അവസരങ്ങൾ എപ്പോഴും ഉണ്ട്. എന്നാൽ അവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്തത് നമ്മിലുള്ള ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടാണ്. മാറിയലോകത്തിൽ കഴിവുകൊണ്ട് മാത്രമല്ല ആളുകൾ വിജയങ്ങളിലെത്തുന്നത് ആത്മവിശ്വാസം കൊണ്ടുകൂടിയാണ്. കൂടുതൽ ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യേണ്ടത് ഇക്കാലത്ത് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതാണ്. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ചില സാഹചര്യങ്ങൾ താഴെ വിശദീകരിക്കുന്നു.
അഭിനന്ദനങ്ങൾ സ്വീകരിക്കുക
സുഹൃത്തുക്കളിൽ നിന്ന്, കുടുംബാംഗങ്ങളിൽ നിന്ന് തുടർച്ചയായി അഭിനന്ദനങ്ങൾ കിട്ടുന്നത് നമ്മുടെ ആത്മവിശ്വാസം വർദ്ധിക്കാറുണ്ട്. എന്തിന് ചിലപ്പോൾ അപരിചിതർ പോലും പ്രശംസിച്ചു കടന്നുകളയാറില്ലേ. ഇതൊക്കെ സെൽഫ് കോൺഫിഡൻസ് വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളാണ്.
സാമൂഹികബന്ധങ്ങൾ നല്ലതായിരിക്കുക.
മികച്ച രീതിയിൽ സാമൂഹികബന്ധങ്ങൾ പുലർത്തുന്നവരുടെ ആത്മാഭിമാനം ഉയർന്നതായിരിക്കും എന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകരമായ ബന്ധങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തിനും സഹായകരമാണ്. കുറഞ്ഞ ആത്മാഭിമാനവും മാനസികമായ സമ്മർദ്ദങ്ങളും ചേർന്നാണ് ബന്ധങ്ങൾ വിഷലിപ്തമാക്കുന്നത്. അതുകൊണ്ട് നല്ല രീതിയിലുള്ള സാമൂഹികബന്ധങ്ങൾ പുലർത്തുന്നവരുടെ ആത്മാഭിമാനം ഉയർന്ന തോതിലുള്ളതായിരിക്കും.
സാഹചര്യങ്ങളുടെ വെല്ലുവിളികൾ ഏറ്റെടുക്കുക
ഒരു പ്രതികൂലസാഹചര്യമുണ്ടായാൽ, അല്ലെങ്കിൽ ഒരു പിഴവ് സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്ന സ്വഭാവമാണോ നിങ്ങളുടേത്? അതോ തിക്തഫലം എന്തായാലും ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ തയ്യാറാണോ? രണ്ടുകാര്യങ്ങൾക്കും ആത്മവിശ്വാസവുമായി കൂടി ബന്ധമുണ്ട്. കുറഞ്ഞ ആത്മവിശ്വാസമുള്ളവരാണ് മറ്റുള്ളവരുടെമേൽ പഴിചാരി കുറ്റവിമുക്തരാകുന്നത്. എന്നാൽ ആത്മവിശ്വാസമുള്ളവരാകട്ടെ സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കുകയും സാഹചര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ സൂചനയാണ്.
ചെറിയ വിജയങ്ങളും ആഘോഷിക്കുക
ജീവിതത്തിൽ ചില വിജയങ്ങളുണ്ടാകുമ്പോൾ അതിനെ ഭാഗ്യമായി കരുതുന്നവരുണ്ട്. യാദൃച്ഛികമായി സംഭവിച്ച വിജയം എന്നാണ് അവരുടെ എളിമ നിറഞ്ഞ പ്രതികരണം. ഇത് അവരുടെ ആത്മവിശ്വാസക്കുറവാണ് പ്രകടിപ്പിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ചെറിയ വിജയങ്ങൾ പോലും ആഘോഷമാക്കുന്നവരിലാകട്ടെ ആത്മവിശ്വാസംകൂടുതലുമാണ്. കാരണം അവർ വിജയത്തിലെത്താൻ വേണ്ടിയുള്ള കഠിനശ്രമങ്ങളെയും അദ്ധ്വാനത്തെയും വിലമതിക്കുന്നു സ്വന്തം കഴിവിലുള്ള വിശ്വാസമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.
