ആരോ എഴുതി വൈറലായ ഒരു ഫേസ്ബുക്ക് കുറിപ്പു പോലെ ജയറാം സിനിമയായ പട്ടാഭിരാമന് തല വയ്ക്കേണ്ട എന്നാണ് കരുതിയത്. മാത്രവുമല്ല പോസ്റ്ററുകള്‍ കണ്ട് മുന്‍വിധിയുമുണ്ടായിരുന്നു. പക്ഷേ എവിടെയോ ആരോ എഴുതിയ കുറിപ്പിലെ പരാമര്‍ശം കണ്ടാണ് പട്ടാഭിരാമന് കണ്ടുകളയാം എന്ന് തീരുമാനിച്ച് തീയറ്ററിലെത്തിയത്. ഏറെ നാള് കൂടിയാണ് ഒരു ജയറാം പടത്തിനായി തീയറ്ററില്‍ കയറിയത് എന്നും പ്രത്യേകതയുണ്ട്.
ഒറ്റവാക്കില്‍ ആദ്യം തന്നെ പറയട്ടെ എല്ലാ മുന്‍വിധികളെയും മാറ്റിമറിച്ച, മൂല്യാധിഷ്ഠിതവും പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്നതുമായ നല്ലൊരു സോദ്ദേശ്യചിത്രം. കണ്ണന് താമരക്കുളത്തിനും ദിനേശ് പള്ളത്തിനും അഭിനന്ദനങ്ങള്‍. നിങ്ങളെക്കുറിച്ചുള്ള ചില സിനിമാ നിരൂപകരുടെ ഇകഴ്ത്തലുകള്‍ക്ക് നിങ്ങള്‍തന്നെ മറുപടി നല്കി. മുഖ്യധാരാ സിനിമക്കാര്‍ ആരും കൈവയ്ക്കാന്‍ ധൈര്യപ്പെടാതിരുന്ന ഒരു വിഷയം തന്നെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തത്.
ഭക്ഷണമാണ് എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ ആവശ്യം. പക്ഷേ കഴിക്കുന്ന ഭക്ഷണത്തില്‍ കലര്‍ത്തപ്പെടുന്ന വിഷത്തെക്കുറിച്ച് നമ്മില്‍ എത്രപേര്‍ ബോധവാന്മാരാണ്? മോഡേണ്‍ ആകാന്‍ നാം കഴിച്ചുകൂട്ടുന്ന ഫാസ്റ്റ്ഫുഡുകളും ചിക്കനും എത്രത്തോളം നമ്മുടെ ആരോഗ്യം കവരുന്നുണ്ട? പ്രിയതാരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന നിറമുള്ള അരിപ്പൊടികളും മറ്റും എത്രത്തോളം ഗുണമേന്മയുള്ളവയാണ്? ആകുലപ്പെടുത്തുന്ന പല ചോദ്യങ്ങളും സംശയങ്ങളും ഈ ചിത്രം നമ്മുടെ മുന്നിലേക്ക് ഇട്ടുതരുന്നുണ്ട്. പ്രസിദ്ധമായ ഒരു ബ്രാന്‍ഡിന്റെ ഉല്പന്നങ്ങളില് മായം കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തയെ ഓര്‍മ്മിപ്പിക്കുന്ന സമാനമായ സംഭവങ്ങള്‍ ചിത്രത്തിലുമുണ്ട്.
പട്ടാഭിരാമന് എന്ന ഒറ്റ സിനിമ കൊണ്ട് ഇവിടെത്തെ ഭക്ഷണസംസ്കാരം മെച്ചപ്പെടുമെന്നോ ആരോഗ്യരംഗം ശുദ്ധീകരിക്കപ്പെടുമെന്നോ വിചാരിക്കുന്നൊന്നുമില്ല. പക്ഷേ ആ സിനിമ കണ്ട് ഒരാളെങ്കിലും അപകടകരമായ ഭക്ഷണരീതികളില്‍ നിന്ന് മാറിനില്‍ക്കാനും സ്വന്തം വീട്ടുമുറ്റത്ത് ആഴ്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനും നാടന്ഭക്ഷണശീലങ്ങളിലേക്ക് തിരിയാനും തീരുമാനമെടുത്തുവെങ്കില്‍ അവിടെ ഈ ചിത്രം വിജയമാണ്.
മക്കളെ പൊണ്ണത്തടിയന്മാരായി മാറ്റിയെടുക്കുന്ന മാതാപിതാക്കളുടെ നിരുത്തരവാദിത്തങ്ങള്ക്ക് നേരെയും ചിത്രം നിശിതമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഇതൊക്കെ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ മറ്റ് രീതിയിലുള്ള ചില ജീവിതചിത്രങ്ങള്‍ കൂടിയുണ്ട് ശ്രദ്ധിക്കപ്പെടേണ്ടതായിട്ട്.
ഒന്നുമില്ലായ്മയില്‍ നിന്ന് സമൃദ്ധിയിലേക്ക് അവിചാരിതമായി പറിച്ചുനടപ്പെടുമ്പോള്‍ ഒരു വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങളെ വളരെ സ്വഭാവികമായി ചിത്രം അവതരിപ്പിക്കുന്നുണ്ട്. വിനീതയിലും സനുമോന്‍ എന്ന ഫുഡ് ഇന്സ്പെക്ടറിലും നാം അതാണ് കാണുന്നത്. തല മറന്ന് എണ്ണ തേയ്ക്കുക എന്നും വന്ന വഴി മറക്കരുത് എന്നുമെല്ലാമുള്ള ചൊല്ലുകളെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ജീവിതചിത്രീകരണങ്ങള്. അന്യായമായി സമ്പാദിക്കുകയും തിന്മയ്ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നതിന്റെ അനന്തരഫലം എന്തായിരിക്കും എന്നും ചിത്രം കാണിച്ചുതരുന്നുണ്ട്.
ഇനി സിനിമയെ മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ സസ്പെന്‍സുണ്ട്, സെന്റിമന്റ്സുണ്ട്, സംഘടനമുണ്ട്. സ്പീഡുണ്ട്. പൊറിഞ്ചുമറിയ ജോസുമാര്‍ വയലന്സിന്റെയും തത്വദീക്ഷയില്ലായ്മയുടെയും പേരില്‍ അലറിവിളിക്കുമ്പോള്‍ ജോജുവിന്റെയും ചെമ്പന്റെയും ജോഷിയുടെയും പേരില്‍ മാധ്യമങ്ങള്‍ പ്രസ്തുത ചിത്രത്തെ അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുമ്പോള്‍ എഴുതിത്തള്ളിയ പോലെത്തെ ജയറാമിനും സംവിധായകആചാര്യനല്ലാത്ത കണ്ണന് താമരക്കുളത്തിനും വേണ്ടി ഇത്രയെങ്കിലും ഒരു പ്രേക്ഷകന് എന്ന നിലയില്‍ എഴുതേണ്ടതുണ്ടെന്ന് തോന്നി. മാത്രവുമല്ല ഈ ചിത്രത്തില്‍ നന്മയുണ്ട്. തിരിച്ചറിവുമുണ്ട്. അതുകൊണ്ട് ഈ ചിത്രത്തെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.
വിനായക്