സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് ‘ഗാസ്ലൈറ്റിംങ്’, ‘നാർസിസിസ്റ്റ്’, ‘ട്രോമ’, ‘ടോക്സിക്’ തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ് നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിക്കുന്നത്.
തന്മൂലം മനഃശാസ്ത്രപരമായ ഗുരുതരമായ അനുഭവങ്ങളെയും പ്രശ്നങ്ങളെയും ചെറുതാക്കുക എന്ന അപകടമാണ് ഇവിടെ സംഭവിക്കുന്നത്. ഉദാഹരണത്തിന് ഗാസ്ലൈറ്റിംങ് എന്ന വാക്ക്തന്നെ. യഥാർത്ഥ ഗാസ്ലൈറ്റിംങ് എന്നത് ഒരാൾ മറ്റൊരാളുടെ ബോധം, ഓർമ്മ, യാഥാർത്ഥ്യബോധം എന്നിവയെ ചോദ്യം ചെയ്യുകയും തുടർച്ചയായ മാനസികപീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന അവസ്ഥയാണല്ലോ. എന്നാൽ ഇന്ന് അത് ഉപയോഗിക്കപ്പെടുന്നത് ‘അവൻ സഹകരിച്ചില്ല’ അല്ലെങ്കിൽ ‘എന്റെ അഭിപ്രായം അവഗണിച്ചു’ എന്ന അർത്ഥത്തിലാണ്. എന്നിട്ട് അതിനെ ഗാസ് ലൈറ്റിംങ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഗാസ്ലൈറ്റിംങ അപകടകരമായ മാനസിക നിയന്ത്രണരീതിയാണ്. അത് ഒരിക്കൽ മാത്രമല്ല, നിരന്തരം ആവർത്തിക്കപ്പെടുന്ന അവസ്ഥയാണ്.
നാർസസിസ്റ്റ് ആണ് മറ്റൊരുപദം.നാർസി സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) എന്നത് ഒരു ക്ലിനിക്കൽ മാനസികാവസ്ഥയാണ്. രോഗനിർണ്ണയത്തിന്റെ ഭാഗമാണ് അത്. ഈ അവസ്ഥയുള്ളവർക്ക് അത്യധികമായ സ്വയംപ്രാധാന്യബോധമുണ്ട്. അവർക്ക് സഹാനുഭൂതി കുറവാണ്, മറ്റുള്ളവരെ സ്വന്തംകാര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. എന്നാൽ ഇന്നത്തെ ഭാഷയിൽ ഒരാൾ സ്വയംസ്നേഹമുള്ളവനോ ആത്മവിശ്വാസമുള്ളവനോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ സെൽഫി ഇടുന്നവനോ ആണെങ്കിൽ പോലും അവൻ ഒരു നാർസസിസ്റ്റാണ് എന്ന രീതിയിലേക്കാണ് മാറിയിരിക്കുന്നത്. ആത്മവിശ്വാസം, സ്വയംസ്നേഹം, സ്വമൂല്യബോധം എന്നിവ നാർസിസിസം അല്ല ആരോഗ്യമുള്ള മാനസികാവസ്ഥയാണ്.

ട്രോമ (Trauma) എന്ന പദവും ഏറെ തെറ്റായി ഉപയോഗിക്കപ്പെടുന്നുണ്ട്. യഥാർത്ഥ ട്രോമ ഗഹനമായ മാനസിക മുറിവാണ്. അപകടം, പീഡനം, നഷ്ടം, അതിക്രമം മുതലായ അനുഭവങ്ങൾ മൂലം ഒരാളുടെ മനസ്സിൽ ആഴത്തിലുള്ള പാടുകൾ ഉണ്ടാക്കുന്ന അവസ്ഥയാണ് അത്. എന്നാൽ ഇപ്പോഴത് ചെറിയ അസ്വസ്ഥതകൾക്കു വരെ എനിക്ക് ട്രോമയായി എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. അതിലൂടെ യഥാർത്ഥത്തിൽ ട്രോമ അനുഭവിക്കുന്നവരുടെ വേദന ചെറുതാക്കപ്പെടുകയാണ് ചെയ്യുന്നത്.
‘ടോക്സിക്’ എന്ന പദമാണ് മറ്റൊന്ന്. ഇവിടെ മനസ്സിലാക്കേണ്ട കാര്യം എല്ലാ അഭിപ്രായവ്യത്യാസവും ‘ടോക്സിക്’ അല്ല എന്നാണ്. യഥാർത്ഥ ടോക്സിക് ബന്ധം എന്നത് ഒരാൾ മറ്റൊരാളെ മാനസികമായി നിയന്ത്രിക്കുന്നതും അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമായ ബന്ധമാണ്. ഒരാളുടെ പിശക് അല്ലെങ്കിൽ വിയോജിപ്പിനെ ‘ടോക്സിക്’ എന്ന് വിളിക്കുന്നത് യഥാർത്ഥ വിഷയത്തെ അപ്രധാനീകരിക്കുകയാണ്. മനഃശാസ്ത്രപദങ്ങൾ പൊതുഭാഷയിൽ എത്തുന്നത് സ്വാഭാവികമാണ്. അവ നമ്മുടെ വികാരങ്ങളെ വ്യക്തമായി പറയാൻ സഹായിക്കുന്നു. പക്ഷേ അത് യഥാർത്ഥ അർത്ഥം നഷ്ടപ്പെടാതെ ഉപയോഗിക്കേണ്ടതാണ്. ഒരു വ്യക്തിയെ ‘ഗാസ്ലൈറ്റർ’, ‘നാർസിസിസ്റ്റ്’, ‘ടോക്സിക്’ എന്നു വിളിക്കുന്നത് അത്ര ലളിതമല്ല.
ഇവ മെഡിക്കൽ അർത്ഥമുള്ള പദങ്ങളാണ്, അവയ്ക്ക് പിന്നിൽ ആഴമുള്ള മനഃശാസ്ത്രപഠനവും രോഗനിർണ്ണയവും ഉണ്ട്. മനഃശാസ്ത്രപരമായ പദങ്ങൾ ശരിയായി ഉപയോഗിക്കുമ്പോഴാണ് വികാരങ്ങളെ മനസ്സിലാക്കാനും, യഥാർത്ഥമായ പീഡനങ്ങളെ തിരിച്ചറിയാനും അതുവഴിയായി സഹായം തേടാനും കഴിയുന്നത്. എന്നാൽ തെറ്റായി ഉപയോഗിച്ചാൽ അത് മറ്റുള്ളവരുടെ വേദനയെ നിസാരമാക്കുകയും സമൂഹത്തിൽ മനഃശാസ്ത്രബോധം ക്ഷയിക്കുകയും ചെയ്യും. അതിനാൽ അടുത്ത തവണ ‘അവൻ ഗാസ്ലൈറ്റിംഗ് ചെയ്യുന്നു’ അല്ലെങ്കിൽ ‘അവൾ നാർസിസ്റ്റാണ്’ എന്ന് പറയുമ്പോൾ രണ്ടാംവട്ടം ചിന്തിക്കേണ്ടതുണ്ട്. ഞാൻ പറയുന്നത് ശരിയായ അർത്ഥത്തിലാണോ.
