കൊല്ലരുത്

Date:

കൊല്ലരുത്; ഇതൊരു കല്പന മാത്രമല്ല. വായിക്കാനും കേൾക്കാനും കാണാനും എഴുതാനുമൊക്കെ എനിക്ക് ഏറ്റവും വിഷമമുള്ള വാർത്തയാണ് കൊലപാതകം. എന്നിട്ടും പറയാതെ വയ്യ. അത്രത്തോളം മനസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യവുമില്ല  ജീവിതത്തിൽ. ആ വിഷമം പെട്ടെന്നൊന്നും അവസാനിക്കുകയുമില്ല. ചില സന്ദർഭങ്ങളിൽ കൊല്ലപ്പെട്ടത് നമ്മുടെ ആരുമല്ലല്ലോയെന്നും അല്ലെങ്കിൽ മരിച്ചയാളും ക്രിമിനലാണെന്നുമൊക്കെ ഓർത്ത് ചിന്തകൾ അവസാനിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, അതൊന്നും ഇന്നുവരെ വിജയിച്ചിട്ടില്ല.

ഒരു പതിനഞ്ചുകാരൻ കൊല്ലപ്പെടുകയും അവന്റെ സംസ്‌കാരത്തിന്റെ വാർത്തയും ചിത്രവും പത്രത്തിൽ വരികയും ചെയ്ത ദിവസമാണ് ഞാനിതെഴുതുന്നത്. നിങ്ങളിതു വായിക്കുമ്പോഴേക്കും ആ കൊലപാതകവാർത്ത പഴയതായിക്കഴിഞ്ഞിരിക്കും. പക്ഷേ, ഒരാൾ ഇല്ലാതായപ്പോഴുണ്ടായ വിടവ് അയാൾക്കു വേണ്ടപ്പെട്ടവരുടെ മനസിൽ ശൂന്യമായിത്തന്നെ കിടക്കും.
ഇതെഴുതാൻ പ്രേരകമായ ചിത്രങ്ങളിലൊന്ന് മകന്റെ മൃതദേഹത്തിനടുത്തുനിന്ന് അച്ഛൻ കരയുന്നതാണ്.

അയാളുടെ മുഖത്തേക്ക് ഞാനൊന്നു ശ്രദ്ധിച്ചുനോക്കി. കരയുകയാണ്. സ്വന്തം മുഖം മറ്റുള്ളവർ കാണുമ്പോൾ പരമാവധി നല്ലതായിരിക്കണമെന്ന ഉദ്ദേശത്തോടെയാണല്ലോ ആളുകൾ ഭാവങ്ങൾ വരുത്തുന്നത്. കരയുന്ന മനുഷ്യർ മാത്രം അതൊന്നും ശ്രദ്ധിക്കുകയില്ല. മറ്റുള്ളവർ കാണുമെന്ന ചിന്തയൊന്നും അത്തരക്കാർക്ക് ഉണ്ടാവില്ല. മുടി ചീകിയിട്ടില്ലെന്നും മുഖത്താകെ എണ്ണമയമാണെന്നും  ഷർട്ടിന്റെ കോളർ ഷെയ്പിലല്ലെന്നുമൊന്നും അയാൾ ചിന്തിക്കില്ല.

ഞാനീ പറയുന്ന മനുഷ്യനും അത്തരമൊരു അവസ്ഥയിലാണ്. കാരണം അയാൾ തന്റെ മകന്റെ മൃതദേഹത്തിനടുത്തുനിന്നാണ് നിലവിളിക്കുന്നത്. താനിപ്പോൾ മുതിർന്ന മനുഷ്യനാണെന്നും കുട്ടികൾപോലും കണ്ടുകൊണ്ടിരിക്കുകയാണെന്നും അയാൾ ഓർമിക്കുന്നില്ല. അയാൾക്ക് ഒരു നാണവുമില്ല. തന്റെ മകന്റെ തണുത്ത ശരീരത്തിനു മുന്നിലിരുന്ന് കുട്ടികളെപ്പോലെ വായ തുറന്നു കരയുകയാണ്. അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന സുഖങ്ങളെല്ലാം കുറച്ചു ക്രിമിനലുകൾ എടുത്തു കളഞ്ഞിരിക്കുന്നു.

