ഓർമ്മകൾ തനിയെ സംഭവിക്കുന്നവയല്ല താനേ സൃഷ്ടിക്കപ്പെടുന്നവയാണ്. നിമിഷങ്ങളെ ഓർമ്മകളാക്കുക. make memories. നമ്മൾ വിചാരിക്കുന്നത്ര സ്വാഭാവികമായി സംഭവിക്കുന്നതല്ല അത്. ഒരാൾക്കു കൊടുക്കുന്ന ശ്രദ്ധ, അയാൾ ഇടപെടുന്ന ഹൃദ്യത, അയാൾ കൊടുക്കുന്ന expectation, ഇങ്ങനെയൊക്കെയാണ് നിമിഷങ്ങളെ നമ്മൾ ഓർമ്മയാക്കിയെടുക്കുന്നത്. we create memory.
ഓർമ്മകൾ സങ്കടപ്പെട്ടിരിക്കാനുള്ളതല്ല മുന്നോട്ടുപോകാനുള്ള പ്രേരണയാണ്. ഓർമ്മകൾ സ്പിൻബോർഡാണ്. അകലമാണ് ഏറ്റവും വലിയഭയം. മനുഷ്യന്റെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന് അകലമാണ്. ചെറുപ്പത്തിലെന്നോ വായിച്ച കഥ കണക്കെയാണത്. പള്ളിയിൽ പോകേണ്ട ദിവസം ഒരു കൊച്ചുകുട്ടി അവന്റെ കൂട്ടുകാർക്കൊപ്പം കുതിരപ്പുറത്ത് ഇങ്ങനെ പോവുകയാണ്. യാത്ര പോവുന്നതിനിടയിൽ കുട്ടിപെട്ടെന്ന് പറഞ്ഞു ഞാൻ തിരിച്ചുപോവുകയാണ്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
ഇത്രയും നേരം എനിക്കെന്റെ പള്ളിയിലെ മണിനാദങ്ങൾ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു. ഇനി മുന്നോട്ടുപോകുകയാണെങ്കിൽ തിരിച്ചുവിളിക്കുന്ന മണിനാദം കേൾക്കാൻകഴിയുകയില്ല.
തിരിച്ചുവിളിക്കുന്ന ശബ്ദങ്ങൾ ഇങ്ങനെ മായുന്നതിന് മുമ്പ് മനുഷ്യൻ മടങ്ങണം. മനുഷ്യന് സഞ്ചരിക്കാം. പക്ഷേ സഞ്ചാരത്തിൽ നിന്ന തിരിച്ചുവിളിക്കുന്ന ശബ്ദങ്ങൾ നിശ്ചിതമാകുന്നവിധത്തിൽ എല്ലാ യാത്രകളും അപകടകരമാണെന്ന് വിചാരിക്കുന്നതാണ് സ്പിരിച്വാലിറ്റി. അടുപ്പം തന്നെയാണ് പ്രധാനം. ആർട്ട് ഓഫ് ഡിഗ്‌നിഫൈഡ് റിലേഷൻ എന്നാണ് സ്പിരിച്വാലിറ്റിയെ നിർവചിച്ചിരിക്കുന്നത്. കുലീനമായ സൗഹൃദങ്ങളുടെ കലയാണ്.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്താണ്? വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ എനിക്ക് തോന്നുന്നു അത് മൊബൈൽഫോണിന്റെ കണ്ടുപിടിത്തമാണെന്ന്. എവിടെയായിരിക്കുമ്പോഴും അത് നിങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. ഏതെങ്കിലും ഒരു കനേഡിയൻ നഗരത്തിലൂടെ യാത്ര ചെയ്യുന്ന മകനോ മകളോ ഈ ദിവസത്തെ പുലരിയിൽ നിങ്ങളെ വിളിച്ചിട്ടുണ്ടാവും. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും നിങ്ങൾ അകലങ്ങളിൽ ആകരുത് എന്നാണ് മൊബൈൽ പറയുന്നത്.
മതിലുകൾ ഇല്ലാത്ത ലോകത്തെ സ്വപ്നം കാണാൻ നമ്മൾ ചില ചുവടുകൾ വച്ചുതുടങ്ങേണ്ടതാണ്. അതിന് നമുക്കാദ്യം ഉണ്ടാവേണ്ടത് ഒരു വെളിപാടാണ്.
Revelation. ബുദ്ധികൊണ്ട് കുറുകെ കടക്കാൻ മാത്രം സരളമല്ല ഈ ദേശത്തിന്റെ മതിലുകൾ. എത്ര ഭംഗിയായി മനുഷ്യൻ മതിലുകൾ accept ചെയ്യുന്ന ഒരു കാലത്തിലാണ് നാം ജനിച്ചുതുടങ്ങിയത്.
