‘പരാജയപ്പെട്ടവനാണ് ഞാൻ.
പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.’ ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ അഭിനയപ്രതിഭ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. തുടർന്ന് ഫഹദ് പറയുന്നത് ഇങ്ങനെയാണ്,
‘പക്ഷേ ഞാൻ തകർന്നിട്ടില്ല.’
ശരിയാണ്, കൈയെത്തും ദൂരത്ത് എന്ന സിനിമയിലെ നായകനായി അഭിനയരംഗത്തേക്ക് കടന്നുവന്ന ഷാനുവെന്ന പേരിൽ അറിയപ്പെട്ട ഫഹദ് ഫാസിലിന് ആദ്യ ചിത്രം കനത്ത പരാജയമാണ് സമ്മാനിച്ചത്. അഭിനയിക്കാനറിയില്ല എന്ന് വിമർശനം ഏറ്റുവാങ്ങിക്കൊണ്ടാണ് അന്ന് അയാൾ മലയാളചലച്ചിത്രരംഗം വിട്ടത്. പക്ഷേ ഒരു ഇടവേളയ്ക്ക് ശേഷം ഫഹദ് തിരിച്ചുവന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അത് ഒരു ഒന്നൊന്നര വരവായിരുന്നു. പിന്നീട് തൊട്ടതെല്ലാം പൊന്ന്. സൂപ്പർഹിറ്റുകൾ. അവിടവിടെയായി ചില കനത്ത പരാജയങ്ങൾ നേരിടേണ്ടിവന്നുവെങ്കിലും അതൊന്നും അയാളിലെ നടനെയോ താരത്തെയോ പ്രതികൂലമായി ബാധിച്ചില്ല. ഇപ്പോൾ മലയാളത്തിന്റെ അതിരുകൾ കടന്ന് തെലുങ്കിലും തമിഴിലും പ്രതിനായകവേഷങ്ങൾ കൈകാര്യം ചെയ്ത് കയ്യടി നേടുന്നു.
എന്തുകൊണ്ടാണത്… പരാജയപ്പെട്ടിട്ടും തളരാതെ പോയതുകൊണ്ട്. തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ നിന്നതുകൊണ്ട്… ഫഹദിന്റെ ജീവിതത്തെ ആസ്പദമാക്കി ചിന്തിക്കുമ്പോൾ ആ വിജയത്തിന് പിന്നിൽ രണ്ടു ഘടകങ്ങൾ കണ്ടെത്താം.
1. പാഷൻ
2. പരിശ്രമം
അഭിനയത്തോടുള്ള പാഷനും തനിക്ക് അഭിനയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ഫഹദിനെപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ടാണ് പരാജയപ്പെട്ടിട്ടും തകരാതിരുന്നത്. ആ പാഷനാണ് വിജയിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളിലേർപ്പെടാൻ ഫഹദിന് കരുത്തായത്.
ജീവിതത്തിൽ ആദ്യതവണത്തെ പരാജയങ്ങളെ തുടർന്ന് വീണ്ടുമൊരു പരിശ്രമം പോലും നടത്താതെ പിൻവാങ്ങുന്നവരെയാണ് ഫഫ (ഫഹദ് ഫാ സിൽ) വെല്ലുവിളിക്കുന്നത്. പരാജയപ്പെട്ടതിനോ ഒരിടത്തും ഒന്നുമാകാത്തതിനോ സാഹചര്യങ്ങളെയോ വ്യക്തികളെയോ കുറ്റപ്പെടുത്തുന്നതിന് പകരം നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.
എന്റെ വിജയത്തിന് വേണ്ടി, സ്വപ്നങ്ങൾക്കുവേണ്ടി ഞാനെത്രത്തോളം കഷ്ടപ്പെടാൻ തയ്യാറായിട്ടുണ്ട്?
എത്രത്തോളം ശ്രമങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്?
മറ്റുള്ളവരല്ല നമ്മെ പരാജയപ്പെടുത്തുന്നത്. നമ്മൾ തന്നെയാണ്. നമ്മുടെ നിരുത്സാഹവും മന്ദതയും അലസതയും നിരാശാജനകമായ കാഴ്ചപ്പാടും നമ്മെ പരാജയപ്പെട്ടവരാക്കുന്നു.
സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ തയ്യാറാവുന്നവരെല്ലാം മാതൃകയാക്കാവുന്ന ഒന്നാണ് വേട്ടനായ്. ഇരയെ വിടാതെ പിന്തുടർന്ന് കീഴടക്കുന്ന ഒരു വേട്ട നായ് ആവുക നാം.സ്വപ്നങ്ങൾക്ക് പിന്നാലെ വേട്ടനായ്ക്കളെപോലെ പായുക നാം.