അതൊരു മഞ്ഞുകാലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മഞ്ഞിലൂടെ സ്‌കീയിംങ് നടത്തുകയായിരുന്നു റാൽഫ് സാമുവൽസൺ. പെട്ടെന്നാണ് സാമുവലിന്റെ മനസ്സിലേക്ക് ഇങ്ങനെയൊരു ചിന്തകടന്നുവന്നത്. മഞ്ഞിലൂടെ സ്‌കീയിംങ് നടത്താമെങ്കിൽ എന്തുകൊണ്ട് വെള്ളത്തിലും ആയിക്കൂടാ ആ ചിന്തയും ആലോചനയും വല്ലാത്തൊരു നിമിഷമായിരുന്നു. 1922 ആയിരുന്നു പ്രസ്തുത വർഷം. അന്ന് സാമുവൽസണിനാകട്ടെ വയസ് പതിനെട്ടും.
തന്റെ മനസ്സിൽ തോന്നിയ നവീനാശയം പരീക്ഷിക്കാനും അതിൽ വിജയിക്കാനുമുള്ള ശ്രമങ്ങൾ സാമുവൽസൺ ആരംഭിക്കുകയായിരുന്നു. മിന്നെസോട്ടയിലെ തന്റെ വീടിന് സമീപത്തായിരുന്നു അദ്ദേഹം പരീക്ഷണങ്ങൾ നടത്തിയത്. എത്രയോ തവണ പരാജയപ്പെട്ട അവസരങ്ങൾ. പക്ഷേ മനസ്സ് മടുക്കാതെയും തോറ്റ് പിന്മാറാതെയും അദ്ദേഹം തന്റെ ശ്രമം നടത്തിക്കൊണ്ടിരുന്നു. വിജയിക്കും വരെ. ഒടുവിൽ അദ്ദേഹം തന്റെ പരീക്ഷണത്തിൽ വിജയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാട്ടർ സ്പോർട്സായ വാട്ടർ സ്‌കീയിംങ് പിറക്കുകയായിരുന്നു.
സാമുവൽസൺ തുടങ്ങിവച്ച ആ മഹത്തായ വിനോദത്തിന് ഈ വർഷം 100 വയസ് പൂർത്തിയായിരിക്കുന്നു. അദ്ദേഹത്തെ ആദരിച്ചുകൊണ്ട് നിരവധി പ്രോഗ്രാമുകൾ ഈ വർഷം നടക്കുകയും ചെയ്തു. എന്നാൽ മറ്റ് പല കണ്ടുപിടിത്തങ്ങൾക്കും പിന്നിലെന്നതുപോലെ ജീവിച്ചിരുന്നപ്പോൾ ഇതിന്റെ പേരിൽ സാമുവൽസണിന് അംഗീകാരങ്ങളോ ആദരവുകളോ ലഭിച്ചിരുന്നില്ല. മാത്രവുമല്ല വാട്ടർ സ്‌കീയർ എന്ന കരിയറിനും ദീർഘായുസ് ഉണ്ടായിരുന്നില്ല. ഒരു അപകടമാണ് അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിച്ചത്. തന്റെ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് എടുക്കാനോ അവകാശവാദം മുഴക്കാനോ സാമുവൽസൺ തയ്യാറായിരുന്നില്ല എന്നും എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്ന് വളരെ പോപ്പുലറായ ഒരു കായികവിനോദമായി വാട്ടർ സ്‌കീയിംങ് മാറിയിട്ടുണ്ട്. 1977ൽ കാൻസർ രോഗബാധിതനായിട്ടായിരുന്നു സാമുവൽസണിന്റെ അന്ത്യം.