മതിലുകളെക്കുറിച്ച് ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. ഭാരതീയനെന്ന നിലയിൽ എത്ര ആഴ്ത്തിലാണ് നമുക്കിടയിൽ മതിലുകൾ രൂപപ്പെട്ടിരിക്കുന്നത്. ബോധത്തിൽ നിറയെ മതിലുകളുണ്ടായിട്ടും ജീവിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത മനുഷ്യരാണ് നമ്മൾ.
റെവിലേഷൻ എന്നു പറയുന്നത് മിന്നൽവെളിച്ചമാണ്. ഒറ്റവെളിച്ചത്തിൽ എല്ലായിടവും കാണാൻ കഴിയുന്നതാണ്. . റെവിലേഷന് ശേഷം അയാൾ പഴയതുപോലെയല്ല. ഇത്തരമൊരു റെവിലേഷനുവേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യംലഭിച്ച അതേ കാലഘട്ടത്തിൽതന്നെ ഒരു കാർ ഫാക്ടറി തുടങ്ങണമെന്ന് നെഹ്റുവിന് ആഗ്രഹമുണ്ടായിരുന്നു. ഇതുകേട്ട ഗാന്ധി നെഹ്റുവിനോട് പറഞ്ഞ ഒരു കാര്യമുണ്ട് ഏതു തീരുമാനമെടുക്കുമ്പോഴും ഒരു ദിവസം ഉപവസിക്കണം. എന്നിട്ട് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം നിങ്ങൾ എടുക്കാൻ പോകുന്ന തീരുമാനംകൊണ്ട് ഈ ദേശത്തെ ദരിദ്രർക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇനി പ്രയോജനമില്ലെന്ന് തോന്നിയാൽ ആ തീരുമാനത്തെ വേസ്റ്റ്ബിന്നിൽ ഇടാൻ ധൈര്യമുണ്ടാവണം പിന്നെ നെഹ്റു കാർ ഫാക്ടറിയുമായി മുന്നോട്ടുപോയില്ല.
വീടിനകത്ത് ഒരു കല്യാണം എങ്ങനെയാണ് നടത്തേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ നിങ്ങൾ ഉപവസിക്കണം. ഇത്രയും ആഡംബരങ്ങൾ ആവശ്യമുണ്ടോ ഇത്രയും വാഹനങ്ങൾ ആവശ്യമുണ്ടോ ഇത്രയും വിഭവങ്ങൾ, ഇൻവിറ്റേഷൻ ആവശ്യമുണ്ടോ?
ഏറ്റവും വലിയപാപം എന്നു പറയുന്നത് അകലം തന്നെയാണ് ഒറ്റ കല്പനയേയുളളൂ. സ്നേഹം. സ്നേഹം എന്നുപറയുന്നത് ബന്ധിച്ചുനില്ക്കുക എന്നതാണ്, അടുത്തുനില്ക്കുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ അകലവും പാപമാണ്. ദിശ തെറ്റുക എന്ന ഹീബ്രുവാക്കാണ് പാപത്തെ സൂചിപ്പിക്കാൻ വേദപുസ്തകത്തിൽ ഉപയോഗിക്കുന്നത്. എല്ലാ നഷ്ടങ്ങളുടെയും അകൽച്ചയുടെയും കാരണം അജ്ഞതയാണ്. നമ്മൾ ഒന്നിനെയും മനസ്സിലാക്കിയിട്ടില്ല.. മനുഷ്യബന്ധങ്ങളിൽ സംഭവിക്കുന്ന എല്ലാത്തരംപാപങ്ങളും മൂന്നുതരത്തിലാണ് സംഭവിക്കുന്നത്.. അജ്ഞത കൊണ്ട്, അശ്രദ്ധ കൊണ്ട്, അഹന്ത കൊണ്ട്…
പുസ്തകങ്ങൾ വായിക്കുകയും മനുഷ്യരെ ശ്രദ്ധിക്കുകയും ചെയ്യുക. വീട്ടിൽ ജീവിക്കുന്ന സ്ത്രീയെ ശ്രദ്ധിക്ക്..വീട്ടിൽ ജീവിക്കുന്ന പുരുഷനെ ശ്രദ്ധിക്ക്.. വീട്ടിൽ കിടക്കുന്ന, ഉമ്മറത്തിരിക്കുന്ന വ്യക്തിയെ ശ്രദ്ധിക്ക്.. മനുഷ്യരിലേക്ക് കുറെക്കൂടി കുനിയുക. പാദക്ഷാളനത്തിലേർപ്പെടുക. പാദക്ഷാളനത്തിലൊന്ന് പ്രായം ചെന്ന അമ്മയെ ശൗചം ചെയ്യാൻ സഹായിക്കുകയോ അപ്പന് ക്ഷൗരം ചെയ്തുകൊടുക്കുകയോ ഒക്കെയാവാം.
ബോബി ജോസ് കട്ടിക്കാട്