അവസരങ്ങളെ തേടിപ്പിടിക്കുക

Date:

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വീട്. വീട്ടുകാർ ഇരുവരെയും സ്വീകരിച്ചിരുത്തി. കുടിക്കാൻ സംഭാരവും കഴിക്കാൻ പഴങ്ങളും നൽകി. വീട്ടുകാരോട് നന്ദിപറഞ്ഞ്  അവർ യാത്ര തുടർന്നു. വീടിനു കുറച്ചുമാറി ഒരു പശുവിനെ പുല്ലുതിന്നാനായി ഒരു മരത്തിൽ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. അതുകണ്ട ഗുരു ശിഷ്യനോട് പറഞ്ഞു: ആ പശുവിന്റെ കെട്ടഴിച്ച് അതിനെ താഴേക്ക് തള്ളിയിടുക. ഇതുകേട്ട ശിഷ്യൻ അമ്പരന്നു: അങ്ങെന്താണ് ഈ പറയുന്നത്? പശുവിനെ തള്ളിയിട്ടാൽ അതു ചത്തുപോകില്ലേ? നമ്മൾ ഇപ്പോൾ കണ്ട വീട്ടുകാരുടെ പശുവാണ് ഇതെന്ന് ഉറപ്പല്ലേ. താൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതിയെന്നായി ഗുരു.  അവസാനം മനസ്സില്ലാമനസ്സോടെ ശിഷ്യൻ പശുവിനെ കുന്നിൻമുകളിൽ നിന്ന് തള്ളിയിട്ടു. 

ഏതാനും വർഷങ്ങൾക്കുശേഷം ഗുരുവും ശിഷ്യനും വീണ്ടും ആ വഴി വന്നു. ഗുരു ശിഷ്യനെയും കൂട്ടി കുന്നിൻമുകളിലെ വീട്ടിലെത്തി. ചെറിയൊരു വീടിന്റെ സ്ഥാനത്ത് സൗകര്യങ്ങളെല്ലാമുള്ള ഒരു വീട് ഉയർന്നിരിക്കുന്നു. വീട്ടുകാർ പഴയതുതന്നെ. അവർ ഇരുവരെയും സ്വീകരിച്ചു. പതിവുപോലെ കഴിക്കാനും കുടിക്കാനും നൽകി. വീട്ടുടമ പറഞ്ഞു: ഒരു പശുവിനെ വളർത്തിയായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. അതിന്റെ  പാലും  മോരും വിൽക്കും. അങ്ങനെയിരിക്കെ അത് കുന്നിൻ നിന്ന് വീണ് ചത്തുപോയി. ഞങ്ങളുടെ വരുമാനം നിലച്ചു. അതോടെ വേറെ മാർഗങ്ങൾ തേടാൻ ഞങ്ങൾ നിർബന്ധിതരായി. പല ജോലികളും മാർഗങ്ങളും അന്വേഷിച്ചു കണ്ടെത്തി. കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ കണ്ടപ്പോൾ അവ സ്വീകരിച്ചു. മെല്ലെമെല്ലെ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറി.  ഒരു കണക്കിന് അന്ന് ആ പശു ചത്തത് നന്നായി എന്ന് തോന്നാറുണ്ട്. 

ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ച് ഒപ്പം വരുന്ന ആളല്ല അവസരം. അവസരം അതിന്റെ വഴിക്ക് പോവുകയേ ഉള്ളൂ. നാം അങ്ങോട്ട് ചെന്ന് കൂടെ കൂട്ടുകയാണ് വേണ്ടത്. ലോകചരിത്രത്തിൽ ഇതുവരെ ഔന്നത്യം പ്രാപിച്ചവരുടെ ഭൂതകാലം പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അവരെല്ലാം വെല്ലുവിളികളുടെ പാത സ്വീകരിച്ചവരാണ്. കണ്ടെത്തിയവരെല്ലാം അന്വേഷിച്ചവരാണ്, തുറക്കപ്പെട്ടത് എല്ലാം മുട്ടിയവരുടെ മുന്നിലാണ്. കംഫർട്ട് സോണിന്റെ സുഖശീതളിമയിൽ ചിലപ്പോഴെങ്കിലും മതിമറന്നുപോകുന്നവരാണ് നാം. അവിടെ പുതിയ കഴിവുകൾ ആർജിക്കപ്പെടുന്നില്ല. ഉള്ളവയുടെ മൂർച്ച കൂടുന്നുമില്ല. നമ്മുടെ വളർച്ച അവിടെ അവസാനിക്കുകയാണ് എന്നു പറയാം.  എന്നും യാത്ര ചെയ്യുന്ന വഴി ചിരപരിചിതമായതുകൊണ്ട് സുഗമമായേക്കാം. പുതിയൊരു പാതയാകട്ടെ ബുദ്ധിമുട്ടുകൾ നിറഞ്ഞതും. എങ്കിലും അതിനുമപ്പുറം ചില ആശ്ചര്യങ്ങളും സന്തോഷങ്ങളും കൂടി കാത്തുനിൽപ്പുണ്ട് എന്നോർക്കുക. എനിക്കിത്രയൊക്കെ മതി എന്ന് വിചാരിക്കുന്നതാണ് വലിയ വിഡ്ഢിത്തങ്ങളിലൊന്ന്.

പി. ഹരികൃഷ്ണൻ

More like this
Related

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്....

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...

റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയമില്ല

തീരെ ചെറിയൊരു   സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന...

‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം,...
error: Content is protected !!