സെലിബ്രിറ്റികളുടെ ഇടപെടലുകൾ

Date:

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ  ഇടപെടലുകൾ നടത്തുന്നത്. അതുതന്നെയാണ് അവരുടെ മൂലധനവും.

ഇക്കാരണത്താൽ അവ പരക്കെ ശ്രദ്ധിക്കപ്പെടുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ കൊണ്ടാണ് പലപ്പോഴും  ആ ഇടപെടലുകൾ സ്വീകാര്യമാവുന്നത്. മറ്റുള്ളവർ  ഇടപെടലുകൾ നടത്തുമ്പോൾ അവയ്ക്ക് വേണ്ടത്ര അംഗീകാരമോ പിന്തുണയോ കിട്ടാതെ പോകുന്നത് അവർ പലരും സാധാരണക്കാർ മാത്രമാണ് എന്നതുകൊണ്ടാണ്. എല്ലാവരും മനുഷ്യർ എന്നൊക്കെയുള്ള പൊതുതത്വങ്ങൾ ചിലപ്പോഴെങ്കിലും  ഇവിടെ പ്രായോഗികമാകുന്നുമില്ല.

അടുത്തയിടെ നടി സുരഭിലക്ഷ്മി ഒരു രോഗിയെ ആശുപത്രിയിലെത്തിച്ചത് വാർത്തയായിരുന്നുവല്ലോ? നടിയായതുകൊണ്ടാണ് ഈ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തന്റെ സെലിബ്രിറ്റി ഇമേജ് ഇക്കാര്യത്തിൽ സുരഭിലക്ഷ്മിക്ക് സഹായകരവുമായി. സുരഭിയുടെ സ്ഥാനത്ത് ആരും അറിയാത്ത ഒരു സ്ത്രീയാണ് ആ വഴി വന്നിരുന്നതെങ്കിൽ അവർ വണ്ടി നിർത്തുമായിരുന്നോ എന്നുപോലും സംശയമുണ്ട്. അപരിചിതരായ ചിലരെ സഹായിക്കാൻ മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും സ്ത്രീയെന്നും സധാരണക്കാരിയെന്ന പരിമിതികൊണ്ട് അവർ പിൻവലിയുമായിരുന്നു.

സെലിബ്രിറ്റികൾ ഇങ്ങനെ പരസേവനപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ  അത് പൊതുസമൂഹത്തിന് നല്കുന്ന പ്രചോദനം വലുതാണ്. മാസങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയപാർട്ടി നടത്തിയ വഴിതടയൽ സമരത്തിനെതിരെ നടൻ ജോജു പ്രതികരിച്ചത് ഓർമ്മയില്ലേ.

അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയർന്നിരുന്നു.  ഈ സംഭവത്തിലെ രാഷ്ട്രീയം എന്തുതന്നെയുമായിക്കോട്ടെ പക്ഷേ ജനജീവിതം ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള  രാഷ്ട്രീയപാർട്ടികളുടെ- കൊടിയുടെ നിറം ഏതുമായിക്കോട്ടെ- ബന്ദുകൾക്കും ഹർത്താലുകൾക്കും പണിമുടക്കുകൾക്കും നേരെ പൊതുജനവികാരം ഉയരാൻ ഇത് കാരണമായി. ഒരു സാധാരണക്കാരനായിരുന്നു ജോജുവിന്റെ സ്ഥാനത്ത് എങ്കിൽ രണ്ടുകോളം വാർത്തപോലും ആകാൻ സാധ്യതയില്ലാത്ത സംഭവം പ്രധാനപ്പെട്ട വാർത്തയായി.

ഇതിനൊക്കെ മുമ്പായിരുന്നു താൻ യാത്ര ചെയ്യുന്ന റോഡിന്റെ ശോചനീയാവസ്ഥ കണ്ട് റോഡ്  നന്നാക്കാൻ നടൻ ജയസൂര്യ മുന്നിട്ടിറങ്ങിയ സംഭവം വാർത്തയായത്. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച്  ചർച്ചചെയ്യാനും പരിഹാരമാർഗ്ഗം കണ്ടെത്താനുമാണ് പ്രസ്തുതസംഭവം ഉപകരിച്ചത്.
സെലിബ്രിറ്റികൾ നീതിക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ അതിന്റെ അനുരണനം സമൂഹത്തിലുമുണ്ടാവും. സെലിബ്രിറ്റികൾ പൊതുവിഷയത്തിൽ സ്വീകരിക്കുന്ന സമീപനങ്ങൾക്കും നയങ്ങൾക്കും വലിയ സ്വാധീനശേഷിയാണുള്ളത്.

കോടിക്കണക്കിന് രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും മദ്യത്തിന്റെയും  മറ്റ് ചില ശീതളപാനീയങ്ങളുടൈയും മോഡലോ ബ്രാൻഡ് അംബാസിഡറോ ആകാൻ വിസമ്മതിച്ച  സച്ചിൻ തെണ്ടുക്കറിനെപ്പോലെയുള്ള സെലിബ്രിറ്റികളുമുണ്ട്. പണത്തെക്കാൾ കൂടുതലായി അവർ മൂല്യവത്തായ, ധാർമ്മികതയുള്ള ഒരു സമൂഹത്തെ സ്വപ്നം കാണുകയും ആ സമൂഹത്തെ വിലമതിക്കുകയും ചെയ്യുന്നു. നോട്ടുകെട്ടുകളുടെ ഭാരത്തെക്കാൾ താൻ പുലർത്തിപ്പോരുന്ന ജീവിതസമീപനവും നിലപാടുമാണ് അവർക്ക് മുഖ്യം.

സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തം കാര്യം സിന്ദാബാദ് മുഴക്കാൻ വേണ്ടി മാത്രമായി വിനിയോഗിക്കാതിരിക്കുക. സമൂഹത്തോട് അവർക്ക് പ്രതിബദ്ധതയുണ്ട്. കാരണം  അവരുടെ കഴിവുകൾക്കൊപ്പം  ഈ സമൂഹവും അവരുടെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്.

അതുകൊണ്ട് സെലിബ്രിറ്റികൾ പൊതുവിഷയങ്ങളിൽ കൂടുതൽ ഇടപെടണം. ജനനന്മ  എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങാൻ അവർ തയ്യാറാകണം. നല്ല മാതൃകകളായി അവർ മാറട്ടെ. അവരിൽ നിന്ന് സമൂഹം കൂടുതൽ പ്രതീക്ഷിക്കുന്നു.

More like this
Related

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട്...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും...

മാറുന്ന സിനിമാ ലോകം

നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക്... കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണരാഹിത്യത്തിൽ നിന്ന്...

സമയം

എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം.  പലരും...

മാർപാപ്പ മുതൽ താരങ്ങൾ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ...
error: Content is protected !!