നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെക്കുറിച്ച് മറ്റുളളവർ ചിന്തിക്കണം എന്ന ചിന്തയാണ് ഇതിന്റെ അടിസ്ഥാനം. അതിനൊപ്പം തന്നെ എല്ലാവരുടെയും ഗുഡ്ലിസ്റ്റിൽ ഞാൻ കയറിക്കൂടണം എന്ന സ്വാർത്ഥതയും.
അവർക്കിഷ്ടമാകുകയില്ലായിരിക്കും, അവർ എന്നെ കുറ്റം പറഞ്ഞേക്കും ഇങ്ങനെ ചില മുൻവിധികൾ പലരെയും പിടികൂടാറുണ്ട്. ഒരു പക്ഷേ നമ്മുടെ ധാരണകൾക്ക് വിരുദ്ധമായിട്ടായിരിക്കാം അവരുടെ നിലപാട്. നമ്മൾ ചെയ്യുന്നതും പറയുന്നതും അവർക്കിഷ്ടമാകുന്നുണ്ടായിരിക്കും. എന്നിട്ടും അവർക്കത് ഇഷ്ടമാകുകയില്ലായിരിക്കും എന്ന വിചാരിച്ച് നാം അസ്വസ്ഥരാകുന്നു.
ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. പൂർണ്ണസമ്മതനായ ഒരു വ്യക്തി പോലുമില്ല. അഹിംസാ സിദ്ധാന്തം സ്വജീവിതത്തിൽ പ്രാവർത്തികമാക്കിയ മഹാത്മാഗാന്ധിയും അടിമത്തം നിർത്തലാക്കിയ എബ്രഹാം ലിങ്കണുമൊക്കെ ചില ഉദാഹരണങ്ങളാണ്. അവർക്കൊക്കെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. മറ്റുള്ളവർ തന്നെക്കുറിച്ചു എന്തു വിചാരിക്കും എന്ന് ഭയന്ന് അവർ തങ്ങളുടെ നിലപാടുകളിൽ മായം ചേർത്തില്ല. അപകടകരമായ സത്യസന്ധത വിട്ടുപേക്ഷിച്ചുമില്ല. മറ്റുള്ളവരുടെ വിചാരങ്ങൾക്കനുസരിച്ചോ അവരുടെ കൈയടി നേടിയോ മറ്റുള്ളവരെ പ്രീതിപ്പെടുത്തിയോ ജീവിക്കേണ്ടവരല്ല നമ്മൾ. നമ്മൾ ജീവിക്കേണ്ടത് നമ്മുടെ ജീവിതമാണ്. ആ ജീവിതത്തിന് അതിന്റേതായ പരിമിതികളുണ്ട്. കുറവുകളുണ്ട്. അത്തരം കുറവുകളോടു കൂടിയതാണ് എന്റെ ജീവിതമെന്ന് തുറന്നുസമ്മതിക്കാനുള്ള ധൈര്യമില്ലായ്മയും സന്നദ്ധതയില്ലായ്മയും നമ്മുടെ സമാധാനക്കേടിന് കാരണമാകാം. മറ്റുള്ളവരുടെ ചിന്തകളുടെ കൺട്രോൾ എന്റെ പക്കലല്ല, അവരെന്തുവേണമെങ്കിലും വിചാരിച്ചോട്ടെയെന്ന് തീരുമാനിച്ചാൽ പാതിസമാധാനമായി.. മറ്റുള്ളവരുടെ വാക്കുകളിലല്ല എന്റെ ജീവിതത്തിന്റെ സന്തോഷം, മറ്റുള്ളവരുടെ വാക്കുകളിലല്ല എന്റെ പ്രവൃത്തികളുടെ സംതൃപ്തി.
എനിക്കിഷ്ടമില്ലാത്തതോ ഞാനാഗ്രഹിക്കാത്തതോ ആയ ഒരു കാര്യം എന്നെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോൾ എന്റെ മനസ് അസ്വസ്ഥമാകുന്നുണ്ടെങ്കിൽ അതിന് കാരണം ഞാൻ എന്റെ ജീവിതത്തിന്റെ സന്തോഷങ്ങളും സംതൃപ്തിയും മറ്റുള്ളവരെആശ്രയിച്ചാണ് നിർവചിക്കുന്നത് എന്നാണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കും പ്രീതിക്കും അനുസരിച്ചു ജീവിക്കാൻ ഉത്തരവാദിത്വപ്പെട്ടവരൊന്നുമല്ല നമ്മൾ. മറിച്ച് സ്വന്തം മന:സാക്ഷിക്കനുസരിച്ചും സന്തോഷങ്ങൾക്കനുസരിച്ചും ജീവിക്കുക എന്നതാണ് മുഖ്യം. അങ്ങനെ ജീവിക്കുമ്പോഴും മറന്നുപോകരുതാത്ത ഒരു കാര്യം കൂടിയുണ്ട്. സമൂഹത്തിനോ വ്യക്തികൾക്കോ ദുർമാതൃക നല്കുന്നതോ ആർക്കെങ്കിലും ദോഷമുണ്ടാക്കുന്നതോ ആയ യാതൊന്നും നമ്മുടെ ഭാഗത്തുനിന്നുണ്ടാകരുത്. മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നത് മൗഢ്യമാണ്. അവിടെ നമ്മുടെ വ്യക്തിത്വം പണയം വയ്ക്കേണ്ടതായി വരും. കാഴ്ചപ്പാടുകൾ ബലിയർപ്പിക്കേണ്ടതായി വരും. നീയെന്നെക്കുറിച്ച് എന്തു വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല എന്ന അയഞ്ഞനിലപാട് കൈക്കൊണ്ടാൽ എന്തൊരു സമാധാനമാണ്!