിയും സമൂഹത്തിന് നേരായ രീതിയിൽ ദിശാബോധം നല്കിയിട്ടുളളവരല്ല. ആഡംബരഭ്രമം പലപ്പോഴും തെറ്റായ വഴികളിലേക്കാണ് നമ്മെ നയിക്കുന്നതും. ആഡംബരഭ്രമങ്ങൾക്കു പിന്നിലെല്ലാം അപകടം പതിയിരിപ്പുണ്ടെന്ന സത്യം മറക്കാതിരിക്കുക. അതുപോലെ ലഭിക്കുന്ന നന്മകൾക്ക്, ആ്സ്വദിക്കുന്ന സന്തോഷങ്ങൾക്ക് മനുഷ്യരോടും ദൈവത്തോടും നന്ദിയുള്ളവരായിരിക്കാനും ശീലിപ്പിക്കുക. മാതാപിതാക്കൾ നന്ദിപറയുന്നതു കേട്ടുവളരുന്ന മക്കൾ മറ്റുള്ളവരോടും നന്ദിയുളളവരും നന്ദിപറയുന്നവരുമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

നല്ല വിദ്യാഭ്യാസം കൊടുക്കുക

നല്ല രീതിയിലുളള, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം മക്കൾക്ക് നല്കുക നല്ല വിദ്യാഭ്യാസത്തിലൂടെയാണ് അർത്ഥപൂർണ്ണമായ ജീവിതം നയിക്കാൻ കുട്ടികൾക്ക് കഴിയുന്നത്. പുസ്തകങ്ങൾ വായിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന മക്കൾ വായനാശീലമുളളവരാകും. വായനയ്ക്ക് പകരംവയ്ക്കാൻ പറ്റുന്ന മറ്റൊന്നില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ മക്കൾക്ക് കാണിച്ചുകൊടുക്കുക

അനുകമ്പയും ക്ഷമയുള്ളവരാക്കുക

ക്ഷമിക്കുന്നവരും ദയയുള്ളവരുമാക്കി മക്കളെ മാറ്റുന്നതിൽ മാതാപിതാക്കൾക്ക് വലിയകടമയുണ്ട്. മാതാപിതാക്കളുടെ ക്ഷമയും ദയയും മക്കളുടെ സ്വഭാവരൂപീകരണത്തിൽ പ്രധാനപങ്കുവഹിക്കുന്നു.

More like this
Related

വിശേഷണം

ചില  വിശേഷണങ്ങൾ  നമ്മെ  വല്ലാതെ  നടുക്കിക്കളയും. പിന്നെ ആ വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാൻ...

ടി.ടി.സി.യ്ക്ക് ബദലായി ആരംഭിച്ചിട്ടുള്ള ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷന് (ഡി.എൽ.എഡ്) അപേക്ഷിക്കാം

സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ...
error: Content is protected !!