ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു ഒടിടി റിലീസ് വഴി പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമാണ് ‘ജോജി’. സംവിധായകന്റെ സാധാരണയുള്ള നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു സൈക്കോ ത്രില്ലർ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ‘പോത്തേട്ടൻസ് ബ്രില്ല്യൻസ്’ തന്നെയാണ് ജോജി. ഷേക്‌സ്പിയറി ന്റെ ‘മാക്ബത്ത്’ എന്ന നാടകമാണ് ഈ ചിത്രത്തിന്റെ പ്രേരണ എന്ന് സംവിധായകൻ പറയുന്നുണ്ട്. വളരെ കാലികപ്രസക്തമായ ഒരു പ്രമേയം വേണ്ടത്ര ചേരുവകൾ ചേർത്ത് അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു.
ധനികനും തന്റേടിയുമായ കുട്ടപ്പൻ എന്ന ഭൂ ഉടമയുടെയും മക്കളുടെയും കഥയാണ് ജോജി. കുടുംബത്തിൽ ഒന്നിനും കൊള്ളാത്തവനായി മറ്റുള്ളവർ കരുതുന്ന ഇളയവനാണ് ജോജി. കുടുംബത്തിലുള്ള മറ്റാരെയും പോലെ അവനും തന്റെ അപ്പന്റെ കാർക്കശ്യ മനോഭാവത്തിൽ അസംതൃപ്തനാണ്.
അപ്പന് അസുഖം വന്നു കിടപ്പാകുമ്പോൾ ആ കുടുംബത്തോടൊപ്പം അവനും സന്തോഷിക്കുന്നു . എന്നാൽ വീണ്ടും അപ്പൻ രോഗത്തിൽനിന്നും രക്ഷപ്പെട്ടു വരുമ്പോൾ കുടുംബം ഒന്നടങ്കം അസ്വസ്ഥരാകുന്നു. അതിൽ ജോജിയാകട്ടെ വളരെ വിദഗ്ധമായി സ്വന്തം പിതാവിനെ ഇല്ലാതാക്കുന്നു. അവന്റെ ചേട്ടത്തി ബിൻസി ഷേക്‌സ്പിയറിന്റെ ലേഡി മാക്ബത്തിനെ ഓർമ്മിപ്പിക്കും വിധം അവനു മൗനമായ സമ്മതവും നൽകുന്നു. എന്നാൽ പിന്നീട് തന്റെ തെറ്റ് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ ജോജി അയാളുടെ ചേട്ടനെയും വക വരുത്തുന്നു.
സ്വന്തം സന്തോഷത്തിനു തടസ്സമായി നിൽക്കുന്ന ഏതൊന്നിനെയും വെട്ടിമാറ്റുന്ന മനുഷ്യന്റെ സ്വതസിദ്ധമായ സ്വഭാവത്തിന്റെ പ്രതീകമാണ് ജോജി. പെരുമ്പടവം പറയുന്ന പോലെ ‘എല്ലാവരുടെയും ഉള്ളിൽ ഒരു രാജാവ് ഒളിഞ്ഞിരിപ്പുണ്ട് പക്ഷെ കാലദോഷം കൊണ്ട് നമ്മളൊക്കെ പ്രജയായി ജീവിക്കുന്നു എന്നേയുള്ളൂ’. നമ്മുടെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന ഒരാൾ അത് സ്വന്തം കൂടപ്പിറപ്പ് ആയാലും അറുത്തുമാറ്റി മുന്നോട്ടുപോകാനുള്ള ഒരു ത്വര നമ്മിൽ എല്ലാവരിലും ഉണ്ട് . നീത്‌ഷേ പറയുന്നതുപോലെ ‘എന്താണ് നരകം? അത് അപരൻ അല്ലാതെ മറ്റൊന്നല്ല’ (ഠവലവ ലഹഹശ െിീവേശിഴ യൗ േീവേലൃ).
ആരേയും കീഴ്‌പ്പെട്ടു ജീവിക്കുവാൻ ഏതൊരാളെയും പോലെ ജോജിയും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അപ്പന്റെ സ്ഥാനത്തു ജോമോൻ ചേട്ടൻ വരുമ്പോൾ അയാൾ കൂടുതൽ അസ്വസ്ഥനാകുന്നതും.
ഒരു കുറ്റകൃത്യം ചെയ്യുന്നതിനും അത് വിദഗ്ധമായി മറക്കുന്നതിനും ആധുനിക മാധ്യമ സാധ്യതകൾ തേടുന്ന ജോജി ഏതൊരു കാര്യത്തിനും നല്ലതോ ചീത്തയോ ആകട്ടെ ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന നമ്മുടെ ജീവിതശൈലിയുടെ ഉത്തമ ഉദാഹരണമാണ്.