അവൻ തന്നെ അച്ഛായെന്നു വിളിച്ച് ഇനിയൊരിക്കലും അരികെയെത്തില്ല. ഒന്നും ആവശ്യപ്പെടുകയില്ല. എടാ കൊച്ചേയെന്നു വിളിച്ച് അവനോടിനി ഒരു കാര്യവും പറയാനാവില്ല. അവൻ വീട്ടിലുണ്ടെന്ന ആശ്വാസത്തിൽ അയാൾക്ക് ഇനി സമാധാനത്തോടെ എങ്ങും പോകാനും വരാനുമാകില്ല. ജീവിതത്തിൽ ഒരിക്കലും അയാൾ ഇത്ര വേദനയോടെ നിലവിളിച്ചിട്ടില്ല.  അവനോടുള്ള ഇഷ്ടത്തിന്റെ, അവൻപോലും അറിഞ്ഞിട്ടില്ലാത്ത പൂർണരൂപമാണത്. ഇനി അവനെ തൊട്ടും കണ്ടും സ്‌നേഹിക്കാനാവില്ലെന്ന പിതൃവേദനയും അതിലുണ്ട്.  ഇതുവരെ പ്രകടിപ്പിക്കാത്ത വാത്സല്യമെല്ലാം അതിലുണ്ട്. അവനാകട്ടെ അതൊന്നും കാണുന്നില്ല, കേൾക്കുന്നില്ല. അവന്റെ നിർവികാരത അച്ഛന്റെ നെഞ്ചു പിളർക്കുകയാണ്. അച്ഛന്റെ മാത്രമല്ല, അമ്മയുടെ, സഹോദരങ്ങളുടെ, ബന്ധുക്കളുടെ, കൂട്ടുകാരുടെയൊക്കെ അവസ്ഥ ഇതാണ്. അവരുടെയൊക്കെ ഇനിയുള്ള ജീവിതത്തിൽ നികത്താനാവാത്ത ഒരു ശൂന്യത, ഇരുട്ടു പരത്തും. അതങ്ങനെ ഇല്ലാതാക്കാനൊന്നും പറ്റില്ല. ആ ശൂന്യതയിലൂടെ  മറ്റു പലതും മുളച്ചുപൊന്തുകയും ചെയ്യും. ദുഃഖം, നിരാശ, പക, പകരം വീട്ടാനുള്ള വാഞ്ഛ, മനുഷ്യത്വത്തിലുള്ള അവിശ്വാസം… എന്നിങ്ങനെ പലതും. അങ്ങനെ ഓരോ കൊലപാതകവും സമൂഹത്തിൽ പുതിയ കുറ്റങ്ങൾക്കും പുതിയ കൊലപാതകങ്ങൾക്കും വഴിയൊരുക്കുന്നുമുണ്ട്. പുതിയ ക്രിമിനലുകളെ സൃഷ്ടിക്കുന്നുമുണ്ട്.

വെള്ള പുതച്ചവർ
മുകളിൽ പറഞ്ഞത്, കൊലപാതകമാണെന്നല്ലാതെ രാഷ്ട്രീയമാണോ മതപരമാണോ വ്യക്തിപരമാണോ എന്നതൊന്നും പ്രശ്‌നമല്ല. അത് ആരാണെന്നതും പ്രശ്‌നമല്ല. ചിലപ്പോൾ ചോര വാർന്ന ആ മൃതദേഹത്തിന്റെ പേര് അഭിമന്യു എന്നാകാം. മറ്റൊരിക്കൽ ടി.പി. ചന്ദ്രശേഖരൻ, ജയകൃഷ്ണൻ, ഷുക്കൂർ, നിർഭയ, ഗ്രഹാം സ്‌റ്റെയിൻ, റാണി മരിയ… അങ്ങനെയങ്ങനെ….
ചുവപ്പും പച്ചയും ത്രിവർണവും വെള്ളയുമൊക്കെ പുതപ്പിച്ച് അവരെ അങ്ങനെ കിടത്തിയിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയവും ജനാധിപത്യവും സംസ്‌കാരവും ദേശഭക്തിയുമൊക്കെ എവിടെയോ ഒരു കത്തി ഒളിപ്പിച്ചുവച്ചിരിക്കുന്നു.  

സാധാരണ മരണത്തിലും ആളുകൾ ആത്മഹത്യ ചെയ്യുമ്പോഴും നമുക്ക് വിഷമമുണ്ട്. പക്ഷേ, കൊലപാതകം അതിനൊക്കെ മുകളിലാണ്. മനസിനെ ഒത്തിരി താഴേക്കാണ് അതു കൊണ്ടുപോകുന്നത്. ഏറെ നാളുകൊണ്ടും പ്രയത്‌നംകൊണ്ടും നമ്മൾ ഒപ്പിച്ചെടുത്ത സന്തോഷത്തിന്റെ തുരുത്തുകളെയെല്ലാം ഒരൊറ്റ വെട്ടിന് അതു ചോരയിൽ മുക്കിക്കളയുന്നു.

