ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു കുട്ടി. പലപ്പോഴും അമ്മയും അച്ഛനും അവരുടെ ജോലിത്തിരക്കിൽ മക്കളുടെ ഈ ആവശ്യം അംഗീകരിച്ചുകൊടുക്കണം എന്ന് നിർബന്ധമില്ല. എന്നാൽ ഒരു കാര്യം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. അച്ഛനമ്മമാരുടെ ശ്രദ്ധ കൂടുതലായി തേടാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ഞുങ്ങളുടെ ഈ പ്രതികരണം. അതുപോലെ ഓഫീസിലേക്ക് അച്ഛനമ്മമാരെ ഇടയ്ക്കിടെ വിളിച്ച് എപ്പോ വരും എന്ന് തിരക്കുന്ന കുഞ്ഞുങ്ങളുമുണ്ട്. ഇവിടെയും അവർ പറയാതെ പറയുന്നത് എന്നെ പരിഗണിക്കൂ, എന്നെ ശ്രദ്ധിക്കൂ എനിക്ക് നിങ്ങളുടെ സാന്നിധ്യം കൂടുതൽ ആവശ്യമുണ്ട് എന്നാണ്.
പെട്ടെന്ന് കരയുന്ന അല്പം കൂടി മുതിർന്ന കുട്ടികളെ കണ്ടിട്ടില്ലേ ചെറിയൊരു നിരാശയോ ഇഷ്ടക്കേടുകളോ ആണ് കരച്ചിലായി അവരിൽ നിന്ന് പുറത്തുവരുന്നത്. ഇത് അവരുടെ തന്നെ മാനസികശൂന്യതയുടെ അടയാളമാണ്. കളിക്കാൻ പേരന്റ്സിനെ കൂട്ടുവിളിക്കുന്നവരാണ് ചില മക്കൾ. പേരന്റസിന്റെ സാമീപ്യവും സാന്നിധ്യവും അവർക്കേറെ ആവശ്യമുണ്ട് എന്നാണ് അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കൂട്ടുകാരോ അല്ലെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളോ ഉള്ളപ്പോഴും അമ്മയുടെയോ അച്ഛന്റെയോ കൂടെ ആയിരിക്കാനാണ് ചില കുട്ടികൾക്ക് താല്പര്യം. പേരന്റ്‌സിനോട് ചേർന്നുനില്ക്കാൻ അവരാഗ്രഹിക്കുന്നു എന്നതാണ് ഇതിന്റെ സൂചന. ഒരുകാലത്ത് നല്ലതുപോലെ ആക്ടീവ് ആയിരുന്ന കുട്ടി. പെട്ടെന്ന് അവൻ നിശ്ശബ്ദതയിലേക്ക് വലിയുന്നു. അല്ലെങ്കിൽ ദുഃഖിതനോ നിശ്ശബ്ദനോ ആയി മാറുന്നു. ഇതും പേരന്റ്സിന്റെ ശ്രദ്ധയുടെ അഭാവത്താൽ സംഭവിക്കുന്നതാണ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ചെയ്യരുതെന്ന് പറഞ്ഞിട്ടും ചില കാര്യങ്ങൾ കുട്ടികൾ ചെയ്യാറില്ലേ, ശാസനയും ശിക്ഷയും കിട്ടും എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവരത് ചെയ്യുന്നത്. അതിനു പിന്നിലും ഒരു മനശ്ശാസ്ത്രമുണ്ട്. വഴക്കിലൂടെയാണെങ്കിൽ പോലും പേരന്റ്സിന്റെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമം. ചില കുട്ടികൾ വളരെ വൈകി മാത്രം ഉറങ്ങുന്നവരാണ്. ചിലർക്ക് അച്ഛനോ അമ്മയോ ഉറക്കണം. ഇതും മാനസികമായ സുരക്ഷിതത്വം തേടുന്നതിന്റെ ഭാഗമാണ്. എല്ലാ മാതാപിതാക്കളും ഒന്നുപോലെ പരാതിപെടുന്ന കാര്യമാണ് മക്കളുടെ മൊബൈൽ- ടിവി അഡിക്ഷൻ. ഇവയിൽ അമിതമായി മുഴുകുന്നത് മാതാപിതാക്കളുടെ സാന്നിധ്യവും സാമീപ്യവും കരുതലും പരിഗണനയും വേണ്ടതുപോലെ കിട്ടാത്തതുകൊണ്ടും കുറച്ചുകിട്ടുന്നതുകൊണ്ടുമാണ്. മക്കളോടൊപ്പം സമയം ചെലവഴിക്കുകയോ കളിക്കുകയോ ചെയ്യുന്ന മാതാപിതാക്കളാണെങ്കിൽ കുട്ടികളൊരിക്കലും ഗെയിം, മൊബൈൽ എന്നിവയ്ക്ക അടിമകളായി മാറുകയില്ല.
