പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം വീണ്ടും ശ്രമിക്കാതെ പോകുന്നു. എനിക്ക് കഴിവില്ല, എന്നെക്കൊണ്ട് സാധിക്കില്ല, എനിക്ക് അതിനുള്ള സാഹചര്യങ്ങൾ ഇല്ല എന്ന് തുടങ്ങിയ ഒട്ടനവധി ന്യായവാദങ്ങൾ ഇതിനോടകം നാം കണ്ടെത്തിയിരിക്കും.
സിംഹങ്ങളെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്, സിംഹമല്ല കാട്ടിലെ ഏറ്റവും വേഗത കൂടിയ ജീവി, അത് പുലിയാണ്. ഏറ്റവും ഉയരമുള്ള ജീവിയും സിംഹമല്ല ഏറ്റവും ബുദ്ധിയുള്ളത് സിംഹമല്ല എന്നിട്ടും കാട്ടിലെ രാജാവ് എന്നറിയപ്പെടുന്നത് സിംഹമാണ്. എന്തുകൊണ്ട് ഈ പറഞ്ഞ മറ്റു ജീവികളെല്ലാം സിംഹത്തെ കാണുമ്പോൾ ഓടി ഒളിക്കുന്നു. സിംഹം ഒരിക്കലും തിരിഞ്ഞോടാൻ തയ്യാറല്ല എത്ര ശക്തൻ തന്റെ മുമ്പിൽ വന്നാലും അത് ഭയക്കാറില്ല അതിനെ ധീരമായി നേരിടുന്നു. ശരീരത്തേക്കാൾ ശക്തി തന്റെ മനസ്സിന് ഉള്ളതുകൊണ്ടാണ് അവൻ ഭയമില്ലാത്തവൻ ആയത്, അവൻ കാട്ടിലെ രാജാവായത്. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും, എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും നമ്മൾ ഇറങ്ങിത്തിരിച്ച കാര്യം സ്വന്തമാക്കുവാൻ ഉള്ള മനശക്തിയുണ്ടെങ്കിൽ നമുക്ക് അതിന് സാധിക്കും. മനശക്തി ചോർന്നു പോയെങ്കിൽ നമ്മൾ എത്രതന്നെ പരിശ്രമിച്ചാലും വിജയത്തിലെത്തിച്ചു വരികയില്ല. നമ്മുടെ ലക്ഷ്യം എന്തെന്ന് തിരിച്ചറിഞ്ഞ് അതിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നാം ഓടണം, ലക്ഷ്യം നിശ്ചയം ഇല്ലെങ്കിൽ ഓട്ടം ദുഷ്‌കരമാകും. സിംഹങ്ങൾ ഇരപിടിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ നൂറ് ഇരകൾക്കിടയിലും അവ ഒരെണ്ണത്തിനെ മാത്രം ലക്ഷ്യമിടും, അതിനെ മാത്രം പിന്തുടരും, തൊട്ടു മുൻപിൽ മറ്റൊന്ന് വന്നാൽപോലും ലക്ഷ്യത്തിൽ നിന്ന് പിന്മാറുകയില്ല, ലക്ഷ്യമിട്ടവയെ മാത്രം കീഴ്‌പ്പെടുത്തും. ജീവിതത്തിൽ ലക്ഷ്യമിട്ടവയുടെ പുറകെ തളരാതെ ഓടുവാനാണ് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. പരുന്തുകളെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്, വലിയ മഴ പെയ്തിറങ്ങുമ്പോൾ മറ്റു പക്ഷികളെല്ലാം സുരക്ഷിതമായ ഒരു ഇടം തേടും അതിന്റെ കൂടുകളിൽ ചേക്കേറും, എന്നാൽ പരുന്തുകളാകട്ടെ മേഘങ്ങൾക്കും മുകളിലൂടെ പറന്ന് ആ മഴ ആസ്വദിക്കും. പ്രതിസന്ധികളിൽ നമുക്ക് വേണ്ട ത് പോസിറ്റീവായ ഒരു മനോഭാവമാണ്. പ്രതിസന്ധികളോട് ചെറുത്തുനിൽക്കുവാൻ നമ്മെ സഹായിക്കുന്നത്. നമുക്ക് നാം വില കൊടുക്കുന്നില്ലെങ്കിൽ നമുക്ക് നമ്മെക്കുറിച്ച് തന്നെ ഒരു മതിപ്പില്ലെങ്കിൽ, നാം നമ്മെ തന്നെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ ആർക്കും അത് ഏറ്റവും മനോഹരമായി ചെയ്യുവാൻ സാധിക്കുകയില്ല.
മറ്റുള്ളവർക്ക് ലഭിക്കുന്ന സാഹചര്യങ്ങളും, സന്ദർഭങ്ങളും വിലയിരുത്തി പലപ്പോഴും നമ്മൾ ദുഃഖിതരാകാറുണ്ട് ഒരുപക്ഷേ ഒന്ന് പരിശ്രമിച്ചാൽ നമ്മൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ നമുക്കും എത്തിച്ചേരാൻ സാധിക്കുന്നതേ ഉള്ളൂ.
സ്വന്തം പരിമിതികളും കഴിവുകളും സാധ്യതകളും തിരിച്ചറിയാതെയും ആത്മധൈര്യം നഷ്ടപ്പെടുത്തുകയും ചെയ്താൽ നമുക്ക് എവിടെയും എത്തിച്ചേരുവാൻ സാധിക്കുകയില്ല. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ ഇന്റർവ്യൂ നടത്തുന്നയാൾ ഫുട്‌ബോൾ താരം റൊണാൾഡോയോട് ഇങ്ങനെ ചോദിക്കുന്നു, മെസ്സിയാണോ താങ്കളാണോ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ. അദ്ദേഹം മറുപടി പറയുന്നു, എന്റെ മനസ്സിൽ ഞാനാണ് ഏറ്റവും നല്ല കളിക്കാരൻ. നമ്മുടെ ലക്ഷ്യങ്ങളെ നേരിടുന്നതിൽ നമ്മുടെ സ്വപ്‌നങ്ങളെ നേരിടുന്നതിൽ നാം നമ്മെ തന്നെ പ്രോത്സാഹിപ്പിക്കണം നാം നമുക്ക് തന്നെ വഴികാട്ടണം, സ്വപ്‌നങ്ങളിലേക്കുള്ള യാത്രയിൽ നിരാശരാകാതെ പ്രത്യാശയോടെ മുന്നേറുവാൻ നമുക്ക് സാധിക്കട്ടെ.
ജിതിൻ ജോസഫ്