സ്വന്തം ജീവിതത്തോട് ഒരാള്‍ക്ക് മതിപ്പുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തന്റെ ജീവിതത്തെ അതിന്റെ എല്ലാ കുറവുകളോടും ക്ഷതങ്ങളോടും അംഗീകരിക്കാനും സ്വീകരിക്കാനും കഴിയുമ്പോള്‍ മാത്രമേ അയാള്‍ക്ക് മറ്റുള്ളവരുടെയും ജീവിതങ്ങളെ ആദരിക്കാനും ആ ജീവനുകളോട് മതിപ്പും ഉണ്ടായിരിക്കുകയുള്ളൂ.
മൃഗീയമായ കൊലപാതകങ്ങളും ആത്മഹത്യകളും നടത്തുന്ന വ്യക്തികള്‍ ആരുമായിരുന്നുകൊള്ളട്ടെ അവരാരും തങ്ങളെക്കുറിച്ച് മതിപ്പുള്ളവര്‍ ആയിരുന്നില്ല, മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവര്‍ സംതൃപ്തരുമായിരുന്നില്ല. ജീവനെ അവര്‍ ആദരിക്കുകയോ അതിന്റെ പിന്നിലെ ദൈവികകരങ്ങളെ വിശ്വസിക്കുകയോ ചെയ്തിരുന്നുമില്ല. സ്വന്തം ജീവിതത്തോടു മതിപ്പില്ലാത്തവര്‍ അതേ നയം തന്നെയായിരിക്കും മറ്റുള്ളവരുടെയും ജീവിതങ്ങളോട് കാണിക്കുന്നത്.
ലോകമനസ്സാക്ഷിയെ മുഴുവന്‍ നടുക്കിക്കളഞ്ഞ ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നതും അയാളുടെ അരക്ഷിതമായ ബാല്യജീവിതാവസ്ഥകളും തന്നെക്കുറിച്ചു തന്നെയുള്ള അപകര്‍ഷതയുമായിരുന്നു ആ കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു. ലോകത്ത് ശാരീരികമായി കുറവുകളില്ലാത്ത മനുഷ്യരുണ്ടാവണമെന്നത് അയാളുടെ വ്യാമോഹം മാത്രമായിരുന്നു. കുറവുകള്‍ക്കുമപ്പുറം മനുഷ്യന്റെ മഹത്വം കാണാന്‍ ഹിറ്റ്‌ലര്‍ക്കും അതുപോലെയുള്ളവര്‍ക്കും കഴിയാതെ പോയി.ലോകനേതാക്കള്‍ മുതല്‍ നാട്ടിന്‍പ്പുറങ്ങളിലെ കുറ്റവാളികള്‍ക്ക് വരെ ഇത് ബാധകമാണ്. എന്റെ ജീവന്‍ പോലെതന്നെയാണ് നിന്റെയും ജീവന്‍ എന്നും ഞാന്‍ ജീവിക്കുന്നതുപോലെ നീയും ജീവിച്ചിരിക്കേണ്ടതാണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ജീവനെ ആദരിക്കുകയും അതിന് വേണ്ടി നിലയുറപ്പിക്കുകയും ചെയ്യുന്ന വിധത്തിലേക്ക് നമ്മുടെ ജീവിതങ്ങള്‍ മാറിമറിയും. അത്തരമുള്ള ബോധ്യങ്ങളുടെ അഭാവമാണ് ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന്.
പ്രണയത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു എന്ന വാര്‍ത്ത നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഇത്തരം ചില നിഗമനങ്ങളിലാണ്. സ്വീകരിക്കപ്പെടാന്‍ മാത്രമുള്ളതല്ല നിരസിക്കപ്പെടാന്‍കൂടിയുള്ളതാണ് പ്രണയങ്ങള്‍.
അല്ലെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ ഒരു ജോലിക്ക് നിങ്ങള്‍ അപേക്ഷ അയ്ക്കുന്നു. നിയമനം ഉറപ്പുവരുത്തുന്നതിന് മുമ്പ് നിങ്ങള്‍ എഴുത്തുപരീക്ഷയും അഭിമുഖവും എന്നിങ്ങനെയുള്ളഎത്രയോ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. ചിലപ്പോള്‍ നിങ്ങളെക്കാള്‍ യോഗ്യതയുള്ള ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നുമിരിക്കും. അതിന്റെ അര്‍ത്ഥം ആ ജോലിക്ക് നിങ്ങളെക്കാള്‍ മറ്റൊരാള്‍ കേമനാണ് എന്നുമാത്രമാണ്. അല്ലാതെ ഒരു ജോലിക്കും നിങ്ങള്‍ യോഗ്യനല്ല എന്നല്ല.
അഭിമുഖപരീക്ഷകളില്‍ നിന്നും എഴുത്തുപരീക്ഷകളില്‍ നിന്നും പുറത്തേക്കുള്ള വഴി ജീവിതത്തിന്റെ പുറത്തേക്കുള്ള വഴിയല്ല അത് മറ്റൊരു സാധ്യതകളിലേക്കുള്ള വാതിലുകളാണ്. ഇതുപോലെ തന്നെയാണ് പ്രണയങ്ങളും.