മക്കൾക്ക് വിലകൂടിയ കളിപ്പാട്ടങ്ങളും അല്ലെങ്കിൽ അവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചുകൊടുക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുണ്ട്. എന്നാൽ അവരൊരിക്കലും മക്കളോടൊപ്പം സമയം ചെലവിടുന്നവരല്ല. മക്കളെ അണച്ചുപിടിക്കുന്നവരോ ചേർത്തുപിടിക്കുന്നവരോ ചുംബനം നല്കുന്നവരോ അല്ല. വൈകാരികമായ സുരക്ഷിതത്വം അനുഭവിക്കാതെ വളരുന്ന കുട്ടികളാണ് ചെറുപ്രായത്തിൽ തന്നെ മയക്കുമരുന്ന്, തെറ്റായ സ്നേഹബന്ധങ്ങൾ തുടങ്ങിയവയിൽ അകപ്പെട്ടുപോകുന്നത്. ചെറുപ്രായം മുതൽ തന്നെ മക്കളുടെ സ്‌നേഹവും സ്പർശവും അനുഭവിച്ചുവളരുന്ന മക്കൾക്ക് മാതാപിതാക്കളെക്കാൾ വലുതല്ല മൊബൈലും ടിവിയും. മൊബൈലും ടിവിയും അവർ ഉപയോഗിച്ചേക്കാമെങ്കിലും അതിനോട് ആസക്തിയുള്ളവരാണെങ്കിലും അവർ ഒരിക്കലും മൊബൈലിലോ ടിവിയിലോ മൂപ്പെത്താത്ത സ്നേഹബന്ധങ്ങളിലോ കുടുങ്ങിപ്പോകില്ല എന്നതു ഉറപ്പാണ്. ചെറുപ്രായത്തിൽ മാതാപിതാക്കളിൽ നിന്ന് കിട്ടാതെ വരുന്ന സ്നേഹപരിലാളനകളാണ് കൗമാരമെത്തുമ്പോൾ അവർ മറ്റുള്ളവരിൽ തേടിപോകുന്നത്. അതുകൊണ്ട് മക്കൾ എവിടെയെങ്കിലുമൊക്കെ വഴിതെറ്റിപ്പോകുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ ഒരു കാരണം ചെറുപ്രായത്തിൽ സ്നേഹമോ പരിഗണനയോ കിട്ടാതെ മക്കൾ വളരുന്നു എന്നതുതന്നെയാണ്. മക്കളെ കൈകളിലെടുക്കാൻ കഴിയുന്നത്ര പ്രായത്തിൽ അവരെ എടുക്കു, കൊഞ്ചിക്കുക. എടുക്കാൻ ആവാത്തവിധം വളർന്നുകഴിയുമ്പോൾ ആലിംഗനം ചെയ്യുകയും സ്പർശിക്കുകയും ചെയ്യുക. മാതാപിതാക്കളുടെ സ്നേഹസ്പർശത്തെക്കാൾ സുരക്ഷിതത്വം നല്കാൻ കഴിയുന്ന ഏത് അഭയസ്ഥാനമുണ്ട് നമ്മുടെ മക്കൾക്ക്? മുകളിൽപറഞ്ഞ ചില ലക്ഷണങ്ങൾ മനസിലാക്കി മക്കൾക്ക് ആവശ്യമുള്ളത് നല്കി നല്ല മാതാപിതാക്കളാകാൻ ശ്രമിക്കുക.