വർത്തമാനത്തിൽ ജീവിക്കുക
എല്ലാവർക്കും ഒരു ഭൂതകാലമുണ്ട്. എന്നാൽ ചിലർ അത് മറക്കാൻ ആഗ്രഹിക്കുന്നവരും വേറെ ചിലർ ഭൂതകാലത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ് നമ്മുടെ ഭൂതകാലം നല്ലതോ ചീത്തയോ ആയിരുന്നുകൊള്ളട്ടെ, ഇന്നിന്റെ സന്തോഷങ്ങളെ നഷ്ടപ്പെടുത്താൻ അതിനെ അനുവദിക്കരുത്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ് വർത്തമാനകാലത്തെ പ്രവർത്തനനിരതവും പ്രസാദാത്മകവുമാക്കുന്നത്. ആത്മവിശ്വാസമുള്ളവരെല്ലാം വർത്തമാനകാലത്തിന്റെ സന്തോഷങ്ങളിൽ ജീവി
ക്കുന്നവരാണ്. ഭൂതകാലത്തെക്കുറിച്ചുള്ള വേദനകളോ ഭാവിയെക്കുറിച്ചോർത്തുള്ള അമിത ഉത്കണ്ഠകളോ ഇല്ലാതെ ജീവിക്കുന്നവരെല്ലാം ആത്മവിശ്വാസമുള്ളവരാണ്.
മറ്റുള്ളവരുമായി താരതമ്യം നടത്താതിരിക്കുക
മനുഷ്യസഹജമായ ഒരു പ്രവണതയുണ്ട് ; മറ്റുള്ളവരുമായി സ്വയം താരതമ്യം നടത്തുക.അവരെപ്പോലെയായില്ലല്ലോ താൻ. ഇങ്ങനെയുള്ള ചിന്തയുമായി ജീവിക്കുക. താരതമ്യങ്ങൾ സന്തോഷങ്ങൾ ഇല്ലാതാക്കുന്നു എന്നു മാത്രമല്ല ആത്മവിശ്വാസത്തിന് കൂടി പോറലേൽപ്പിക്കുന്നു. ആത്മവിശ്വാസമുള്ളവർ മറ്റുള്ളവരുമായി സ്വയം താരതമ്യം നടത്തുന്നില്ല. അവർ ആയിരിക്കുന്ന തങ്ങളുടെ അവസ്ഥകളിൽ സംതൃപ്തരും കഴിവുകളിൽ സന്തോഷിക്കുന്നവരുമാണ്.
പൂർണ്ണാരോഗ്യവാന്മാരായിരിക്കുക
കുറഞ്ഞ മാനസികാരോഗ്യം കുറഞ്ഞ ശാരീരികാരോഗ്യത്തിനും വഴി തെളിക്കുന്നുണ്ട്. ഉറക്കക്കുറവ് നേരിടുന്നവർ പലപ്പോഴും മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ഉത്കണ്ഠാകുലർ കൂടിയാണ് ഇവർ. ആത്മവിശ്വാസമില്ലാത്തവരുടെ പൊതുമുദ്രയാണ് ഉത്കണ്ഠയും ആശങ്കയും മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരെല്ലാം ആത്മവിശ്വാസം ഉള്ളവരാണ്.
നല്ല പഠിതാവായിരിക്കുക
പഠിച്ചതൊക്കെ മതി, ഇനിയെന്ത് പഠിക്കാൻ എന്ന മട്ടിൽ കഴിഞ്ഞുകൂടുന്നവരുണ്ട്. ഇത്തരക്കാരുടെ ആത്മവിശ്വാസത്തിന്റെ ലെവൽ വളരെ താഴ്ന്നതായിരിക്കും. എന്നാൽ മറ്റ് ചിലരുണ്ട് ഏതു പുതിയ കാര്യവും പഠിക്കാൻ വലിയ ഉത്സാഹം കാണിക്കും.പുതിയ അറിവുകൾ അവർ സ്വന്തമാക്കും. പഴഞ്ചൻ കാര്യങ്ങളെ തള്ളിക്കളഞ്ഞ് അനുദിനകാര്യങ്ങൾ അപ്റ്റുഡേറ്റഡായിമാറ്റും. ഇത്തരക്കാരുടെ ആത്മവിശ്വാസം ഉയർന്നതായിരിക്കും. ആത്മവിശ്വാസമുണ്ടോയെന്ന് സ്വയംപരീക്ഷിച്ചറിയാൻ ഇക്കാര്യം പരിശോധിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോട് എനിക്ക് എന്തുമാത്രം താല്പര്യമുണ്ട്?
