മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്റലിജന്റ് സാങ്കേതികവിദ്യയായ കൃത്രിമ ബുദ്ധി അഥവാ അക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഗതാഗതം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇതിന്റെ പ്രയോഗം മനുഷ്യന്റെ പ്രവർത്തനം വളരെ എളുപ്പമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും ആത്യന്തികമായി അക യെ അമിതമായി ആശ്രയിക്കുന്നത് ഏറെ നിഷേധാത്മകമായ ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. എന്തൊക്കെയാണ് അതെന്ന് നോക്കാം.
ചിന്തിക്കാനുള്ള കഴിവു കുറയുകയോ നഷ്ടമാകുകയോ ചെയ്യുന്നു
അക സംവിധാനങ്ങൾ മനുഷ്യർക്ക് വേണ്ടി ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുമ്പോൾ മനുഷ്യരുടെ സ്വതന്ത്രചിന്തയും പ്രശ്നപരിഹാരശേഷിയും കുറയാനുള്ള സാധ്യതയുണ്ട്. ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ തീരുമാനങ്ങൾ മുഴുവനായും യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുന്നത് മനുഷ്യനെ കേവലം ആശ്രിതനാക്കും. സ്വന്തമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമ്പോഴാണല്ലോ വിലപ്പെട്ടവരും വ്യക്തിത്വമുള്ളവരുമായി മനുഷ്യർ മാറുന്നത്.
തൊഴിൽ നഷ്ടപ്പെടുന്നു
കൃത്രിമബുദ്ധി നിരവധി മേഖലകളിൽ മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നു. പ്രത്യേകിച്ച് ഡാറ്റാ പ്രോസസ്സിംഗ്, കസ്റ്റമർ സർവീസ്, നിർമാണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഇതിന്റെ സ്വാധീനം വേഗത്തിൽ വ്യാപിക്കുകയാണ്. ഇതോടെ അനവധി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുകയും സാമ്പത്തിക അസമത്വം വർധിക്കുകയും ചെയ്യുന്നു.
സ്വകാര്യതയുടെയും സുരക്ഷയുടെയും നഷ്ടപ്പെടൽ
അക സംവിധാനങ്ങൾ വൻതോതിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ഈ ഡാറ്റ ഹാക്കിംഗ്, ദുരുപയോഗം, നിരീക്ഷണം തുടങ്ങിയ ഭീഷണികൾക്കു വഴിതെളിക്കാം. വ്യക്തികളുടെ സ്വകാര്യത ഗൗരവമായി ബാധിക്കപ്പെടാൻ സാധ്യതയുണ്ട്.
തെറ്റായ വിവരങ്ങളുടെ സാധ്യത
അക സിസ്റ്റങ്ങൾ മനുഷ്യർ തയ്യാറാക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഡാറ്റയിൽ പക്ഷപാതമോ പിശകുകളോ ഉണ്ടെങ്കിൽ, അക തെറ്റായ നിർദ്ദേശങ്ങളും തീരുമാനങ്ങളും എടുക്കാൻ സാധ്യതയുണ്ട്.