മരിച്ച് കിടക്കുന്ന അപ്പന്റെ ശവമഞ്ചത്തിനു അടുക്കലേക്കു കടന്നുവരുമ്പോൾ ഒരു മാസ്‌ക്കും കൂടി വക്കാൻ ജോജിയെ നിർബന്ധിക്കുന്ന ചേട്ടത്തി ബിൻസി, ഉള്ളിലെ കാപട്യത്തെ ഏതു വിധേനയും മറച്ചു പിടിക്കാൻ ശ്രമിക്കുന്ന പുതിയ സംസ്‌കാരത്തിന്റ പൊള്ളത്തരങ്ങൾ നല്ലപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
താൻ ചെയ്ത തെറ്റുകൾക്കു സമൂഹത്തെയാണ് ജോജി കുറ്റപ്പെടുത്തുക. തനിക്കു ചുറ്റുമുള്ളവരാണ്. തന്നെ ഈ നിലയിൽ ആക്കിയത് എന്നുള്ളതാണ് അയാളുടെ ന്യായീകരണം. സമൂഹത്തിനു നേരെ അയാൾ ആക്രോശിക്കുമ്പോൾ അതിൽ കുറ്റക്കാരായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരിക വെറും ആൾക്കൂട്ട മനോഭാവവും സാമൂഹ്യ സദാചാരബോധവും ആവശ്യത്തിലേറെ തലയിലേറ്റി നടക്കുന്ന മലയാളി സമൂഹം ഒന്നാകെയാണ്.
താൻ ചെയ്ത തെറ്റുകൾ ഒന്നും സമ്മതിക്കാൻ തയ്യാറാകാതെ ഇരുകണ്ണുകളും തുറന്നു പിടിച്ചുനിൽക്കുന്ന ജോജിയിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. ചെയ്തു കൂട്ടുന്ന തെറ്റുകൾ അംഗീകരിക്കാൻ തയ്യാറാകാതെ സ്വയം ന്യായീകരിക്കുന്ന മനുഷ്യസഹജമായ നമ്മുടെ പ്രതിനിധിയെ തന്നെയാണ് വെള്ളിത്തിരയിൽ നാം കണ്ടു മുട്ടുന്നത്.
സ്വന്തം അപ്പനെ ആൾക്കാരെ ബോധ്യപ്പെടുത്താൻ മാത്രം ചികിത്സിക്കണം എന്നാവശ്യപ്പെടുന്ന, അപ്പന്റെ മരണശേഷം സ്വത്തു വീതിക്കാനായി ഒത്തുകൂടുന്ന മക്കളി ലൂടെയുമെല്ലാം ഒട്ടും അതിശയോക്തിയില്ലാതെ തന്നെ മനുഷ്യന്റെ സ്വാർത്ഥത സംവിധായകൻ എടുത്തുകാണിക്കുന്നുണ്ട്.
മതാചാരങ്ങളോടും അതിന് നേതൃത്വം നൽകുന്ന പുരോഹിത വർഗ്ഗത്തോടുമുള്ള ആധുനിക മനുഷ്യന്റെ എതിർപ്പ് കൂടിയാണ് സിനിമ എടുത്തു കാണിക്കുന്നത്. ജോമോന്റെ മനസ്സാക്ഷിയാണ് ജോമോന്റെ മാനുവൽ എന്ന് പറയുമ്പോൾ കയ്യടിക്കുന്ന യുവജനങ്ങൾ, വ്യവസ്ഥാപിത മതങ്ങൾ മുന്നോട്ടുവെക്കുന്ന ധാർമികതയ്ക്ക് എതിരെയുള്ള അവരുടെ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത് എന്നതിൽ സംശയമില്ല.
ചുരുക്കത്തിൽ ചിത്രത്തിലെ ചില കഥാപാത്രങ്ങൾ നമുക്ക് പരിചിതമാണ് എന്നതിലുപരി അത് നമ്മൾ തന്നെയാണല്ലോ ഒരു ചിന്ത നല്കുന്നതിലാണ് ജോജിയുടെ വിജയം.
ഒന്നോർത്താൽ ജോജി നമുക്ക് ചുറ്റും കാണുന്ന ഒരാളല്ല മറിച്ച് നമ്മിൽ തന്നെയുള്ള ഒരു സാധ്യതയാണ് ആണ്. സ്വന്തം സുഖത്തിനായി എന്തും ചെയ്യാൻ തയ്യാറായി മറ്റൊരാളെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരു തലമുറയുടെ പ്രതീകം മാത്രമാണ് അത്. അഥവാ നാം എല്ലാവരിലും ഉള്ള എന്നാൽ നാം ബോധപൂർവ്വം മറികടക്കേണ്ട ഒരു സാധ്യത.
നൗജിൽ വിതയത്തിൽ