 എല്ലാ അക്രമങ്ങളുടെയും പാരമ്യതയാണ് കൊലപാതകം. കൊലപാതകം, കൂട്ടക്കൊലപാതകം, വർഗീയ കൊലപാതകം, വധശിക്ഷ, വംശഹത്യ, യുദ്ധം….എല്ലാമെല്ലാം കൊലപാതകമാണ്. അതൊന്നും ഭക്ഷണത്തിനുവേണ്ടിയല്ല, ഈഗോകൊണ്ടും നമ്മൾതന്നെ കെട്ടിപ്പടുത്ത വിജയപരാജയ സങ്കല്പങ്ങളാലുമാണ്. മൃഗങ്ങൾ സാധാരണ ചെയ്യാത്ത കാര്യമാണ് ഭക്ഷണത്തിനുവേണ്ടിയല്ലാത്ത കൊലപാതകം.
ശരിക്കും ഒരു ആവശ്യവുമില്ലാത്ത കാര്യമാണ് കൊലപാതകം. കുറ്റവാസനയുള്ളവർ പരാജയഭീതിയിൽ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന കാര്യമാണത്. ചിലർ പണത്തിനുവേണ്ടി കരാറടിസ്ഥാനത്തിലും അതു ചെയ്യാറുണ്ട്.

തുടർക്കഥ
ഓരോ കൊലപാതകവും കഴിയുമ്പോൾ ലോകം അതിനു മുമ്പുള്ളതുപോലെയല്ല. വളരെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇരകളുടെ ബന്ധുക്കളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകുന്നു എന്നതാണ് അതിൽ ഏറ്റവും അപകടകരമായ കാര്യം. അയാളുടെ അടുത്ത ആളുകളിൽ ഒരു വിഭാഗം ഒരു പക്ഷേ, ആദ്യമായി കൊലപാതകത്തെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങുകയും പകരംവീട്ടലിന്റെ ഭാഗമായി കൊലയാളിയാകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങുകയും ചെയ്യും. ഇങ്ങനെ അക്രമികളുടെയും കൊലപാതകികളുടെയും പട്ടികയിലേക്ക് കൂടുതൽ പേർ ചേരുകയാണ്.  ചുരുക്കത്തിൽ ഒരോ കൊലപാതകവും പുത്തൻ കൊലപാതക സാധ്യതകൾ ഉണ്ടാക്കുകയാണ്. പുത്തൻ ക്രിമിനലുകളെ സൃഷ്ടിക്കുകയാണ്. ലോകത്തെ കൂടുതൽ അപകടത്തിലേക്കു നയിക്കുകയാണ്.

ക്രൂരത പറയുന്നത്
കൊലപാതകത്തിന്റെ ഭീകരത അനന്തരഫലങ്ങളുടെ ഭീകരതയെയും വർധിപ്പിക്കുന്നു. ചിലർ ക്രൂരമായി കൊല്ലുന്നു. ആവശ്യത്തിലേറെ വെട്ടുവെട്ടിയും കൊല്ലുന്നതിനുമുമ്പ് ഇരയെ പീഡിപ്പിച്ചും ക്രൂരത കാട്ടിയും ഒക്കെ. ഒരാളെ രഹസ്യമായി തൂക്കിക്കൊന്നു എന്നു കേൾക്കുന്നതുപോലെയല്ല, പൊതു സ്ഥലത്ത് പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത്. മൃഗങ്ങളോടുപോലും ചെയ്യാത്ത വിധമാണ് ചില കൊലപാതകങ്ങൾ അരങ്ങേറുന്നത്.

അവർ ജയിക്കുകയല്ല, വിജയം മോഷ്ടിക്കുകയാണ്. തങ്ങൾക്ക് വ്യക്തിപരമായോ സംഘപരമായോ ഉള്ള ശക്തി പ്രകടിപ്പിക്കുകയാണ്. മറ്റുള്ളവരെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളും മതതീവ്രവാദികളും വംശീയവാദികളുമൊക്കെ ഇങ്ങനെ അർഹതയില്ലാത്ത വിജയം തട്ടിയെടുക്കാൻ ശ്രമിക്കുന്ന കാഴ്ച വർധിക്കുകയാണ്.
എന്തിനാണ് മലയാളി ഇങ്ങനെ കൊന്നുകൂട്ടുന്നതെന്ന് ആർക്കെങ്കിലും അറിയാമോ? ഉത്തരേന്ത്യയിൽ വർഗീയതയുടെയും ജാതിയതയുടെയും പേരിൽ കൊന്നൊടുക്കുമ്പോൾ നമ്മൾ അവരെ പരിഹസിക്കാറുണ്ട്. വിദ്യാഭ്യാസവും വിവരവുമില്ലാത്തവർ എന്നു പറഞ്ഞ്. വിദ്യാഭ്യാസവും വിവരവും മതേതര രാഷ്ട്രീയബോധവും ഉള്ളവരെന്നു പൊങ്ങച്ചം പറയുന്ന നമ്മൾ മലയാളികളും  സഹജീവിയെ കൊല്ലുന്നു. ഇതിൽ ഏതു കൊലപാതകമാണ് നല്ലത്?