ആത്മസ്നേഹം ജീവിതത്തിന്റെ ഭാഗമായിരിക്കുക
അവരവരെ സ്നേഹിക്കുക. അവരവരെ വെറുക്കുകയോ ദ്വേഷിക്കുകയോ ചെയ്യുന്നവർക്ക് ആത്മവിശ്വാസമുണ്ടായിരിക്കുകയില്ല.
പിന്തുണയ്ക്കുന്നവരുടെ ഒരു സമൂഹം ഒപ്പമുണ്ടായിരിക്കുക
ചുറ്റുപാടുകളും നാം അടുത്ത് ഇടപഴകുന്ന വ്യക്തികളും ആത്മവിശ്വാസത്തെ പ്രതികൂലമോ അനുകൂലമോ ആയി സ്വാധീനിക്കുന്നവയാണ്. ഏതു നല്ലകാര്യം ചെയ്യുമ്പോഴും കുറ്റം കണ്ടെത്തുന്ന മാതാപിതാക്കളും സുഹൃത്തുക്കളുമാണ് ഉള്ളതെങ്കിൽ അവരുടെയിടയിൽ ജീവിക്കുന്നവർക്ക് ആത്മവിശ്വാസം കുറവായിരിക്കും. പ്രോത്സാഹനങ്ങളുടെയും പിന്തുണകളുടെയും മധ്യത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നിങ്ങൾക്ക് ആത്മവിശ്വാസം കൂടുതലുണ്ടായിരിക്കും.
ഇനി ഇതിന്റെ ചില മറുവശം കൂടി പറയട്ടെ, ഉദാഹരണത്തിന്, ഓഫീസിൽ കൃത്യതയോടും ആത്മാർ
ത്ഥതയോടും കൂടി ജോലിചെയ്യുന്നു. ഫയലുകൾ നോക്കുന്നു. അല്ലെങ്കിൽ മനോഹരമായി പാടുന്നു, എഴുതുന്നു, ഡാൻസ് ചെയ്യുന്നു. എന്നാൽ ഇവിടെയൊക്കെ ചിലപ്പോൾ അഭിനന്ദിക്കപ്പെടണമെന്നില്ല. നിങ്ങളെയും നിങ്ങളുടെ കഴിവിനെയും അംഗീകരിക്കാനുളള സന്നദ്ധതയില്ലായ്മയും വ്യക്തിപരമായ അസൂയയും എല്ലാം ഇതിന് കാരണമായി വന്നേക്കാം. ഇവിടെയെന്താണ് ചെയ്യേണ്ടത്? സ്വയം അഭിനന്ദിക്കുക. നീ നന്നായി ചെയ്തുവല്ലോ.. ഇത്ര മനോഹരമായി നിനക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല. വെൽഡൺ.. ഇങ്ങനെ അവനവരോട് തന്നെ അഭിനന്ദനം അറിയിക്കുക. അതിന് പകരം എന്നെ ആരും അഭിനന്ദിച്ചില്ല, നല്ലതുപറഞ്ഞില്ല, ശ്ശോ കഷ്ടം! എന്നിങ്ങനെ ആത്മനിന്ദയിലായിരുന്നാലോ? അവിടെ നിങ്ങൾ നിങ്ങളിലേക്ക് തന്നെ ചുരുങ്ങുകയാണ്. നിങ്ങൾ സ്വയം ആത്മവിശ്വാസം കെടുത്തിക്കളയുകയാണ്. അതുണ്ടാവാതെ നോക്കുക. ആരും അംഗീകരിച്ചില്ലെങ്കിലും ആരും അഭിനന്ദിച്ചില്ലെങ്കിലും എന്റെ കഴിവിൽ എനിക്കാത്മവിശ്വാസമുണ്ട് എന്ന ഉറച്ചബോധ്യത്തോടെ മുന്നോട്ടുപോവുക.