സമൂഹമാധ്യമത്തിൽ കൈമാറിക്കിട്ടിയ ഒരു കഥ പറഞ്ഞു കൊണ്ട് തുടങ്ങാം.
ഒരു ഗ്രാമത്തിൽ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തിൽ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട് കുടങ്ങളിൽ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഒരു വർഷം കടന്നുപോയി. ഓട്ടക്കുടത്തിന് തന്നെക്കുറിച്ചോർത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു. അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു:
”ആർക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ…” മുത്തശ്ശി പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു…
”ഞാൻ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ…”
ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാൾ കണ്ട കാഴ്ച പൂത്തുലഞ്ഞു നിൽക്കുന്ന ചെടികളാണ്.
മുത്തശ്ശി തുടർന്നു: ”നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് ഞാൻ നടപ്പുവഴിയിൽ നിന്റെ വശത്തായി ചെടികൾ നട്ടു. ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്.”
ഇത് കേട്ടപ്പോൾ തന്റെ വില എന്തെന്ന് ഓട്ടക്കുടത്തിന് മനസ്സിലായി…
പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്ക്ക് നമ്മളും എത്തിച്ചേരാറില്ലേ?
‘എനിക്ക് സൗന്ദര്യം ഇല്ല’
‘സംസാരിക്കാൻ അറിയില്ല’
‘പൊക്കം കുറവാണ്’
‘വണ്ണം കൂടിപ്പോയി’
‘സമ്പത്ത് കുറഞ്ഞു പോയി’
‘ഞാൻ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്’
‘എന്റെ ജീവിതത്തിൽ സമാധാനം ഇല്ല’
‘ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷൻ ലഭിച്ചത്’
‘ഇഷ്ടപ്പെട്ട ജോലിയല്ല ഞാൻ ചെയ്യുന്നത്’
ഇങ്ങനെ അപകർഷതയുടെ ഒരു വലിയ ലിസ്റ്റുമായി ജീവിക്കുന്ന അനേകർ നമുക്ക് ചുറ്റിലുമുണ്ട്. എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാതെ ജീവിതത്തിന്റെ തീരത്ത് ഇതികർത്തവ്യാമൂഢരായി നിൽക്കേണ്ടി വരുന്ന ഇക്കൂട്ടരോട് നമുക്ക് പലപ്പോഴും സഹതപിക്കേണ്ടി വരുന്നു.
‘നൂറു സിംഹാസനങ്ങൾ’ എന്ന കൃതിയിൽ ജയമോഹൻ കുറിക്കുന്നു: ‘നീ പറയുന്ന കാരണങ്ങൾ മുഴുവൻ നിന്റെ അപകർഷതാ ബോധം കൊണ്ട് ഉണ്ടാക്കുന്ന ഭാവനകൾ മാത്രം. എന്താണ് ചെയ്യേണ്ടതെന്ന് നിനക്കറിയാം. നീയത് ഒരിക്കലും ചെയ്യുന്നില്ല.’
അതേ പ്രിയരേ, നമുക്ക് മുന്നിൽ ജീവിത വിജയത്തിന് കുറുക്കുവഴികൾ ഒന്നുമില്ല. സ്വയം തീർക്കുന്ന അപകർഷതയുടെ ഭാവനാ മതിലുകൾ നമുക്ക് തകർക്കാം. കർമ്മ നിരതരാകാം.
ഡോ. സെമിച്ചൻ ജോസഫ്