നാം എന്തിനാണ് സ്‌കൂളിലും കോളജിലുമൊക്കെ പോയത്, എന്തിനാണ് സ്വാതന്ത്ര്യം നേടിയത്, എന്തിനാണ് മതവിശ്വാസിയായത്, എന്തിനാണ് ലോകം നന്നാക്കാൻ രാഷ്ട്രീയക്കാരനായത്…? എല്ലാം വെറുതെയായില്ലേ?

എന്തു ചെയ്യണം
എ. അയ്യപ്പന്റെ ഒരു കവിതയിൽനിന്നു കേൾക്കുക.
‘എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം
പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം
മണ്ണു മൂടുന്നതിനു മുമ്പ്
ഹൃദയത്തിൽനിന്ന് ആ പൂ പറിക്കണം
ദലങ്ങൾകൊണ്ട്  മുഖം മൂടണം…’

മനുഷ്യരാശിയുടെ ഹൃദയസ്ഥാനത്തെ പൂവുകൾ എടുത്തു മാറ്റി മണ്ണിട്ടു മൂടുന്നവരോട് കേരളം മാനിഷാദ പറയാൻ വൈകിക്കഴിഞ്ഞു. കൊല്ലപ്പെടുന്നവർ നമ്മുടെ ആരുമല്ലെന്നു കരുതി ആശ്വസിക്കരുത്. മനുഷ്യത്വമില്ലായ്മയാണത്. പറ്റുന്നിടത്തെല്ലാം ശബ്ദമുയർത്തണം.  പ്രതികാരത്തിനായി നിലവിളിക്കുന്ന കൊല്ലപ്പെട്ടവരുടെ ചോര എന്തായാലും ഭൂമിയിൽ നിന്നു മുകളിലേക്കൊഴുകുന്ന ഒരു നദിയായിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങൾ സംഘടിതമാണ്. അവർ ജനാധിപത്യത്തെയും രാജ്യതാത്പര്യത്തെയും സംരക്ഷിച്ചിരിക്കുന്നുവെന്ന് ഭാവിക്കുന്നു. നമ്മുടെ ഉറക്കം കെടുത്തുന്നു. ഒരേ സമയം ഇരയായി വിലപിക്കുകയും വേട്ടക്കാരനായി കുരയ്ക്കുകയും ചെയ്യുന്നു.
പൊതുസമൂഹം  കൊലയാളിയെയും അയാളുടെ പിന്നിലുള്ളവരെയും ഭയപ്പെടുന്നതിലുപരി വെറുക്കുകയാണെന്നും കൊലയാളിയുടെ മരണത്തിൽ മാത്രമാണ് സഹജീവികൾ സങ്കടപ്പെടാതിരിക്കുന്നതെന്നും അവരെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കിട്ടുന്ന വേദികളിലെല്ലാം മലയാളി പറയണം, കൊല്ലരുത്.

ജോസ് ആൻഡ്രുസ്

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ...

ആ പതിനഞ്ചുകാരികൾ, പിന്നെ നീതുവിന്റെ മകനും…

ആറാമതും പ്രസവിച്ചപ്പോൾ  ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ...

‘2021’-തിരഞ്ഞു നോക്കിയാൽ…

21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ,...

നൊബേൽ പുരസ്‌കാരം ഇന്ത്യയോടു പറയുന്നത്

ഗുണകരമാണെങ്കിലും അല്ലെങ്കിലും ചില ചിന്തകൾക്ക് കാരണമായിട്ടുണ്ട് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്‌കാരം....

സ്‌നേഹിക്കാം പണം കൊണ്ടും

പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത്...

അഫ്ഗാനിസ്ഥാനിൽ പെയ്യുന്ന മരണങ്ങൾ

സ്വീകരണമുറിയിലങ്ങനെ ചാരിക്കിടന്നു വെറുതെ കാണാവുന്നതായിരുന്നില്ല അഫ്ഗാനിസ്ഥാനിലെ പുതിയ കാഴ്ചകൾ. പ്രാണരക്ഷാർഥം വിമാനത്തിൽ...

ഓൺലൈൻ ഗെയിമിൽ കുടുങ്ങുന്ന യുവത്വം

കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന  ഗെയിം റീലിസ്...

സോഷ്യൽ മീഡിയ ഒരാഴ്ച അവധി

ഈ  ചലഞ്ച് മറ്റുള്ളവരോടല്ല. എന്നോടുതന്നെയാണ്. ഇതൊരു ആത്മപരിശോധനയാണ്. ധൈര്യമുണ്ടെങ്കിൽ വായനക്കാർക്കും അനുകരിക്കാം....
error: Content is protected !!