ചിലര്‍ക്ക് ചിലരോട് ഇഷ്ടം തോന്നുന്നു. എന്നാല്‍ ആ ഇഷ്ടം തിരികെ കിട്ടണമെന്നില്ല. തിരികെ കിട്ടാതെ വരുന്ന സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ ഇച്ഛാഭംഗം തോന്നുന്നത് സ്വഭാവികം. എന്നാല്‍ അത് പ്രതികാരമായി വളര്‍ത്തുമ്പോള്‍ അവിടെ അപകടമുണ്ട്. പ്രണയത്തിന്റെ ഇച്ഛാഭംഗങ്ങള്‍ പ്രതികാരമായി വളര്‍ന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കാക്കനാട് നിന്ന്് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കാക്കനാട് അത്താണിയില്‍ കാളങ്ങാട്ട് പത്മാലയത്തില് ഷാലന്‍- മോളി ദമ്പതികളുടെ മകള്‍ ദേവിക എന്ന പതിനേഴുകാരിയെ, പറവൂര്‍ പല്ലംതുരുത്ത് പാടത്തുവീട്ടില്‍ ഉദയന്‍-ഉദയ ദമ്പതികളുടെ മകന്‍ മിഥുനെന്ന ഇരുപത്തിയാറുകാരന്‍ തീ കൊളുത്തി കൊന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുണര്‍ത്തി മിഥുന്‍ ഈ ക്രൂരകൃത്യം ചെയ്തത്. കൊലപ്പെടുത്തുക മാത്രമല്ല മിഥുനും സ്വയം മരണം വരിക്കുകയും ചെയ്തു. തിരുവല്ലയിലും തൃശൂരും ഒരു വര്‍ഷത്തിനുളളില്‍ അരങ്ങേറിയ പ്രണയകൊലപാതകങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് കാക്കനാടും ആവര്‍ത്തിച്ചിരിക്കുന്നത്.
മിഥുന്‍ ഇതിനു മുമ്പും പ്രണയനൈരാശ്യത്തിന്റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് സ്വന്തം ജീവിതത്തോടും ആയുസിനോടും താന്‍ ആിരിക്കുന്ന അവസ്ഥകളോടും യാതൊരു മതിപ്പും ആദരവുമില്ലാതിരുന്ന വ്യക്തി. അതുകൊണ്ടാണ് പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങളില്‍ നിന്ന് കൊലപാതകവും വീണ്ടും ആതമഹത്യയും നടന്നത്.
ഓരോ മാതാപിതാക്കളുടെയും പ്രത്യേകിച്ച് പെണ്‍മക്കളുളള മാതാപിതാക്കളുടെ നെഞ്ചില്‍ തീ കോരിയിടുന്ന സംഭവങ്ങളാണ് ഇതൊക്കെ. കണ്‍മുമ്പില്‍ മകള്‍ കത്തിത്തീരുന്നതിന്റെ വേദനയും സങ്കടവും ആ അച്ഛനമ്മമാര്‍ക്ക് എന്നെങ്കിലും മറക്കാന്‍ കഴിയുമോ? ഇഷ്ടമില്ലാത്തതിനോട് നോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലും പ്രണയാഭ്യര്‍ത്ഥനകളുടെ കാര്യത്തില്‍ ഒരുപെണ്‍കുട്ടിക്ക് ഇല്ലാതെപോകുന്നത് ആശങ്കാകുലമല്ലേ?
വീടുകളിലെ അസ്വസ്ഥകരമായ സാഹചര്യങ്ങള്‍ ചിലരെയെങ്കിലും നിഷേധാത്മകമായ ജീവിതസമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചെന്നിരിക്കും. മാതാപിതാക്കളുടെ കുടുംബവഴക്കുകളുടെ പേരില്‍ വിവാഹിതയാകുന്നതിന് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു യുവതി വിവാഹാനന്തരവും കുടുംബജീവിതത്തിലെ തീരെ ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പോലും ആത്മഹത്യാഭീഷണി മുഴക്കിയെന്നിരിക്കും. കാരണം അവളുടെ മനസ്സില്‍ പരാജയപ്പെട്ടതാണെങ്കിലും ഒരു ആത്മഹത്യശ്രമം നടത്തിയതിന്റെ പരിചയസമ്പത്തുണ്ട്.
ഇന്നലെ ലോകമാനസികാരോഗ്യദിനം കൂടിയായിരുന്നു. ആത്മഹത്യയില്‍ നിന്ന് മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചായിരുന്നു പ്രസ്തുത ദിനം ചര്‍ച്ച ചെയ്തതും. ഇത്തരത്തിലുള്ള വ്യാപകമായ ബോധവല്‍ക്കരണങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹ്യജീവിതന്നെയാണ്. എത്രമാത്രം സ്വാര്‍ത്ഥനാണെങ്കിലും അവനൊരിക്കലും തന്റെ സാമൂഹ്യപ്രതിബദ്ധതയില്‍ നിന്ന് മാറിനില്ക്കാന്‍ കഴിയില്ല. തനിക്കുകിട്ടിയ ജീവിതത്തെ ജീവിക്കുക മാത്രമല്ല മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക കൂടി ചെയ്യണം. എങ്കില്‍ മാത്രമേ ഇവിടെ ആത്മഹത്യകളും കൊലപാതകങ്ങളും അവസാനിക്കുകയുള്ളൂ. അത്തരമൊരു ശ്രമത്തിനും ബോധവല്‍ക്കരണത്തിനും വേണ്ടതെല്ലാം ചെയ്യാന്‍ നാം സന്നദ്ധരാകണം.